കോട്ടയം: പൗരോഹിത്യപഠനത്തിലും പരിശീലനത്തിലും വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി ലോകോത്തര മാതൃകയാണെന്ന് സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. സെമിനാരിയുടെ ഡയമണ്ട് ജൂബിലി സമാപനവും വിദ്യാപീഠത്തിന്റെ റൂബി ജൂബിലി സമാപനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു കര്‍ദിനാള്‍. ആത്മീയവും സാമൂഹികവും ബൗദ്ധികവുമായ എല്ലാ തലങ്ങളിലും സഭയ്ക്ക് ഉത്തേജനം നല്‍കാന്‍ സെമിനാരിക്കു കഴിഞ്ഞിട്ടുണ്ട്. വൈദികര്‍ക്കു മാത്രമല്ല അല്മായര്‍ക്കും വിവിധ സന്ന്യസ്തസമൂഹങ്ങള്‍ക്കും ദൈവശാസ്ത്രപരമായ പഠനത്തിന് ഈ സ്ഥാപനം പ്രാമൂഖ്യം നല്‍കിവരുന്നു. സഭയുടെ പ്രേഷിതാഭിമുഖ്യം വര്‍ദ്ധിപ്പിക്കുന്നതിനും സ്വത്വബോധം ഉജ്ജ്വലിപ്പിക്കുന്നതിനും വിദ്യാപീഠം വലിയ സംഭാവനകള്‍ നല്കിയതായി കര്‍ദിനാള്‍ പറഞ്ഞു.
ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം അധ്യക്ഷത വഹിച്ചു. സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മലങ്കര ഓര്‍ത്തഡോക്‌സ് സഭ കാതോലിക്ക ബസേലിയോസ് മാര്‍ത്തോമാ മാത്യൂസ് തൃതിയന്‍ ബാവ, കേരള ലാറ്റിന്‍ കാത്തലിക് ബിഷപ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ഡോ. ജോസഫ് കരിയില്‍ എന്നിവര്‍ അനുഗ്രഹപ്രഭാഷണം നടത്തി. തലശേരി സെന്റ് ജോസഫ്‌സ് സെമിനാരി റെക്ടര്‍ റവ. ഡോ. ജോര്‍ജ് കരോട്ട്, വൈദിക വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കളുടെ പ്രതിനിധി മോളി ജോര്‍ജ് പുത്തന്‍പുരയ്ക്കല്‍ എന്നിവര്‍ പ്രസംഗിച്ചു. സെമിനാരി റെക്ടര്‍ റവ. ഡോ. സിറിയക് കന്യാകോണില്‍ സ്വാഗതവും പൗരസ്ത്യവിദ്യാപീഠം പ്രസിഡന്റ് റവ. ഡോ. ആന്‍ഡ്രൂസ് മേക്കാട്ടുകുന്നേല്‍ കൃതജ്ഞതയും അര്‍പ്പിച്ചു.
സമ്മേളനത്തിനു മുന്നോടിയായി സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിച്ചു. ആര്‍ച്ചുബിഷപ് തോമസ് മാര്‍ കൂറിലോസ്, വിജയപുരം ബിഷപ് ഡോ. സെബാസ്റ്റ്യന്‍ തെക്കെത്തെച്ചേരില്‍ എന്നിവര്‍ സഹകാര്‍മികരായിരുന്നു. മാര്‍ ജോസഫ് കല്ലറങ്ങാട്ട് വചനസന്ദേശം നല്‍കി. ആര്‍ച്ചുബിഷപ് മാര്‍ ആന്റണി കരിയില്‍, ബിഷപ്പുമാരായ മാര്‍ ജോസ് പുളിക്കല്‍, മാര്‍ സെബാസ്റ്റ്യന്‍ വാണിയപ്പുരയ്ക്കല്‍, മാര്‍ തോമസ് തറയില്‍, ഗീവര്‍ഗീസ് മാര്‍ അപ്രേം, സെമിനാരി മുന്‍ റെക്ടര്‍മാര്‍, സെമിനാരിയില്‍നിന്നു പഠിച്ചിറങ്ങിയ വിവിധ രൂപതകളിലെ വൈദികര്‍, വിവിധ സന്ന്യാസസമൂഹപ്രതിനിധികള്‍ എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുത്തു.
ജൂബിലി ആഘോഷിക്കുന്ന സെമിനാരിയിലും വിദ്യാപീഠത്തിലുമായി 2072 വൈദികര്‍ ഇതിനോടകം പരിശീലനം പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇവരില്‍ 26 പേര്‍ മെത്രാന്മാരായി.