2022 മേയ് 15-ാം തീയതി വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട മരിയ ദൊമിനിക്ക മന്തോവാനി (1862 - 1934)യെക്കുറിച്ച്
തിരുക്കുടുംബത്തിന്റെ കൊച്ചുസഹോദരിമാര്‍ എന്ന സന്ന്യാസസമൂഹത്തിന്റെ സഹസ്ഥാപികയായിട്ടാണ് മരിയ ദൊമിനിക്ക മന്തൊവാനി ഓര്‍മിക്കപ്പെടുന്നത്. വാഴ്ത്തപ്പെട്ട യൂസേപ്പേ നാഷിംബേനി എന്ന അവരുടെ ഇടവകവികാരിയാണ് പാവപ്പെട്ടവരെയും അനാഥരെയും ശുശ്രൂഷിക്കാനുള്ള മരിയയുടെ ആഗ്രഹത്തിനു പ്രോത്സാഹനം നല്കിയതും ഒരു സന്ന്യാസസമൂഹം ആരംഭിക്കാന്‍ എല്ലാ സഹായസഹകരണങ്ങളും ചെയ്തതും. അദ്ദേഹം 1988 ഏപ്രില്‍ 17 നു വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെട്ടു.
മരിയ ദൊമിനിക്ക മന്തോവാനി വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിക്കപ്പെട്ടത് 2003 ഏപ്രില്‍ 27-ാം തീയതി വത്തിക്കാനില്‍ വച്ചാണ്.
അര്‍ജന്റീനായിലെ ബാഹിയ ബ്ലാങ്കാ എന്ന പട്ടണത്തില്‍ നടന്ന ഒരദ്ഭുതമാണ് വിശുദ്ധപദവി പ്രഖ്യാപനത്തിനായി അംഗീകരിച്ചത്.
വി. മരിയ ദൊമിനിക്ക ജനിച്ചത് 1862 നവംബര്‍ 12-ാം തീയതി ഇറ്റലിയില്‍ വെറോണായ്ക്കു സമീപം കസ്തലേത്തോ ദിബ്രന്‍സ്സോണെ എന്ന സ്ഥലത്താണ്. പ്രാഥമികവിദ്യാഭ്യാസത്തിനുശേഷം തുടര്‍പഠനം നടത്താന്‍ വീട്ടിലെ സാമ്പത്തികസ്ഥിതി അനുവദിച്ചില്ല. പ്രാര്‍ത്ഥനയിലും ദൈവികകാര്യങ്ങളിലും വലിയ താത്പര്യം പുലര്‍ത്തിയിരുന്ന മരിയ ദൊമിനിക്ക വിശ്വാസപരിശീലനക്ലാസുകളില്‍ കൃത്യമായി പങ്കെടുത്തിരുന്നു. പിന്നീട്, കുഞ്ഞുങ്ങളുടെ മതബോധനം, രോഗീശുശ്രൂഷ തുടങ്ങിയ കാര്യങ്ങളില്‍ വ്യാപൃതനായി.
അമലോദ്ഭവമാതാവിന്റെ വലിയ ഭക്തയായിരുന്ന മരിയ ദൊമിനിക്ക 1886 ഡിസംബര്‍ 8-ാം തീയതി ബഹുമാനപ്പെട്ട വികാരി ഫാ. യൂസേപ്പേ നാഷിംബേനേയുടെ പക്കല്‍, ജീവിതകാലം മുഴുവന്‍ കന്യാത്വം പാലിച്ചുകൊള്ളാമെന്നു വ്രതമെടുത്തു.
1892 ല്‍ തിരുക്കുടുംബത്തിന്റെ കൊച്ചുസഹോദരിമാര്‍ എന്ന സന്ന്യാസസമൂഹം സ്ഥാപിച്ചു. അതിനെല്ലാം ഉപദേശവും സഹകരണവും നല്കിയത് ഫാ. യൂസേപ്പേ നാഷിംബേനെയായിരുന്നു. വിനയത്തിലും ആഴമായ ദൈവഭക്തിയിലും ജീവിക്കുകയും സന്ന്യാസിനികള്‍ക്കു തദനുസരണം ജീവിക്കാന്‍ മാതൃകയാവുകയും ചെയ്തു.
അവര്‍ മരിക്കുന്നതിനുമുമ്പ് സന്ന്യാസസഭയുടെ നിയമാവലി അംഗീകരിച്ചു കിട്ടുകയും 150 ഭവനങ്ങളിലായി 1200 അംഗങ്ങളുള്ള സന്ന്യാസസമൂഹമായി വളര്‍ച്ച പ്രാപിക്കുകയും ചെയ്തു. 1934 ഫെബ്രുവരി രണ്ടാം തീയതിയാണ് മരിയ ദൊമിനിക്ക ദൈവസന്നിധിയിലേക്കു യാത്രയായത്.
ഫെബ്രുവരി രണ്ടുതന്നെയാണ് അവരുടെ തിരുനാള്‍ദിനമായി തിരുസ്സഭ ആചരിക്കുന്നത്.