''പച്ചക്കിളിയെന്തേ ചിന്തിച്ചിരിക്കുന്നു
പ്രാണേശനെത്തിടാന്‍ വൈകിയിട്ടോ?
പൂഞ്ചുണ്ടില്‍ പൂമ്പഴം കൊത്തിയെടുത്തവന്‍
വേഗത്തിലെത്തിടും ദുഃഖിക്കേണ്ട.''
അണ്ണാറക്കണ്ണന്റെ തേന്‍മൊഴി കേള്‍ക്കവേ
ആടിക്കളിച്ചവള്‍ നൃത്തമാടി
ചാടിക്കയറി മുകളിലെ കൊമ്പിന്‍മേല്‍
താഴേക്കു കണ്ണനെ വീക്ഷിച്ചവള്‍
''നിങ്ങള്‍തന്‍ പ്രേയസി എങ്ങുപോയ് സോദരാ
മാമ്പഴം ഭക്ഷിക്കാന്‍ പോയതാണോ?''
''യാത്രാമധ്യേ ഒരു ആപത്തില്‍പ്പെട്ടെന്റെ
പ്രേയസി ക്ഷീണിതയാണുപോലും
ഈ മരപ്പൊത്തിലുണ്ടെന്നുടെ കണ്‍മണി
എന്‍തുണയേറ്റവള്‍ ജീവിക്കുന്നു''
പച്ചക്കിളി ദൂരേക്കെത്തി നോക്കി വീണ്ടും
തന്നുടെ പ്രിയനെ കണ്ടെത്തിടാന്‍
അപ്പോഴതാ പറന്നെത്തുന്നു പ്രാണേശന്‍
പൂഞ്ചുണ്ടില്‍ പൂമ്പഴം പേറിക്കൊണ്ട്.
പൂമ്പഴം വായിലേക്കേറ്റു വാങ്ങിയവള്‍
സന്തുഷ്ടിയോടെ പശിയടക്കി
അണ്ണാറക്കണ്ണന്റെ ദൈന്യസ്ഥിതി കണ്ട്
പൈങ്കിളികള്‍ രണ്ടും പോയി വീണ്ടും
വാഴപ്പഴം ചുണ്ടില്‍ പേറിയവര്‍ ശീഘ്രം
എത്തിയാ കണ്ണനെ ഏല്പിച്ചുപോയ്
പൊത്തിലിരിക്കും പ്രിയയുടെ വായിലേ-
യ്ക്കാപ്പഴം വച്ചു കൊടുത്തു കണ്ണന്‍
പൈങ്കിളികള്‍ രണ്ടും ഒത്തുചേര്‍ന്നാഹാരം
തോരാതെ എത്തിച്ചു സ്‌നേഹവായ്പാല്‍
ഏതാനും നാള്‍കൊണ്ടു കണ്ണനും കാന്തയും
രക്ഷകര്‍ക്കു നന്ദി ചൊല്ലിപ്പോയി.