2022 മേയ് 15-ാം തീയതി വിശുദ്ധയായി പ്രഖ്യാപിക്കപ്പെട്ട വിശുദ്ധ ആന്‍ മരീ റിവിയ്യേ (1768 - 1838)
2022 മേയ്മാസം 15-ാം തീയതി വത്തിക്കാനില്‍വച്ച് പരിശുദ്ധപിതാവ് ഫ്രാന്‍സീസ് മാര്‍പാപ്പാ വിശുദ്ധരായി പ്രഖ്യാപിച്ച പത്തു വാഴ്ത്തപ്പെട്ടവരില്‍ ഒരാളാണ് മരീ റിവിയ്യേ. സുദീര്‍ഘമായ പഠനത്തിനും അന്വേഷണങ്ങള്‍ക്കുംശേഷം അവരുടെ മധ്യസ്ഥതയില്‍ നടന്ന ഒരു അദ്ഭുതം സ്ഥിരീകരിച്ചതിനുശേഷമാണു വിശുദ്ധപദപ്രഖ്യാപനം നടത്തുന്നത്. സാര്‍വത്രികസഭ മുഴുവന്റെയും വണക്കത്തിനായിട്ടാണ് ഈ പ്രഖ്യാപനം നടത്തുന്നതെന്ന് നാമകരണതിരുക്കര്‍മങ്ങളില്‍നിന്നു മനസ്സിലാക്കാം. അതുകൊണ്ട് നമ്മള്‍ നേരത്തേ കേട്ടിട്ടില്ലാത്തവരെക്കുറിച്ചും വത്തിക്കാനില്‍നിന്നു നല്കുന്ന വിവരങ്ങളുടെയും അടിസ്ഥാനത്തില്‍ ഏതാനും കാര്യങ്ങള്‍ രേഖപ്പെടുത്തുന്നു. നമുക്ക് അവരുടെയും വിശ്വാസതീക്ഷ്ണത മനസ്സിലാക്കാം; അവരുടെ മാധ്യസ്ഥ്യം യാചിക്കുകയും ചെയ്യാം.
ജനനം
തെക്കുകിഴക്കേ ഫ്രാന്‍സില്‍ അര്‍ഷേദ് പ്രവിശ്യയില്‍, മോണ്‍ പെസ്സാ എന്ന ഗ്രാമത്തില്‍ 1768 ഡിസംബര്‍ 19-ാം തീയതിയാണ് മരീ റിവിയ്യേ ജനിച്ചത്. 16 മാസം പ്രായമുള്ളപ്പോള്‍ ഉണ്ടായ ഒരു വീഴ്ചയെത്തുടര്‍ന്ന് അവര്‍ പല വര്‍ഷങ്ങള്‍ കിടപ്പിലായിരുന്നു. ആ കുഞ്ഞിന്റെ അമ്മ അവിടെയുണ്ടായിരുന്ന പരിശുദ്ധ ദൈവമാതാവിന്റെ രൂപത്തിനുമുമ്പില്‍ അവളെ എടുത്തുകൊണ്ടുപോയി അവിടെ ദീര്‍ഘനേരം പ്രാര്‍ത്ഥിച്ചിരുന്നു. പരിശുദ്ധ അമ്മയോട് കുഞ്ഞും പ്രാര്‍ത്ഥിച്ചിരുന്നു. നാലുവര്‍ഷത്തിനുശേഷം അവള്‍ എണീറ്റു നടക്കാന്‍ തുടങ്ങി. അന്നുമുതല്‍ തന്റെ ജീവിതത്തില്‍ എല്ലാം മാതാവിന്റെ മാധ്യസ്ഥ്യത്താലാണു ലഭിച്ചതെന്ന് ആന്‍ മരീ അടിയുറച്ചു വിശ്വസിച്ചുപോന്നു.
സന്ന്യാസസഭയുടെ സ്ഥാപനം
ഫ്രഞ്ചുവിപ്ലവം (1789-1799) മൂര്‍ദ്ധന്യത്തില്‍ എത്തിയ കാലത്ത് അസാമാന്യധൈര്യത്തോടെ മരീ റിവിയ്യേ 1794 ല്‍ രഹസ്യമായി നാലു യുവതികളോടൊപ്പം സന്ന്യാസജീവിതം ആരംഭിച്ചു. മറ്റു മഠങ്ങളെല്ലാം വിപ്ലവകാരികള്‍ ബലമായി അടപ്പിച്ചിരുന്ന കാലത്താണ് ഈ സാഹസം എന്നോര്‍ക്കണം.
1796 നവംബര്‍ 21 ന് ഔദ്യോഗികമായി Sisters of Presentation of Mary എന്ന സന്ന്യാസിനീസമൂഹം ആരംഭിച്ചു. വിദ്യാര്‍ത്ഥികളുടെ ക്രിസ്തീയപരിശീലനത്തിനാണ് അവര്‍ പ്രാധാന്യം നല്കിയത്. ജീവിതകാലത്തുതന്നെ 141 ഭവനങ്ങള്‍ തുടങ്ങാന്‍ അവര്‍ക്കു കഴിഞ്ഞു. 1838 ഫെബ്രുവരി 3-ാം തീയതി അവര്‍ ഇഹലോകവാസം വെടിഞ്ഞു.
അവര്‍ സ്ഥാപിച്ച പ്രസന്റേഷന്‍ സന്ന്യാസമൂഹത്തിന്റെ ശാഖകള്‍ അമേരിക്കയിലും ആഫ്രിക്കന്‍രാജ്യങ്ങളിലും പില്‍ക്കാലത്ത് ആരംഭിക്കുകയുണ്ടായി.
നാമകരണനടപടികള്‍
1853 ല്‍ ഒന്‍പതാം പീയൂസ് മാര്‍പാപ്പായുടെ കാലത്ത് നാമകരണനടപടികള്‍ ആരംഭിച്ചു. ലിയോ പതിമ്മൂന്നാം മാര്‍പാപ്പായുടെ കാലത്ത് ധന്യ എന്നു പ്രഖ്യാപിക്കപ്പെട്ടു. 1982 മേയ് മാസം 23-ാം തീയതി ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പാ ആന്‍ മരീ റിവിയ്യേയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. ഫെബ്രുവരി മൂന്ന് തിരുനാള്‍ദിനമായും നിശ്ചയിച്ചു.
2015 ല്‍ ഫിലിപ്പീന്‍സില്‍ സംഭവിച്ച ഒരദ്ഭുതം അംഗീകരിക്കുകയും 2022 മേയ് 15 ന് ആന്‍ മരീ റിവിയ്യെയെ വിശുദ്ധയായി പ്രഖ്യാപിക്കുകയും ചെയ്തു.