നെയ്യാറ്റിന്‍കര: പ്രമുഖ ഗാന്ധിയനും സ്വാതന്ത്ര്യസമരസേനാനിയുമായ പി. ഗോപിനാഥന്‍നായര്‍ (100) അന്തരിച്ചു. ജൂലൈ 5 ന് രാത്രി 8.45 ഓടെ നെയ്യാറ്റിന്‍കര സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. നെയ്യാറ്റിന്‍കര ടിബി ജംഗ്ഷനിലെ സ്വവസതിയില്‍ മേയ് ഒമ്പതിനു കുഴഞ്ഞുവീണു തലയില്‍ പരിക്കേറ്റതിനെത്തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അടിയന്തരശസ്ത്രക്രിയയ്ക്കുശേഷം ആശുപത്രിയില്‍ത്തന്നെ തുടരുകയായിരുന്നു. റിട്ട. റീജണല്‍ വിമന്‍സ് വെല്‍ഫെയര്‍ ഓഫീസര്‍ എല്‍. സരസ്വതിയമ്മയാണു ഭാര്യ. ജൂലൈ 7 ന് നൂറുവയസ്സ് തികയാനിരിക്കെയാണു ഗോപിനാഥന്‍നായരുടെ അന്ത്യം. ജമനാ ലാല്‍ ബജാജ് പുരസ്‌കാരം ഉള്‍പ്പെടെ നിരവധി ബഹുമതികള്‍ക്ക് അര്‍ഹനായ ഗോപിനാഥന്‍നായരെ 2016 ല്‍ രാജ്യം പത്മശ്രീ നല്‍കി ആദരിച്ചു.
ഭൂദാനയജ്ഞത്തിനു നേതൃത്വം നല്‍കിയ വിനോബാഭാവെയുടെ പദയാത്രയില്‍ ഗോപിനാഥന്‍നായര്‍ പങ്കെടുത്തിട്ടുണ്ട്. മാറാട് കലാപം ശമിപ്പിക്കാനും സമാധാനം സ്ഥാപിക്കാനുമുള്ള ശ്രമങ്ങള്‍ക്കും അദ്ദേഹം നേതൃത്വം നല്‍കി.
സമരജീവിതമായിരുന്നു ഗോപിനാഥന്‍നായരുടേത്. ഗാന്ധിയന്‍ ആദര്‍ശങ്ങള്‍ പറഞ്ഞും പ്രചരിപ്പിച്ചും ജീവിച്ച അദ്ദേഹത്തിന്റെ ജീവിതം വരുംതലമുറകള്‍ക്കും പ്രചോദനമാണ്. തന്റെ ജീവിതത്തെക്കുറിച്ച് ഒരിക്കല്‍ അദ്ദേഹംതന്നെ പറഞ്ഞത് ഇങ്ങനെയാണ്. ''ജീവിതം മനുഷ്യര്‍ക്ക് ഒന്നേയുള്ളൂ. അതു നാടിനും നാട്ടുകാര്‍ക്കും ഗുണകരവും പ്രചോദനവുമായി ജീവിക്കുക എന്നതിനപ്പുറം മനുഷ്യജന്മത്തിന് എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ, അവതാരജന്മങ്ങള്‍ക്കല്ലാതെ? എന്റേത് ഒരു സാധാരണജന്മമാണ്.'' അദ്ദേഹം പറഞ്ഞതുപോലെ മരണംവരെ നാടിനും നാട്ടുകാര്‍ക്കുംവേണ്ടി പ്രവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു സാധിച്ചു.
നെയ്യാറ്റിന്‍കര മുന്‍സിഫ് കോടതി വക്കീലായിരുന്ന എം. പത്മനാഭപിള്ളയുടെയും ജാനകിയമ്മയുടെയും മകനായി 1922 ജൂലൈ ഏഴിനു നെയ്യാറ്റിന്‍കരയില്‍ ജനിച്ച പി. ഗോപിനാഥന്‍നായര്‍ ഗാന്ധിമാര്‍ഗത്തിലേക്കു ചെറുപ്പത്തില്‍ത്തന്നെ കടന്നുവന്നു. കുട്ടിയായിരുന്നപ്പോള്‍, നെയ്യാറ്റിന്‍കരയില്‍ വന്ന ഗാന്ധിജിയെ നേരില്‍ കാണുകയും ചെയ്തു. കോളജ് വിദ്യാഭ്യാസകാലത്തു സ്വാതന്ത്ര്യസമരത്തിനിറങ്ങി. ക്വിറ്റ് ഇന്ത്യാ സമരത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളജിലെ ബിരുദപഠനത്തിനുശേഷം 1946 ല്‍ അദ്ദേഹം ശാന്തിനികേതനിലെത്തി. 1947 ജനുവരി ഒന്നുമുതല്‍ അവിടെ റിസര്‍ച്ച് സ്‌കോളറായി. ചൈനയും ഇന്ത്യയും തമ്മിലുള്ള ബന്ധത്തെക്കുറിച്ചു പഠിക്കാനെത്തിയ അദ്ദേഹം സ്വാതന്ത്ര്യലബ്ധിസമയത്തെ വിഭജനത്തിന്റെ മുറിവുകള്‍ ഉണക്കാന്‍ ഗാന്ധിയന്‍ പ്രവര്‍ത്തകരോടൊപ്പം അണിചേര്‍ന്നു. സമാധാനത്തിന്റെ നല്ല സന്ദേശങ്ങളുണര്‍ത്തി ശാന്തിനികേതന്‍ ഗ്രൂപ്പ് സംഘടിപ്പിച്ചതില്‍ അദ്ദേഹവും മുഖ്യപങ്കുവഹിച്ചു.
ഗാന്ധിസ്മാരകനിധിയില്‍ പ്രവര്‍ത്തിച്ചുകൊണ്ടാണു കേരളത്തിലെ പ്രവര്‍ത്തനം ആരംഭിച്ചത്. പിന്നീട് അതിന്റെ അധ്യക്ഷസ്ഥാനത്തെത്തി. സര്‍വസേവാസംഘത്തിന്റെ കര്‍മസമിതി അംഗമായും അഖിലേന്ത്യാ പ്രസിഡന്റായും സേവനമനുഷ്ഠിച്ചു.
തലശേരി, അയോധ്യ എന്നിങ്ങനെ പല സംഘര്‍ഷബാധിതയിടങ്ങളിലും സമാധാനത്തിന്റെ സന്ദേശവാഹകനായി. നെയ്യാറ്റിന്‍കര ആസ്ഥാനമായി തുടക്കം കുറിച്ചതാണു ഗാന്ധിമിത്രമണ്ഡലം എന്ന സന്നദ്ധസംഘടന. ഗാന്ധിയന്‍ ആദര്‍ശങ്ങളിലധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഈ കൂട്ടായ്മയുടെ ആചാര്യനായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു.