സഭയ്ക്കും സമുദായത്തിനും രാഷ്ട്രത്തിനും വിലപ്പെട്ട സേവനങ്ങള്‍ അനുഷ്ഠിച്ച മഹാവ്യക്തികളെ സംഭാവന ചെയ്ത ഒരു സമൂഹമാണ് കേരള കത്തോലിക്കാസമുദായം. കുടിയേറ്റം, കായല്‍ക്കൃഷി, ആഴക്കടല്‍ മത്സ്യബന്ധനം, ബാങ്കിങ്, വിദ്യാഭ്യാസം, വ്യവസായം, സാംസ്‌കാരികം, അച്ചടി, പ്രസിദ്ധീകരണം, ദേശീയനവോത്ഥാനം തുടങ്ങിയ രംഗങ്ങളില്‍ ആദ്യസംഭാവന നല്‍കിയിട്ടുള്ളത് കത്തോലിക്കരാണ്. ആ നേതാക്കള്‍ ഓരോ ദിവസം ചെല്ലുന്തോറും വിസ്മൃതിയിലാണ്ടുപോവുകയാണ്. അവരുടെ മഹത്തായ സംഭാവനകള്‍ ഇന്നത്തെ തലമുറയെ പഠിപ്പിക്കാനോ അവരുടെ സ്മരണ നിലനിറുത്താനോ യാതൊരു നടപടിയും ആരും സ്വീകരിച്ചിട്ടില്ല. സ്വീകരിക്കാനൊട്ടു താത്പര്യവുമില്ലായെന്നതു സത്യം.
ഇന്നു നാം അനുഭവിക്കുന്ന പല നേട്ടങ്ങളും നമ്മുടെ പൂര്‍വികര്‍ ത്യാഗമനുഷ്ഠിച്ചു നേടിത്തന്നതാണ്. അതിനവര്‍ അനുഷ്ഠിക്കേണ്ടിവന്ന ക്ലേശങ്ങളെപ്പറ്റി പഠിച്ചെങ്കില്‍ മാത്രമേ നമുക്കവരില്‍ അഭിമാനം തോന്നുകയുള്ളൂ. പ്രമുഖ ചരിത്രകാരനായ ശ്രീ എം. ഒ. ജോസഫ് നെടുങ്കുന്നം 1972 ല്‍ പ്രസിദ്ധീകരിച്ച സഭാതാരങ്ങള്‍ എന്ന ഗ്രന്ഥത്തിന്റെ ആമുഖത്തില്‍ ഇങ്ങനെ എഴുതിയിരിക്കുന്നു: ''അതീതശതകങ്ങളില്‍ മഹത്തായ സേവനങ്ങള്‍ അനുഷ്ഠിച്ചിട്ടുള്ള വീരപുരുഷന്മാര്‍ മറ്റേതുവിഭാഗത്തിലുമെന്നതുപോലെ ക്രൈസ്തവസമുദായത്തിലും ഉണ്ടായിരുന്നു. അവരുടെ അപദാനങ്ങള്‍ രേഖപ്പെടുത്തിവയ്ക്കാന്‍ ആരും മുതിര്‍ന്നിട്ടില്ലെന്നേയുള്ളൂ. എല്ലാ പ്രതിബന്ധങ്ങളെയും തട്ടിനീക്കി ക്രൈസ്തവസമുദായത്തിന് അതിന്റെ വ്യക്തിത്വം നിലനിറുത്താന്‍ സാധിച്ചിട്ടുള്ളത് ഓരോ ഘട്ടത്തിലും സമുദായത്തെ നയിച്ചിരുന്ന വീരപുരുഷന്മാരുടെ വൈഭവംകൊണ്ടു മാത്രമാണെന്നുള്ളത് വിസ്മരിക്കത്തക്കതല്ല. പതിനെട്ടാം നൂറ്റാണ്ടില്‍ ത്തന്നെ പനങ്കുഴയ്ക്കല്‍ കുരൈ്യപ്പു കത്തനാര്‍, മുട്ടത്തു ചാക്കോ കത്തനാര്‍, കാഞ്ഞിരപ്പള്ളിക്കാരന്‍ കുഞ്ചാക്കോ കത്തനാര്‍, വരാരപ്പള്ളി ചാക്കോ, കൊരട്ടിക്കാരന്‍ ഇട്ടിമാണി മാപ്പിള, ആരക്കുഴക്കാരന്‍ കൊച്ചിട്ടിത്തരകന്‍ തുടങ്ങി പ്രഗല്ഭമതികളായ പല സമുദായനേതാക്കന്മാരും ജീവിച്ചിരുന്നതായി 'വര്‍ത്തമാനപ്പുസ്തകത്തില്‍' നിന്നു നമുക്കറിയാം. അവരുടെ പേരുകളല്ലാതെ, അവരെപ്പറ്റി കൂടുതല്‍ വിവരങ്ങളൊന്നും ഇന്നത്തെ തലമുറയ്ക്ക് ജ്ഞാതമല്ല. സമുദായത്തിന്റെ സുസ്ഥിതിക്കും പ്രശസ്തിക്കുംവേണ്ടി സ്വന്തം ബുദ്ധിശക്തികൊണ്ടും കര്‍മധീരതകൊണ്ടും വിശ്വാസദാര്‍ഢ്യംകൊണ്ടും നിസ്വാര്‍ത്ഥസേവനം അനുഷ്ഠിച്ചിട്ടുള്ള മഹാന്മാരെ ഇങ്ങനെ വിസ്മരിക്കുന്നത് ശരിയല്ലല്ലോ.''
കേരളസഭയിലെ 1950 സൂര്യതേജസ്സുകള്‍
കേരളസഭയില്‍ ജീവിച്ചിരുന്ന പ്രശസ്തവ്യക്തികളെങ്കിലും ഇങ്ങനെ വിസ്മരിക്കരുതെന്നു കരുതിയാണ് ദിവംഗതരായ 1950 മഹാത്മാക്കളുടെ ചരിത്രം തയ്യാറാക്കുന്നത്. എല്ലാം ത്യജിച്ചുകൊണ്ട്, മര്‍ദനവും, കാരാഗൃഹവാസവും പ്രതീക്ഷിച്ചുകൊണ്ട് സാമൂഹികപ്രവര്‍ത്തനം നടത്തിയവരായിരുന്നു നമ്മുടെ മുന്‍തലമുറക്കാര്‍. സ്വന്തം കുടുംബത്തിനുവേണ്ടി മാത്രമല്ല, സമൂഹത്തിനാകെ നന്മ കൈവരുത്താനാണ് അവര്‍ ശ്രമിച്ചത്. തദ്ഫലമായി കുടുംബത്തിനു വലിയ സാമ്പത്തികനഷ്ടം ഉണ്ടായിരിക്കും. ആ നഷ്ടവുമായി പൊരുത്തപ്പെടാന്‍ ആധുനികരാഷ്ട്രീയപ്രവര്‍ത്തനശൈലിയിലും ഉദാരവത്കരണസംസ്‌കാരത്തിലും വളര്‍ന്നുവന്നവര്‍ക്കു സാധിക്കുകയില്ല. അതുകൊണ്ട് സ്വന്തം പിതാക്കന്മാരെയോ, പൂര്‍വികരെയോ ആദരപൂര്‍വം സ്മരിക്കാന്‍ അവര്‍ക്കു കഴിയുന്നില്ല. അക്കാരണത്താല്‍ മുന്‍തലമുറയുടെ ഗുണഭോക്താക്കളായ നമ്മള്‍, നമ്മുടെ പൂര്‍വ്വികരെ പിതാക്കന്മാരായി കാണാന്‍ ബാധ്യസ്ഥരാണ്. ആ സത്യം എന്റെ മനസ്സിനെ ത്രസിപ്പിച്ചതുകൊണ്ടാണ് പുത്രനടുത്ത ഉത്തരവാദിത്വത്തോടെ ഞാന്‍ ഈ ദൗത്യം ഏറ്റെടുത്തത്.
1950 പേരുടെ ചരിത്രം നാലു വാല്യങ്ങളിലായി ഉദ്ദേശം 5000 പേജില്‍ പ്രസിദ്ധീകരിക്കുന്നതാണ്. ഈ ഗ്രന്ഥത്തില്‍ ചേര്‍ക്കാന്‍ യോഗ്യരായവരുടെ വിവരങ്ങള്‍ ജോണ്‍ കച്ചിറമറ്റം, പിഴക്, 686651, കോട്ടയം എന്ന വിലാസത്തില്‍ എഴുതി അറിയിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.