•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നിങ്ങളാണ് എന്റെ കൈകള്‍

ലോകജനതയെ കഠിനമായി ദുഃഖിപ്പിക്കുകയും വിഷമിപ്പിക്കുകയും ചെയ്ത ഒരു ദുരന്തമോ ദുരനുഭവമോ  ആയിരുന്നു രണ്ടാം ലോകമഹായുദ്ധം. 1939 മുതല്‍ 1945 വരെ നീണ്ടുനിന്ന യുദ്ധം. അത് അവസാനിച്ചത് അമേരിക്കയുടെ മാരകശക്തിയുള്ള ആദ്യത്തെ അണുബോംബ് 1945 ഓഗസ്റ്റ് ആറിന് ജപ്പാനിലെ ഹിരോഷിമയിലും ഓഗസ്റ്റ് ഒമ്പതിന് നാഗസാക്കിയിലും വര്‍ഷിച്ചപ്പോഴാണ്.
ആറുവര്‍ഷം നീണ്ടുനിന്ന ആ യുദ്ധത്തില്‍ എല്ലാ രാജ്യങ്ങളിലുംകൂടി ആകെ മരിച്ച സൈനികര്‍ തൊണ്ണൂറ്റാറു ലക്ഷം. മരിച്ച സാധാരണ പൗരന്മാര്‍ രണ്ടു കോടി.  പട്ടിണി, ദാരിദ്ര്യം, രോഗം, ക്ഷാമം, പകര്‍ച്ചവ്യാധി, അണുപ്രസരം - ഇങ്ങനെ ആകെക്കൂടി ലോകമഹായുദ്ധം ഈ ഭൂമുഖത്തുനിന്നു തുടച്ചുനീക്കിയത് ആറുകോടി മനുഷ്യരെ.
ഒരു സംഭവം ഓര്‍ക്കുന്നു. വിദേശത്തുള്ള ഒരു കത്തീഡ്രല്‍. അതിന്റെ തിരുമുറ്റത്ത് ഇരുകരങ്ങളും നീട്ടി ലോകത്തെ മുഴുവന്‍ അനുഗ്രഹിക്കുന്ന ക്രിസ്തുവിന്റെ ഒരു വലിയ പ്രതിമ. ശത്രുസൈന്യത്തിന്റെ ബോംബാക്രമണത്തില്‍ കത്തീഡ്രല്‍ അമ്പേ തകര്‍ന്നു. പക്ഷേ, ദൈവാലയാങ്കണത്തിലെ പ്രതിമ തകര്‍ന്നില്ല. എങ്കിലും 'ക്രിസ്തുവിന്' പരിക്കേറ്റു. ബോംബുസ്‌ഫോടനത്തില്‍ പ്രതിമയുടെ രണ്ടു കൈകളും അറ്റുപോയി. ഇന്നലെവരെ ലോകത്തെ അനുഗ്രഹിച്ചുനിന്ന പ്രതിമ കൈയില്ലാത്ത പ്രതിമയായി. ദൈവാലയം തകര്‍ന്നതില്‍ വിശ്വാസികള്‍ അതീവ ദുഃഖിതരാണെങ്കിലും മുറ്റത്തെ പ്രതിമയുടെ  സ്ഥിതി കണ്ട് അവര്‍ക്ക് അല്പമെങ്കിലും ആശ്വാസം തോന്നി.
വേര്‍പെട്ട  കൈകള്‍ തെറിച്ചുപോയത് എവിടെയെന്നു കണ്ടുപിടിക്കാനും കണ്ടുകിട്ടിയാല്‍ കൂട്ടിച്ചേര്‍ത്തു പ്രതിമയെ പൂര്‍വസ്ഥിതിയിലേക്കു കൊണ്ടുവരാനും വിശ്വാസികളും അധികാരികളും ഏതാനും പട്ടാളക്കാരും തീവ്രമായ ശ്രമങ്ങള്‍ നടത്തിയെങ്കിലും തെറിച്ചുപോയ കൈകള്‍ കണ്ടുകിട്ടിയില്ല. അവ കഷണങ്ങളായി നുറുങ്ങിപ്പോയോ പൊടിഞ്ഞു ധൂളിയായിത്തീര്‍ന്നോ എന്നറിയില്ല. ശരിയായ അളവിലും ഭംഗിയിലും പുതിയ രണ്ടു കൈകള്‍ നിര്‍മിച്ച് പ്രതിമയില്‍ കൂട്ടിച്ചേര്‍ക്കാന്‍ ആലോചനകള്‍ നടന്നു.
യുദ്ധഭീകരതയില്‍ നശിച്ചുപോകാത്ത, കൈയില്ലാത്ത ആ പ്രതിമ കാണാന്‍ മാത്രമായി ഇതിനകം രാജ്യത്തിന്റെ പല ഭാഗങ്ങളില്‍നിന്നും വിശ്വാസികളെത്തി. ആഴ്ചകളും മാസങ്ങളും കഴിഞ്ഞപ്പോഴേക്കും അദ്ഭുതപ്രതിമ ദര്‍ശിക്കാനും വണങ്ങാനും ലോകത്തിന്റെ നാനാഭാഗത്തുനിന്നും തീര്‍ത്ഥാടകരും വിനോദസഞ്ചാരികളും എത്തിത്തുടങ്ങി. ചുരുങ്ങിയ മാസങ്ങള്‍കൊണ്ട് അവിടം ഒരു തീര്‍ത്ഥാടനകേന്ദ്രമായി മാറി. 
ഒരിക്കല്‍ പ്രതിമ കാണാനെത്തിയ തീര്‍ത്ഥാടകസംഘത്തിലെ ഒരു യുവാവ് - ഭാവനാസമ്പന്നനും വിവേകമതിയുമായ ഒരു ചെറുപ്പക്കാരന്‍ - കുറെനേരം ആ പ്രതിമയെ ധ്യാനനിരതനായി നോക്കിനിന്നശേഷം പ്രതിമയ്ക്കുതാഴെ ഇങ്ങനെ എഴുതി: 'ഥീൗ മൃല ാ്യ വമിറ'െ ക്രിസ്തു ലോകത്തോടു നേരിട്ടു പറയുന്നതുപോലെ, ''നിങ്ങളാണ് എന്റെ കൈകള്‍.'' എത്ര അര്‍ത്ഥവത്തായ വാക്കുകള്‍! എത്ര പ്രചോദനാത്മകമായ പദങ്ങള്‍!
ആ യുവാവ് കുറിച്ചിട്ടത് എത്രയോ ശരി. വേദനിക്കുന്നവരുടെയും ദുഃഖിതരുടെയും കണ്ണുനീരൊപ്പാന്‍, അവശരായ രോഗികളെ താങ്ങാനും തഴുകാനും പരിചരിക്കാനും ഇന്നു ക്രിസ്തുവിനു നമ്മുടെ കൈകള്‍ വേണം. അഗതികള്‍ക്കും സാധുക്കള്‍ക്കും ഉദാരമായി സഹായം വച്ചുനീട്ടാന്‍ ക്രിസ്തുവിനു നമ്മുടെ കരങ്ങള്‍ വേണം.
നന്മ ചെയ്ത് ഓടി നടക്കാനും സേവനവും സഹായവും ആവശ്യമുള്ള ഇടങ്ങളിലേക്കു കുതിച്ചെത്താനും ക്രിസ്തുവിന് ഇന്ന് നമ്മുടെ കാലുകള്‍ വേണം. വേദനകള്‍ ഉള്ളടക്കിക്കഴിയുന്ന മനുഷ്യനെ അനുകമ്പയോടെ, കരുണയോടെ നോക്കാന്‍ ക്രിസ്തുവിന് നമ്മുടെ കണ്ണുകള്‍ വേണം. അശരണര്‍ക്കും ഹതഭാഗ്യരായ സഹോദരങ്ങള്‍ക്കും ആശ്വാസവചനങ്ങള്‍ പകരാനും അവരെ സാന്ത്വനപ്പെടുത്താനും ക്രിസ്തുവിന് ഇന്ന് നമ്മുടെ നാവുകള്‍ വേണം.
ചുരുക്കത്തില്‍, ആധുനികലോകത്ത് നമ്മുടെ കൈകളാണ് ക്രിസ്തുവിന്റെ കൈകള്‍. നമ്മുടെ കൈകളും അവയവങ്ങളും ഔദാര്യമുള്ള മനസ്സോടെ ശരിയായി പ്രവര്‍ത്തിക്കുന്നില്ലെങ്കില്‍ ക്രിസ്തുവിന് ഒന്നും ചെയ്യാന്‍ സാധിക്കയില്ല.   

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)