•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കണ്ണീര്‍ തോരാതെ ക്രൈസ്തവര്‍ കണ്ണില്‍ ചോരയില്ലാതെ പീഡകര്‍

ലോകമെമ്പാടുമുള്ള ക്രൈസ്തവപീഡനം ഈ കാലഘട്ടത്തിലെ ഏറ്റവും വലിയ മനുഷ്യാവകാശപ്രശ്‌നങ്ങളിലൊന്നാണ്.  ഇപ്പോള്‍ ക്രൈസ്തവപീഡനം ഏറ്റവും ക്രൂരമായി അരങ്ങേറുന്നത് നൈജീരിയയിലാണ്. ലോകത്തു കൊല്ലപ്പെടുന്നതില്‍ 80 ശതമാനം ക്രൈസ്തവരും നൈജീരിയയിലാണ്. വേള്‍ഡ് വാച്ച് ലിസ്റ്റിന്റെ കണക്കുപ്രകാരം 2021 ല്‍ 4650 നു മുകളില്‍ ക്രൈസ്തവര്‍ നൈജീരിയയില്‍ കൊല്ലപ്പെട്ടിട്ടുണ്ട്. 2022 ലെ ആദ്യ നാലുമാസങ്ങളില്‍ 1215 പേരും.

ഇന്ത്യയിലെ ക്രൈസ്തവരുടെ അവസ്ഥ
ഇന്ത്യയിലെ ക്രിസ്ത്യാനികള്‍ക്ക് 2021 ഏറ്റവും മോശം വര്‍ഷമായിരുന്നുവെന്ന് ഡാറ്റകള്‍ കാണിക്കുന്നു. ന്യൂനപക്ഷസമുദായത്തിനും അതിന്റെ സ്ഥാപനങ്ങള്‍ക്കും നേരേയുള്ള ആക്രമണങ്ങളുടെ 486 സംഭവങ്ങള്‍ കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. ഏഷ്യയിലെ ഓരോ അഞ്ചു ക്രിസ്ത്യാനികളില്‍ രണ്ടുപേരെങ്കിലും കഠിനമായ പീഡനം ഏറ്റുവാങ്ങുന്നുവെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജയ്പ്പൂരില്‍നിന്നു പുറത്തിറക്കിയ മറ്റൊരു പഠനം വെളിപ്പെടുത്തുന്നത് കഴിഞ്ഞ ഒന്നരവര്‍ഷത്തിനിടെ ഇന്ത്യയില്‍ ക്രിസ്ത്യാനികള്‍ക്കെതിരേ 300 ആക്രമണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് എന്നാണ്.
ക്രിസ്തുമതവിശ്വാസികള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കും നേരേയുള്ള ആക്രമണങ്ങളില്‍ പലതും വലിയ തോതില്‍ ആക്രമിക്കപ്പെടുകയാണ്. ചിലത് മുഖ്യധാരാമാധ്യമങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നില്ല. ആരാധനാലയങ്ങള്‍ക്കു തീയിടല്‍, ശാരീരിക, ലൈംഗികാതിക്രമങ്ങള്‍, കൊലപാതകം, ക്രിസ്ത്യന്‍ സ്‌കൂളുകള്‍, കോളജുകള്‍, സെമിത്തേരികള്‍ എന്നിവ നശിപ്പിക്കുക, ക്രൈസ്തവ പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോകുക, പ്രാര്‍ത്ഥന തടയുക, സമൂഹമാധ്യമങ്ങളില്‍ക്കൂടി അവഹേളിക്കുക തുടങ്ങി വിവിധ രീതിയിലുള്ള ആ്രകമണങ്ങള്‍ കൂടിവരികയാണ്. മനഃപൂര്‍വം ക്രൈസ്തവര്‍ക്കെതിരേ പൊതുവികാരം സൃഷ്ടിക്കുന്നതില്‍ ചില തീവ്രവാദസംഘടനകളും കൂട്ടായ്മകളും നടത്തുന്ന ശ്രമങ്ങള്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകള്‍ തിരിച്ചറിയണം.
കോടതി വെറുതെ വിട്ടാല്‍പോലും ക്രൈസ്തവരെ മാത്രം വിടാതെ തുടര്‍ച്ചയായി പിന്തുടര്‍ന്ന് അവഹേളിക്കുന്നത് ചിലര്‍ ഒരു ഫാഷനാക്കിയിരിക്കുകയാണ്. ക്രിസ്തുവിനെയും ക്രൈസ്തവവിശ്വാസപ്രമാണങ്ങളെയും അവഹേളിച്ചു സംസാരിക്കുകയും പൗരോഹിത്യ - സന്ന്യസ്തജീവിതങ്ങളെ  അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്ന വ്യക്തികള്‍ക്കോ പ്രസ്ഥാനങ്ങള്‍ക്കോ നവമാധ്യമങ്ങള്‍ക്കോ സിനിമകള്‍ക്കോ യൂട്യൂബുകള്‍ക്കോ എതിരേ എന്തുകൊണ്ടു നടപടികള്‍ സ്വീകരിക്കുന്നില്ല?
അന്താരാഷ്ട്ര എന്‍.ജി.ഒ. ഓപ്പണ്‍ ഡോര്‍സ്
പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികള്‍ക്കുവേണ്ടി വാദിക്കുന്ന പ്രശസ്ത അന്താരാഷ്ട്ര എന്‍.ജി.ഒ. ആയ ഓപ്പണ്‍ ഡോര്‍സ് അവരുടെ വാര്‍ഷിക വേള്‍ഡ് വാച്ച് ലിസ്റ്റ് 2022 ജനുവരി 19 ന് പുറത്തിറക്കി. ക്രിസ്ത്യാനികള്‍ ഏറ്റവും കഠിനമായ പീഡനങ്ങള്‍ നേരിടുന്ന 50 രാജ്യങ്ങളെ വേള്‍ഡ് വാച്ച് ലിസ്റ്റ് വിലയിരുത്തുന്നു. പുതുതായി പ്രസിദ്ധീകരിച്ച ഡാറ്റ ലോകമെമ്പാടുമുള്ള ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ അവസ്ഥയില്‍ കാര്യമായ മാറ്റങ്ങള്‍ വെളിപ്പെടുത്തുന്നു. കൊവിഡ് പ്രതിസന്ധി ക്രൈസ്തവരെ ദുര്‍ബലപ്പെടുത്താനുള്ള മറയായി ഉപയോഗിച്ചിട്ടുണ്ട്. വേള്‍ഡ് വാച്ച് ലിസ്റ്റില്‍ ഒന്നാംസ്ഥാനത്തുള്ള അഫ്ഗാനിസ്ഥാനില്‍ 2021 ഓഗസ്റ്റില്‍ താലിബാന്‍ ഏറ്റെടുത്തതിനെത്തുടര്‍ന്ന്, ക്രിസ്ത്യന്‍ ജനസംഖ്യയില്‍ ഭൂരിഭാഗവും പലായനം ചെയ്തു. അവശേഷിക്കുന്നവര്‍ ഒളിവിലാണ്.
പട്ടികയില്‍ 20 വര്‍ഷത്തിനുശേഷം രണ്ടാംസ്ഥാനത്തേക്കു വീണെങ്കിലും, ഉത്തരകൊറിയയിലെ ക്രൈസ്തവപീഡനം ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമ്പൂര്‍ണമായി തുടരുന്നു. 2022 ലെ വേള്‍ഡ് വാച്ച് ലിസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത് ക്രൈസ്തവപീഡനം രാജ്യത്തു രേഖപ്പെടുത്തിയ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയിരിക്കുന്നു എന്നാണ്. വലിയ തോതില്‍ ക്രൈസ്തവപീഡനം നടക്കുന്ന സൊമാലിയ മൂന്നാംസ്ഥാനത്താണ്. 16 ദശലക്ഷത്തിലധികമുള്ള ജനസംഖ്യയുള്ള സൊമാലിയയില്‍ ഏതാനും ആയിരത്തില്‍ താഴെ ക്രിസ്ത്യാനികള്‍ മാത്രമേയുള്ളൂവെന്ന് 2022 ലെ പഠനങ്ങളില്‍ കണക്കാക്കപ്പെടുന്നു. ലിബിയയും യെമനുമാണ് നാലും അഞ്ചും സ്ഥാനങ്ങളില്‍ വരുന്നത്.
ഓപ്പണ്‍ ഡോര്‍സിന്റെ കണക്കുപ്രകാരം ഏകദേശം 30 വര്‍ഷംമുമ്പ് വേള്‍ഡ് വാച്ച് ലിസ്റ്റ് ആരംഭിച്ചതിനുശേഷം ക്രിസ്ത്യാനികള്‍ക്കെതിരായ പീഡനം ഏറ്റവും ഉയര്‍ന്ന തലത്തിലെത്തിയിട്ടുണ്ട്. 76 രാജ്യങ്ങളിലായി 360 ദശലക്ഷത്തിലധികം ക്രിസ്ത്യാനികള്‍ തങ്ങളുടെ വിശ്വാസത്തിനുവേണ്ടി കടുത്ത പീഡനവും വിവേചനവും അനുഭവിക്കുന്നു. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 20 ദശലക്ഷത്തിന്റെ വര്‍ദ്ധന. 312 ദശലക്ഷം ക്രിസ്ത്യാനികള്‍ പീഡനങ്ങള്‍ കൂടിയ 50 രാജ്യങ്ങളില്‍ ജീവിക്കുന്നു. ഓരോ ഏഴു ക്രിസ്ത്യാനികളില്‍ ഒരാളെങ്കിലും തങ്ങളുടെ വിശ്വാസത്തിനുവേണ്ടിയുള്ള പീഡനത്തിന്റെയോ വിവേചനത്തിന്റെയോ കീഴില്‍ ജീവിക്കുന്നു.
2022 ലെ റാങ്കിങ് പ്രകാരം ക്രൈസ്തവപീഡനങ്ങളുടെ മേല്‍ത്തട്ടില്‍ നില്ക്കുന്ന പത്തു രാജ്യങ്ങളില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്ക്കുന്നത് അഫ്ഗാനിസ്ഥാന്‍, വടക്കന്‍ കൊറിയ, സൊമാലിയ, ലിബിയ, യെമന്‍, എറിട്രിയ, നൈജീരിയ, പാക്കിസ്ഥാന്‍, ഇറാന്‍, ഇന്ത്യ തുടങ്ങിയവയാണ്.
മൗനം: യഥാര്‍ത്ഥ കൊലയാളി
ലോകമെമ്പാടുമുള്ള ക്രൈസ്തവപീഡനങ്ങള്‍ക്കു നേരേയുള്ള നിശ്ശബ്ദതയ്ക്ക് നിരവധി ഘടകങ്ങള്‍ കാരണമാകുന്നു. മിക്ക ആളുകളും അതിനെക്കുറിച്ചു കേള്‍ക്കുന്നില്ല. രണ്ടാമതായി, എല്ലാ ദിവസവും കേള്‍ക്കുന്ന ഭയാനകവാര്‍ത്തകള്‍ക്കിടയില്‍ ക്രൈസ്തവപീഡനവാര്‍ത്തകള്‍ തിരഞ്ഞെടുക്കാന്‍ പ്രയാസമാണ്. മൂന്നാമതായി, ഇത് മതശുദ്ധീകരണത്തിന്റെ ഒരു സമ്പ്രദായമാണ്. അവസാനമായി, പലപ്പോഴും ക്രിസ്ത്യന്‍ പീഡനത്തിനുമുന്നില്‍ ഭരണാധികാരികള്‍ നിശ്ശബ്ദരാണ്.
ചില രാജ്യങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരേയുള്ള ആക്രമണങ്ങള്‍ വേണ്ട രീതിയില്‍ റിപ്പോര്‍ട്ടു ചെയ്യാതിരിക്കുന്ന കാര്യത്തില്‍ അവിടുത്തെ പ്രമുഖപത്രങ്ങളും ന്യൂസ് ചാനലുകളുമെല്ലാം ഒറ്റക്കെട്ടാണെന്നതാണ് വിചിത്രമായ കാര്യം. റിപ്പോര്‍ട്ടു ചെയ്യുന്ന കേസുകളിലാകട്ടെ, ആക്രമണകാരികളുടെ പേര് ഉണ്ടാകില്ല. എങ്ങനെയെങ്കിലും ആക്രമണകാരിയുടെ പേരു പുറത്തുവന്നാല്‍ അടുത്ത വാര്‍ത്ത അവന്‍ മാനസികാസ്വാസ്ഥ്യം ഉള്ളവനാണ് എന്നതായിരിക്കും. ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നു എന്ന രീതിയില്‍ ഒരു ഹാഷ്ടാഗുപോലും ഇടാന്‍ കഴിയാത്തവിധം നവമാധ്യമങ്ങളിലെ അക്ഷരലോകം ചുരുങ്ങിയിരിക്കുകയാണ്. ലക്ഷക്കണക്കിനു ക്രൈസ്തവര്‍ എത്രയിടങ്ങളില്‍നിന്നു പലായനം ചെയ്യേണ്ടിവന്നു? എത്രയെത്ര കുഞ്ഞുങ്ങള്‍ അനാഥരായി? എത്രയെത്ര ആരാധനാലയങ്ങള്‍ തകര്‍ക്കപ്പെട്ടു? എവിടെപ്പോയി മനുഷ്യാവകാശപ്പോരാളികളായ മാധ്യമങ്ങള്‍?
ക്രൈസ്തവപീഡനത്തിലെ പുതിയ പ്രവണതകള്‍
വ്യക്തിഗത ഡിജിറ്റല്‍ സാങ്കേതികവിദ്യ ദുരുപയോഗം ചെയ്യുന്നു എന്നതാണു പുതിയ പ്രവണത. വ്യക്തിഗത ഡിജിറ്റല്‍ സാങ്കേതികവിദ്യ ആഗോളതലത്തില്‍ ക്രിസ്ത്യാനികളെ എങ്ങനെ ലക്ഷ്യമിടുന്നു എന്നതിനു നിരവധി ഉദാഹരണങ്ങളുണ്ട്. മുഖം തിരിച്ചറിയാനുള്ള സാങ്കേതികവിദ്യ, ഇലക്‌ട്രോണിക് ചിപ്പുകള്‍, വ്യക്തിഗത ഡിജിറ്റല്‍ സാങ്കേതികവിദ്യ എന്നിവയിലൂടെ സര്‍ക്കാരുകള്‍ക്കു കൂടുതലായി പൗരന്മാരെ നിരീക്ഷിക്കാം. ലോകത്തിന്റെ പല ഭാഗങ്ങളിലും സ്വേച്ഛാധിപത്യസര്‍ക്കാരുകള്‍ ക്രൈസ്തവര്‍ക്കെതിരേ ഇത് ദുരുപയോഗം ചെയ്യുന്നു. വിയറ്റ്‌നാം, മ്യാന്‍മര്‍, ചൈന, ഉത്തരകൊറിയ തുടങ്ങിയ രാജ്യങ്ങളിലെല്ലാം ഇത്തരം വിദ്യകളിലൂടെ മതപരമായ അവകാശങ്ങളുടെ മേല്‍ കര്‍ശനമായ നിയന്ത്രണം കൊണ്ടുവരുന്നു.
ക്രിസ്ത്യന്‍സ്ത്രീകളെ പ്രത്യേകമായി ലക്ഷ്യമിടുന്ന രാജ്യങ്ങളുണ്ട്. അവര്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ ഞെട്ടിക്കുന്നതാണ്. പല രാജ്യങ്ങളിലും സ്ഥലങ്ങളിലും അവര്‍ 'ഇരട്ടപീഡനം' അനുഭവിക്കുന്നു. ഒരു ക്രിസ്ത്യാനിയായതിനാലും ഒരു സ്ത്രീയെന്ന നിലയിലും ഇത്തരത്തിലുള്ള പീഡനം വിലയിരുത്താന്‍ പ്രയാസമാണ്. കാരണം, ഇത് ഏറെ സങ്കീര്‍ണവും അക്രമാസക്തവും മറഞ്ഞിരിക്കുന്നതുമാണ്.
ക്രിസ്തുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ ലോകമെമ്പാടുമായി ദിവസവും ചുരുങ്ങിയത് 23 പേര്‍ മാനഭംഗത്തിനിരയാവുകയും പത്തുപേര്‍ തടവിലാക്കപ്പെടുകയും ചെയ്യുന്നുണ്ടെന്നും ഓപ്പണ്‍ഡോര്‍സ് വ്യക്തമാക്കുന്നു.
ഭൂരിപക്ഷസാംസ്‌കാരിക വിശ്വാസത്തിനു പുറത്തുള്ള എല്ലാറ്റിനെയുംകുറിച്ചുള്ള സംശയം
ചില സ്ഥലങ്ങളില്‍ പാരമ്പര്യേതര ന്യുനപക്ഷമതവിഭാഗങ്ങളോട് കടുത്ത ശത്രുതയുണ്ട്. കടുത്ത സാംസ്‌കാരിക അധിനിവേശം നടക്കുന്ന ഇവിടങ്ങളില്‍ സമര്‍ദങ്ങള്‍ക്കു നടുവിലാണ് ക്രൈസ്തവജീവിതം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രിസ്ത്യാനികളെ പീഡിപ്പിക്കുന്നത് 'വംശഹത്യ' എന്ന തലത്തിലാണെന്നത് അവരുടെ സ്ഥിതി കൂടുതല്‍ ഭയാനകമാക്കുന്നു.
ഓപ്പണ്‍ ഡോര്‍സിന്റെ വേള്‍ഡ് വാച്ച് ലിസ്റ്റ് 2022 ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ അഭിമുഖീകരിക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള ഒരു യഥാര്‍ത്ഥ ചിത്രം വരയ്ക്കുന്നു. 
ഈ റിപ്പോര്‍ട്ട് വളരെ പ്രധാനപ്പട്ട ഒരു കാര്യം ഉന്നയിക്കുന്നുണ്ട്. മതന്യൂനപക്ഷങ്ങളെ പീഡിപ്പിക്കുന്നവര്‍ക്കെതിരേ നടപടികള്‍ ഇല്ലാത്തതും ശിക്ഷകള്‍ വളരെ നിസ്സാരമാക്കുന്നതും കുറ്റവാളികളെ ധൈര്യപ്പെടുത്തുന്നതിനാല്‍ കൂടുതല്‍  കുറ്റകൃത്യങ്ങള്‍ക്കു കാരണമാകുന്നു. ഇത് ഒരു പ്രദേശത്തോ രാജ്യത്തോ മാത്രമല്ല, ലോകം മുഴുവനുമായുള്ള കുറ്റവാളികളെ ധൈര്യപ്പെടുത്തുന്നു. നാം ഗൗരമായി ക്കാണേണ്ട ഒരു മുന്നറിയിപ്പാണിത്. ക്രൈസ്തവവിരുദ്ധപീഡനത്തിന്റെ യഥാര്‍ത്ഥവ്യാപ്തി പുറംലോകത്തെ അറിയിക്കാന്‍ ഐക്യരാഷ്ട്രസഭ അടക്കമുള്ള സംഘടനകളും വിമുഖത കാണിക്കുകയാണ്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)