2022 മേയ് പതിനഞ്ചാംതീയതി വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട പത്തുപേരില്‍ അഞ്ചുപേര്‍ ഇറ്റലിയില്‍നിന്നുള്ളവരാണ്. രണ്ടുപേര്‍ വൈദികരും മൂന്നുപേര്‍ സന്ന്യാസിനികളും. അവരെല്ലാവരും സന്ന്യാസസഭാസ്ഥാപകരും പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ഉത്തരാര്‍ദ്ധത്തിലും ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിലുമായി ജീവിച്ചവരുമാണ്.
ഈ ലേഖനത്തില്‍ പ്രതിപാദിക്കുന്ന വിശുദ്ധ മരിയ ദി ജേസു സാന്തോ കനാലെ കോണ്‍ഗ്രിഗേഷന്‍ ഓപ്പ് ദി കപ്പൂച്ചിന്‍ സിസ്റ്റേഴ്‌സ് ഓഫ് ദി ഇമാക്കുലേറ്റ് മേരി ഓഫ് ലൂര്‍ദ് എന്ന സഭയുടെ സ്ഥാപികയാണ്.
1852 ഒക്‌ടോബര്‍ രണ്ടാംതീയതിയാണ് പലേര്‍മോ എന്ന ഇറ്റാലിയന്‍പട്ടണത്തില്‍ വി. മരിയ ദി ജേസു ജനിക്കുന്നത്. കുടുംബനാമം സാന്തോ കനാലെയെന്നും മാമ്മോദീസായില്‍ നല്കിയ പേര് കറൊളീന എന്നുമാണ്. അമ്മയില്‍നിന്നാണ് കറൊളീന വിശുദ്ധജീവിതത്തിന്റെ ആദ്യപാഠങ്ങള്‍ പഠിച്ചത്.
ഒരു സമ്പന്നകുടുംബത്തിലെ അംഗമായിരുന്ന കറോളീനായെ എല്ലാ വിഷയത്തിനും പ്രത്യേകാധ്യാപകരെ വച്ച് വീട്ടില്‍ത്തന്നെ വിദ്യാഭ്യാസം നല്കി. സംഗീതവും മറ്റു കലകളും ഫ്രഞ്ചുഭാഷയുമൊക്കെ അഭ്യസിപ്പിച്ചു.
19 വയസ്സുള്ളപ്പോള്‍ സമര്‍പ്പിതജീവിതത്തിനുള്ള ആഗ്രഹം മാതാപിതാക്കളെ അവള്‍ അറിയിച്ചു. പിതാവിന് ഇതു സമ്മതിച്ചുകൊടുക്കാന്‍ വലിയ എതിര്‍പ്പുണ്ടായിരുന്നു. അതുകൊണ്ട് ഇടവകയില്‍ ആരംഭിച്ച 'മേരീമക്കള്‍' എന്ന ഭക്തസംഘടനയില്‍ കറോളീനാ ചേരുകയും 15 വര്‍ഷത്തോളം അതിനെ നയിക്കുകയും ചെയ്തു. പലേര്‍മോയ്ക്കു സമീപത്തുതന്നെയുള്ള ഒരു സന്ന്യാസഭവനം പതിവായി സന്ദര്‍ശിക്കുകയും അവിടെയുള്ള പ്രായമായ സന്ന്യാസിനികളെ ശുശ്രൂഷിക്കുകയും ചെയ്തു. അക്കാലഘട്ടത്തില്‍ പലവിധ രോഗങ്ങള്‍ അവരെ അലട്ടിയിരുന്നു. കാലിന്റെ വേദന കാരണം പതിനാറുമാസം ശയ്യാവലംബയായിരുന്നപ്പോള്‍ എല്ലാ ക്ലേശവും ക്ഷമയോടെ സഹിച്ചു. മൗരോ വെനൂത്തി എന്ന വൈദികന്റെ ആധ്യാത്മികോപദേശങ്ങള്‍ അവര്‍ക്കു ശക്തി പകര്‍ന്നു.
മാതാപിതാക്കളുടെ അനുവാദത്തോടെ കരോളിനായുടെ പേരിലുള്ള വീട്ടില്‍ നാലു യുവതികളെയും കൂട്ടി പ്രാര്‍ത്ഥനയുടെയും പരസ്‌നേഹപ്രവൃത്തികളുടെയും ജീവിതം നയിച്ചു. ദിവ്യകാരുണ്യാരാധനയ്ക്കുള്ള സൗകര്യം മേലധികാരികളുടെ സഹായത്തോടെ ആ വീട്ടില്‍ത്തന്നെ ഒരുക്കി. രാത്രികാലത്ത് ദീര്‍ഘസമയം ആരാധനയില്‍ ചെലവഴിച്ചു. 1911 ല്‍ രൂപതാധ്യക്ഷന്റെ അനുവാദത്തോടെ ഒരു പുതിയ സന്ന്യാസസമൂഹത്തിനു തുടക്കം കുറിച്ചു.
മരിയ ദി ജേസു എന്ന പേരും സ്വീകരിച്ചു. പുതിയ അംഗങ്ങള്‍ ധാരാളമായി ഈ സന്ന്യാസിനീസമൂഹത്തില്‍ ചേരുകയും പുതിയ ശാഖകള്‍ തുടങ്ങുകയും ചെയ്തു. സഭാധികാരികളുടെ തീരുമാനങ്ങള്‍ക്ക് മദര്‍ മരിയ എപ്പോഴും വിധേയയായിരുന്നു. അവരുടെ ആരോഗ്യം ക്ഷയിക്കുകയും 1923 ജനുവരി 27-ാം തീയതി ആ ധന്യജീവിതം പര്യവസാനിക്കുകയും ചെയ്തു. വലിയ ജനാവലിയുടെ സാന്നിധ്യത്തിലാണ് അവരുടെ മൃതസംസ്‌കാരച്ചടങ്ങുകള്‍ നടന്നത്.
നാമകരണനടപടികള്‍ 1977 ലാണ് രൂപതാതലത്തില്‍ ആരംഭിച്ചത്. 2016 ജൂണ്‍ 12-ാം തീയതി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടു. ജനുവരി 27 തിരുനാള്‍ദിനമായി നിശ്ചയിക്കുകയും ചെയ്തു. തദവസരത്തില്‍, 'പാവപ്പെട്ടവരോടൊപ്പം പാവപ്പെട്ടവളാകാന്‍ ജീവിതസൗകര്യങ്ങളെല്ലാം ത്യജിക്കുകയും ദിവ്യകാരുണ്യാരാധനയില്‍നിന്നു ശക്തി പകരുകയും ചെയ്ത പുണ്യവതിയാണ് മരിയ ദി ജേസു സാന്തോ കനാലെ' എന്ന് പരിശുദ്ധപിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രസ്താവിക്കുകയുണ്ടായി.