വത്തിക്കാന്‍ സിറ്റി: വിവാഹത്തില്‍ അടിത്തറയുള്ള കുടുംബമാണ് സമൂഹത്തിന്റെ അടിസ്ഥാനകോശമെന്നും കുഞ്ഞുങ്ങള്‍ ഭാവിയുടെ ഒഴിച്ചുകൂടാനാവാത്ത സമ്പത്താണെന്നും ഫ്രാന്‍സിസ് പാപ്പാ. യൂറോപ്പിലെ കത്തോലിക്കാകുടുംബ സംഘങ്ങളുടെ സംയുക്ത സമിതിയായ ''ഫെഡറേഷന്‍ ഓഫ് കാത്തലിക് ഫാമിലി അസോസിയേഷന്‍സ് ഇന്‍ യൂറോപ്പി''ന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ചു നടത്തിയ കൂടിക്കാഴ്ചയില്‍ സന്ദേശം നല്‍കുകയായിരുന്നു പാപ്പാ. കുടുംബങ്ങളുടെ വളര്‍ച്ചയിലുള്ള തടസ്സങ്ങള്‍ നീക്കാനും കുടുംബങ്ങള്‍ എല്ലാവര്‍ക്കും സല്‍ഫലം നല്‍കുന്ന ഒരു പൊതുനന്മയാണെന്നു തിരിച്ചറിയാനും രാഷ്ട്രങ്ങള്‍ക്കു ചുമതലയുണ്ടെന്ന് പാപ്പാ ചൂണ്ടിക്കാട്ടി. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ വിവേചനത്തിനെതിരേയും താഴ്ന്ന ജനനനിരക്ക്, പ്രായമായവരോടുള്ള അവഗണന, അശ്ലീലതയുടെ ശാപം തുടങ്ങിയ വിവിധ വിഷയങ്ങളിലും പാപ്പാ മുന്നറിയിപ്പു നല്‍കി.
റഷ്യ - യുക്രെയ്ന്‍ യുദ്ധ പശ്ചാത്തലത്തില്‍ കുടുംബങ്ങള്‍ ദുരന്തപൂര്‍ണമായ നിമിഷങ്ങളിലൂടെ കടന്നുപോകുന്നതില്‍ പാപ്പാ ഖേദം പ്രകടിപ്പിച്ചു. കുടുംബങ്ങള്‍ യുദ്ധം ആഗ്രഹിക്കുന്നില്ലായെന്ന് ഓര്‍മിപ്പിച്ച ഫ്രാന്‍സിസ് പാപ്പാ, പോളണ്ടിലും, ലിത്വാനിയ, ഹംഗറി എന്നിവിടങ്ങളിലും അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്യുന്നതില്‍ മുന്‍നിരയില്‍ നില്‍ക്കുന്ന കുടുംബങ്ങളെയും കുടുംബശൃംഖലകളെയും അഭിനന്ദിക്കുകയും ചെയ്തു. അല്മായരും കുടുംബങ്ങളും കുടുംബങ്ങളെ പിന്‍തുടരുന്ന പ്രവര്‍ത്തനങ്ങളോടുള്ള തുറവുള്ള നിലപാട് യൂറോപ്പിലും അതിനു പുറത്തുമുള്ള, പ്രാദേശികസഭകളില്‍ അടിയന്തരമായി ആവശ്യമാണെന്ന് പാപ്പാ ഓര്‍മപ്പെടുത്തി.
അശ്ലീലത അന്തസ്സിനും പൊതുജനാരോഗ്യത്തിനും നേരേയുള്ള ശാശ്വതമായ അക്രമമാണെന്നും കുടുംബത്തെയും സമൂഹത്തെയും ഒരുപോലെ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. ഓണ്‍ലൈന്‍ മുഖാന്തിരം എല്ലായിടത്തും വ്യാപിക്കുന്ന അശ്ലീലതയുടെ വിപത്ത്, സ്ത്രീകളുടെയും പുരുഷന്‍മാരുടെയും അന്തസ്സിനുമേലുള്ള ശാശ്വതമായ ആക്രമണമായി മനസ്സിലാക്കി അപലപിക്കപ്പെടണം. ഇതു കുട്ടികളെ സംരക്ഷിക്കുന്നതില്‍ മാത്രമല്ല - അശ്ലീലത പൊതുജനാരോഗ്യത്തിനുതന്നെ ഭീഷണിയാണെന്നു പ്രഖ്യാപിക്കുന്നതിനുള്ള അധികാരികളുടെയും നമ്മുടെ ഓരോരുത്തരുടെയും അടിയന്തരമായ ഉത്തരവാദിത്വമാണെന്നും പാപ്പാ കൂട്ടിച്ചേര്‍ത്തു. കൂട്ടായ്മയില്‍ ഒന്നുചേര്‍ന്നവരെ പ്രത്യേകം ആശീര്‍വദിക്കുകയും തനിക്കായി പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തുകൊണ്ടാണ് ഫ്രാന്‍സിസ് പാപ്പാ തന്റെ വാക്കുകള്‍ ചുരുക്കിയത്.