ദീപനാളം ജൂലൈ 7 ലക്കം മുഖലേഖനത്തില്‍ മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍ ഉന്നയിച്ച ചോദ്യം പ്രസക്തമാണ്: പൂര്‍വികരിലൂടെ ലഭിച്ച വിശ്വാസം നമ്മുടെ കരങ്ങളില്‍ ഭദ്രമാണോ? തങ്ങള്‍ക്കു ലഭിച്ച വിശ്വാസം അവികലം കാത്തുസൂക്ഷിച്ച് അടുത്ത തലമുറയ്ക്കു കൈമാറുന്നതിനു നമ്മുടെ പൂര്‍വികര്‍ നിഷ്ഠയുള്ളവരായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. ദാരിദ്ര്യവും രോഗവും നാശനഷ്ടങ്ങളും നേരിട്ടപ്പോഴും അവര്‍ തങ്ങളുടെ വിശ്വാസത്തില്‍ ഉറച്ചുനിന്നു. ത്യാഗം, അധ്വാനം, പ്രാര്‍ത്ഥന എന്നിവകൊണ്ട് അവര്‍ തങ്ങളുടെ വിശ്വാസജീവിതത്തിനു കോട്ടകെട്ടി.
പൂര്‍വികരുടെ പാതയില്‍നിന്ന് പുതിയ തലമുറ വ്യതിചലിച്ചുവെന്നാണോ? പഴയ തലമുറ അനുഭവിച്ച കഷ്ടപ്പാടുകളെ പുതിയ കാലവുമായി താരതമ്യം ചെയ്യുന്നതിലര്‍ത്ഥമില്ല. കാലം എത്രയോ മുന്നോട്ടു പോയി! യാത്രാസൗകര്യങ്ങള്‍ പതിന്മടങ്ങു വര്‍ദ്ധിച്ചു! സാങ്കേതികരംഗത്തു വിപ്ലവകരമായ ഒരു കുതിച്ചുചാട്ടംതന്നെ സംഭവിച്ചുകഴിഞ്ഞു. മുമ്പു മൈലുകള്‍ താണ്ടി ഇടവകപ്പള്ളിയില്‍ അണഞ്ഞിരുന്ന പഴയ കാരണവന്മാരുടെ സ്ഥാനത്ത് ഇന്നു കാല്‍നടയായി പള്ളിയില്‍ വരുന്നവരുടെ എണ്ണം തന്നെ തുലോം പരിമിതമായിരിക്കുന്നു. പോയ തലമുറയുടെയത്ര വിശ്വാസദാര്‍ഢ്യം ഇന്നുള്ളവര്‍ക്കില്ലായെന്നാണ് ഒരുപറച്ചില്‍. അതു ശരിയോ? ആചാരാനുഷ്ഠാനങ്ങളിലുള്ള ആഭിമുഖ്യത്തിന്റെ അളവുനോക്കിയാണ് നാം പലപ്പോഴും മറ്റുള്ളവരുടെ വിശ്വാസത്തെ വിലയിരുത്തുന്നത്. ഒരാളുടെ ഉള്ളിലെ വിശ്വാസത്തിന്റെ ആഴം ആരളക്കും?
ഇതൊന്നുമല്ല ഇപ്പോഴത്തെ വിഷയം. യേശുവിന്റെ സ്‌നേഹപ്രമാണത്തെ മറന്ന്, മതസംരക്ഷണത്തിന്റെ പേരുപറഞ്ഞ് ഒരുതരം മതമൗലികവാദത്തിന്റെ തലത്തിലേക്ക് നമ്മുടെ യുവതലമുറയെ ആരൊക്കെയോ വലിച്ചിഴയ്ക്കുന്നില്ലേയെന്നു സംശയിക്കണം. മറ്റു മതങ്ങളിലെ ചില വിഭാഗീയപ്രവണതകളുടെ പേരില്‍ ആ മതത്തെ മൊത്തത്തില്‍ കടന്നാക്രമിക്കുന്ന രീതി മനുഷ്യസ്‌നേഹികള്‍ക്ക് അംഗീകരിക്കാന്‍ കഴിയുന്ന ഒന്നല്ല. മതതീവ്രവാദം ഏതു മതത്തിലായാലും അപലപിക്കപ്പെടണം.
നിര്‍ഭാഗ്യകരമായ ഒരു സംഭവം എവിടെയെങ്കിലുമുണ്ടായെന്നിരിക്കട്ടെ. അവിടെയൊന്നും ഒരു മതസൗഹാര്‍ദത്തിന്റെ സ്വരത്തില്‍ സംസാരിക്കാന്‍ ഒരു മതാധ്യക്ഷനും ഇല്ലെന്നായിരിക്കുന്നു. എന്നു മാത്രമല്ല, സ്വന്തം സ്വാര്‍ത്ഥതാത്പര്യത്തിനുവേണ്ടി, യാതൊരു തത്ത്വദീക്ഷയുമില്ലാതെ, മറ്റു സമുദായങ്ങളെയും നേതാക്കളെയും അത്യന്തം നിന്ദ്യമായ രീതിയില്‍ ആരെങ്കിലും ആക്ഷേപിച്ചാല്‍ അങ്ങനെയുള്ളവരെ തോളിലേറ്റി ആഘോഷിക്കുന്ന രീതിയെ ഓരോ സമുദായനേതാക്കളും തിരുത്തുന്നതിനുപകരം കുറ്റകരമായ മൗനം പാലിക്കുകയാണ്. ഇനിയെങ്കിലും, മതസൗഹാര്‍ദത്തിനു പേരുകേട്ട കേരളത്തെ ഇന്നത്തെ നിലയിലെത്തിച്ചതിന്റെ ഉത്തരവാദിത്വത്തില്‍ തങ്ങള്‍ക്കും പങ്കുണ്ടോയെന്ന് ഓരോരുത്തരും ആത്മപരിശോധന നടത്തുന്നതു നന്ന്.
ജോസഫ് തോമസ് പള്ളിക്കത്തോട്