ദിവസേനയെന്നോണം ആത്മഹത്യാവാര്‍ത്തകള്‍ പെരുകിവരുന്നു. കൊച്ചുകുട്ടികള്‍മുതല്‍ വൃദ്ധന്മാര്‍ വരെയുണ്ടതില്‍. എന്താണിതിനു കാരണം?
ഏതു പ്രായക്കാര്‍ക്കും ആത്മവിശ്വാസം കുറഞ്ഞുവരികയാണ്. കുട്ടികളെ ആത്മവിശ്വാസമുള്ളവരായി വളര്‍ത്തണം. ക്ലാസില്‍ ഒന്നാംസ്ഥാനം ലഭിക്കണമെന്നാണ് കുട്ടികളെ സ്‌കൂളില്‍ ചേര്‍ക്കുമ്പോള്‍ത്തന്നെ മാതാപിതാക്കളുടെ ഉപദേശം. കഴിവുകളും കഴിവുകേടുകളും മനസ്സിലാക്കാതെ ഒന്നാംസ്ഥാനത്തിനുവേണ്ടിയുള്ള ഓട്ടത്തില്‍ ചില കുഞ്ഞുങ്ങള്‍ നിരാശയിലേക്കു കൂപ്പുകുത്തുന്നു. ചെറുപ്പത്തില്‍ത്തന്നെ ഇങ്ങനെയുള്ള ആവേശങ്ങള്‍ കുഞ്ഞുങ്ങളില്‍ കുത്തിനിറയ്ക്കരുത്. നമ്മുടെ അവസരങ്ങള്‍ മാറ്റിവയ്ക്കാനും പഠിക്കണം. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് മൂന്നാംതവണ പാസ്സായ ഒരു വ്യക്തിയെ എനിക്കറിയാം. അദ്ദേഹം പിന്നീട് ജില്ലാ കളക്ടറായി.
ദൈവം തന്റെ പദ്ധതിക്കനുസരിച്ചാണ് ഓരോരുത്തരെയും രൂപപ്പെടുത്തുന്നത്. ആ രൂപപ്പെടുത്തലിനോടു യോജിച്ചുമുന്നോട്ടുപോകണം. വളരെ നല്ല രീതിയില്‍ ജീവിച്ചുകൊണ്ടിരുന്ന ഒരു കുടുംബം കടക്കെണിയില്‍പ്പെട്ടു. കുടുംബാംഗങ്ങളെല്ലാം ഒന്നിച്ചു വിഷംകഴിച്ചു മരിച്ചു. സമൂഹത്തിന് ഒന്നും ചെയ്യാനില്ല. ജീവന്‍ വിലപ്പെട്ടതാണെന്ന ചിന്ത ഓരോ വ്യക്തിയിലും ഉണ്ടാകണം. ചില കര്‍ഷകരെങ്കിലും കടബാധ്യതകൊണ്ട് ജീവന്‍ നഷ്ടപ്പെടുത്തിയെന്നു വായിക്കാറുണ്ട്. കൃഷി നശിച്ചാല്‍ കടം ഉണ്ടാകും. അടുത്ത കൃഷി ചെയ്തുനോക്കാതെ ജീവന്‍ കളഞ്ഞിട്ട് എന്തുനേടാനാണ്?
കുറ്റം ചെയ്താല്‍ ശിക്ഷിക്കപ്പെടണം. ശിക്ഷയില്‍നിന്നു രക്ഷപ്പെടാന്‍ ജീവന്‍ കളഞ്ഞിട്ട് എന്തു കാര്യം? വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കുമെല്ലാം ബുദ്ധിമുട്ടുണ്ടാക്കുന്നതു മിച്ചം. കാലം കഴിയുമ്പോള്‍ എല്ലാവരും മറക്കും. ജീവന്‍ തിരിച്ചുപിടിക്കാന്‍ കഴിയുമോ?
ചെറുപ്പകാലത്തു പഠിച്ച ശീലങ്ങളാണ് ഓരോരുത്തരെയും രൂപപ്പെടുത്തുന്നത്. ആയതിനാല്‍ നല്ല ഉപദേശങ്ങള്‍ നല്‍കിയും ശിക്ഷിച്ചുമെല്ലാം കുട്ടികളെ വളര്‍ത്തണം. ഉന്നതസ്ഥാനത്തേക്കു മാത്രം ലക്ഷ്യം വയ്ക്കരുത്. പരാജയപ്പെടാനും പഠിപ്പിക്കണം. പരീക്ഷയില്‍ പരാജയപ്പെട്ടാലും കടത്തില്‍ മുങ്ങിയാലും പ്രണയബന്ധം പിരിഞ്ഞാലും ജീവിതം മുന്നോട്ടു കൊണ്ടുപോകണം. വീണ്ടും പുതിയപുതിയ രീതികളും പരിഷ്‌കാരങ്ങളും നല്ല മനുഷ്യരും ഇവിടെ ഉണ്ടായിക്കൊണ്ടിരിക്കും. ദൈവവിശ്വാസത്തില്‍ വളര്‍ത്താനും വളരാനും ശ്രമിക്കണം. മാനസികമായി എന്തെങ്കിലും രോഗമുണെ്ടങ്കില്‍ മരുന്നു കഴിക്കാനും മടിക്കരുത്. അമ്മയുടെ ഉദരത്തില്‍വച്ച് എത്രയോ ജീവിതങ്ങള്‍ നഷ്ടമാകുന്നു. ഭൂമിയില്‍ ഈശ്വരന്‍ വിളിക്കുന്നതുവരെ ദുഃഖത്തിലും സുഖത്തിലും ജീവിക്കാന്‍ നാം പഠിക്കണം. പരാജയങ്ങളെല്ലാം വിജയത്തിന്റെ ചവിട്ടുപടികളാണ്, മറക്കരുത്.