•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ചേറില്‍നിന്ന് താമര എന്നപോലെ

ചിന്തകളെ ഭരിക്കുക എന്നാല്‍ ജീവിതത്തെ ഭരിക്കുക എന്നാണ് അര്‍ത്ഥം. ശരിയായി ചിന്തിക്കുന്നവര്‍ ശരിയായി ജീവിക്കുന്നു. ഒരാള്‍ തന്റെ ചിന്താതരംഗങ്ങളെ ജാഗ്രതാപൂര്‍വ്വം ശ്രദ്ധിക്കുന്നതില്‍ പരാജയപ്പെടുകയും സ്വന്തം മനസ്സിനുമേല്‍ നിയന്ത്രണശക്തി നേടാതിരിക്കുകയും ചെയ്യുമ്പോള്‍ പുറംലോകത്തുനിന്നു വരുന്ന പ്രത്യയന ശക്തികള്‍ക്ക് ഇരയായി വീഴുന്നു. നമ്മുടെ സഹജീവിയുടെ ചിന്താലോകവും നമ്മെ സ്വാധീനിക്കുന്നു. ചിന്തകളെ നിയന്ത്രണമില്ലാതെ ചലിക്കാന്‍ അനുവദിച്ചാല്‍ അത് നമ്മുടെ അന്തഃസത്തയെ ബാധിക്കുകയും ക്രമേണ ശാരീരികവും മാനസികവുമായ രോഗങ്ങളിലേക്കു വഴുതിവീഴുവാന്‍ ഇടയാക്കുകയും ചെയ്യും. തലച്ചോറിലെ കോശങ്ങളിലാണ് സര്‍വ്വവികാരവിചാരങ്ങളുടെയും ഉണരല്‍ പ്രക്രിയ സംഭവിക്കുന്നത്. ഈ നാഡീവ്യവസ്ഥ ശരീരത്തിന്റെ ഓരോ കോശത്തിലും വ്യാപിച്ചുകിടക്കുന്ന ഒന്നാണ്. അതുകൊണ്ട് ശിരസ്സിലുണ്ടാവുന്ന എല്ലാ തരംഗങ്ങളും ശരീരമാസകലം ബാധിക്കുന്നു. നമ്മുടെ തലച്ചോറില്‍നിന്ന് ആരോഗ്യത്തിന്റെയും കരുത്തിന്റെയും സന്തോഷത്തിന്റെയും ചിന്തകള്‍ പുറപ്പെടുവിച്ചാല്‍ ശരീരത്തിലുള്ള ഓരോ കോശത്തെയും സ്വാധീനിക്കുകയും ഗുണപരമായ മാറ്റങ്ങളുണ്ടാവുകയും ചെയ്യും. ചിന്തകള്‍ക്ക് ശരീരമാസകലം വ്യാപിക്കുവാനും നമ്മെ സ്വാധീനിക്കുവാനും കഴിവുണ്ട്. എത്രമാത്രം നമ്മുടെ ചിന്തകള്‍ സാത്വികമാകുന്നുവോ അത്രമാത്രം നമ്മുടെ അന്തരാത്മാവും ശരീരവും ശുദ്ധീകരിക്കപ്പെടും. അതുവഴി ഉന്നതവും നിഷ്‌കളങ്കവും നിസ്വാര്‍ത്ഥവുമായ ചിന്തകളുടെ വലയം നമ്മില്‍ രൂപപ്പെടുകയും ചെയ്യും.
നമ്മുടെ ജീവിതത്തില്‍ യാദൃച്ഛികമായി ഒന്നും സംഭവിക്കുന്നില്ല. ജീവിതത്തിന്റെ ശരിയായ അര്‍ത്ഥം എന്തെന്നറിയണം. നമ്മുടെ ജീവിതത്തെ ഉടച്ചുവാര്‍ക്കണം. പഴയതിനെ മോടിപിടിപ്പിക്കുന്നതിലല്ല, ഉടച്ചുവാര്‍ക്കുന്നതിലൂടെ മാത്രമേ ഒരുവന് ജ്ഞാനവും കരുത്തും നേടി ജീവിതം ധന്യമാക്കാന്‍ കഴിയൂ. ചേറില്‍നിന്നു താമര വിരിയുന്നതുപോലെ നാം സാക്ഷാത്കാരത്തിന്റെ സുഗന്ധം പരത്തി ജീവിക്കുകയും ചെയ്യും. അങ്ങനെ നമ്മുടെ ജീവിതം ദൈവഹിതപ്രകാരം ധന്യമായിത്തീരും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)