•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മതിലുകള്‍ പണിതുയര്‍ത്തുന്നവര്‍

ഫ്രാന്‍സിസ് മാര്‍പാപ്പാ സാഹോദര്യത്തിന്റെ പാലങ്ങള്‍ പണിയാന്‍ ലോകത്തെ എപ്പോഴും പ്രേരിപ്പിക്കുന്ന മഹനീയവ്യക്തിത്വമാണ്. വംശീയതയും വര്‍ഗീയതയും ഉയര്‍ത്തിപ്പിടിച്ചു വിഭജനത്തിന്റെ മതില്‍ക്കെട്ടുകള്‍ പണിതുയര്‍ത്തുന്നവരെ ശക്തമായ ഭാഷയില്‍ അപലപിക്കുന്ന സമീപനമാണ് അദ്ദേഹം സ്വീകരിച്ചിരിക്കുന്നത്. വിഭജനത്തിന്റെ മതില്‍ പണിയുന്നവര്‍ അനുദിനം വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇതര മതവിശ്വാസികളെ നിഷ്‌കരുണം കൊലപ്പെടുത്തുന്നതും ഒറ്റപ്പെടുത്തുന്നതുമായ സംഭവങ്ങള്‍ ലോകത്തിന്റെ പലയിടങ്ങളിലും നാം കണ്ടുകൊണ്ടിരിക്കുന്നു. നിര്‍ഭാഗ്യവശാല്‍, കേരളത്തില്‍പോലും പണിതുയര്‍ത്തപ്പെടുന്ന വിഭജനത്തിന്റെ മതില്‍ക്കെട്ടുകള്‍ മുദ്രാവാക്യങ്ങളായി ശക്തിയുക്തം പ്രഘോഷിക്കപ്പെട്ടിരിക്കുന്നു. കേരളത്തില്‍ വര്‍ധിച്ചുവരുന്ന മതതീവ്രവാദത്തിന്റെയും അസഹിഷ്ണുതയുടെയും നേര്‍ച്ചിത്രമാണ് ആലപ്പുഴയില്‍ മുഴങ്ങിയ മുദ്രാവാക്യങ്ങളില്‍ കണ്ടത്. കേവലം ഒരു ബാലന്റെ കുട്ടിക്കളിയായി നിസ്സാരവത്കരിക്കാവുന്ന ഒന്നല്ല അത്. തങ്ങള്‍ക്കൊപ്പമില്ലാത്തവരെ നരകമായും തിന്മയായും കാണുന്ന ചിന്താധാരകള്‍ മതത്തിന്റെയോ രാഷ്ട്രീയത്തിന്റെയോ പ്രസ്ഥാനങ്ങളുടെയോ പേരില്‍ കുട്ടികളിലേക്കുപോലും വേരുകള്‍ ആഴ്ത്തിയിരിക്കുന്നു എന്നതിന്റെ തെളിവാണത്. മതമൗലികവാദവും തീവ്രവാദപ്രവണതകളും ഏതു പ്രത്യയശാസ്ത്രത്തിന്റെ മറവില്‍ രൂപംകൊള്ളുന്നതായാലും ചെറുക്കപ്പടേണ്ടതുതന്നെയാണ്. മാനവികതയ്ക്കാണ് ഇവിടെ പ്രാമുഖ്യം ലഭിക്കേണ്ടത്. നിതാന്തജാഗ്രതയോടെ നമുക്കിനി സഞ്ചരിക്കേണ്ടിയിരിക്കുന്നു; ഇനിയുമൊരു വിഭാഗീയതയുടെ മുദ്രാവാക്യങ്ങളും പ്രസംഗങ്ങളും ആവര്‍ത്തിക്കാതിരിക്കാന്‍.
സാമൂഹികൈക്യം ഒരു ഉട്ടോപ്പിയന്‍ ആശയമല്ല, അതു വളര്‍ച്ചയെത്തിയ ഒരു സംസ്‌കാരത്തിന്റെയും, കാഴ്ചപ്പാടുകളാലും ദര്‍ശനങ്ങളാലും സമ്പന്നമായ ഒരു ജനതയുടെയും പ്രതിഫലനമാണ്. ആഴമാര്‍ന്ന ആധ്യാത്മികതയിലേക്കും  മൂല്യാധിഷ്ഠിതമായ പെരുമാറ്റരീതികളിലേക്കും ഒരു ജനത പ്രവേശിച്ചിരിക്കുന്നുവെന്നതിന്റെ ബാഹ്യമായ തെളിവാണ് പരസ്പരമുള്ള ആദരവും സ്‌നേഹവും. കാണപ്പെടുന്ന സഹോദരനെ സ്‌നേഹിക്കാത്തവനു കാണപ്പെടാത്ത ദൈവത്തെ എങ്ങനെ സ്‌നേഹിക്കാനാകുമെന്ന യോഹന്നാന്‍ ശ്ലീഹായുടെ വാക്കുകള്‍ ഇവിടെ പ്രസക്തമാണ്. മറ്റുള്ളവരിലേക്കു ചേര്‍ന്നുനില്‍ക്കുന്ന മനോഭാവവും സമീപനവുമാണ് ശരിയായ അര്‍ത്ഥത്തില്‍ സാമൂഹികൈക്യമെന്നു സാരം.
ഉണരുന്ന തീവ്രമതവാദികള്‍
വിവിധ സംഘപരിവാര്‍ സംഘടനകളും ഇസ്ലാമികസംഘടനകളും പണിതുയര്‍ത്തുന്ന ഇതര മതങ്ങളോടുള്ള വെറുപ്പിന്റെയും അവഹേളനത്തിന്റെയും സംഭവ പരമ്പരകള്‍ നിരന്തരം വര്‍ദ്ധിച്ചുവരുന്നതായി കാണുന്നു. ഒരു കൂട്ടര്‍ വിശുദ്ധവും പാവനവുമായി ആദരിക്കുന്ന വിശ്വാസത്തെയും ജീവിതരീതികളെയും അപമാനിക്കുന്ന പെരുമാറ്റങ്ങള്‍ നിരവധിയാണിപ്പോള്‍. ആദരവോടെ അപരനെ ദര്‍ശിക്കാനും സമീപിക്കാനും കഴിയുന്ന നമ്മുടെ സംസ്‌കാരത്തിന്റെ ആത്മാവ് മരണപ്പെട്ടുകൊണ്ടിരിക്കുന്നു എന്നു പറയാതെ തരമില്ല.  പ്രതികരണത്തില്‍ തീവ്രമനോഭാവമുള്ളവര്‍ ക്രൈസ്തവസമൂഹത്തിലും വര്‍ദ്ധിച്ചുവരുന്നു എന്നുള്ളത് നാം ഗൗരവമായി കാണേണ്ടതാണ്.
വോട്ടിനു വേട്ടക്കാരുടെ സംരക്ഷകരാകുന്നവര്‍
പൊതുസമൂഹത്തെ സംഘടനാപരമായും മതപരമായും സ്വാധീനിക്കാന്‍ ഇത്തരം തീവ്രസംഘടനകള്‍ക്കു കഴിയുന്നുണ്ട് എന്നതിനു തെളിവുകള്‍ ആവശ്യമില്ല. അരക്ഷിതാവസ്ഥ നിര്‍മിച്ചെടുത്തു തങ്ങളുടെ ഭ്രാന്തന്‍ലക്ഷ്യങ്ങള്‍ സാധിച്ചെടുക്കാന്‍ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്നവര്‍ക്കു സംരക്ഷണം നല്‍കുന്നത് ഇവിടത്തെ ഭരണകൂടംതന്നെയാണ്. വോട്ടിനുവേണ്ടി സാമൂഹികതിന്മകളെ നിഷേധിക്കുകയും ചിലപ്പോള്‍ ന്യായീകരിക്കുകയും ചെയ്യുന്ന പ്രവണത വര്‍ദ്ധിച്ചുവരുന്നു. വര്‍ഗീയതയും തീവ്രവാദവും പ്രസംഗിക്കുന്നവരില്‍ ആരുംതന്നെ ശിക്ഷിക്കപ്പെടുന്നില്ല. ഇത്തരം വിധ്വംസകപ്രവര്‍ത്തനങ്ങളെ തുറന്നുകാണിക്കുന്നവരെ ഒറ്റപ്പെടുത്തി ആക്രമിക്കുന്ന രീതി സര്‍ക്കാര്‍പോലും തുടരുമ്പോള്‍, ഭാവികേരളം ഒരു ഭീതിയാവുകയാണ്. ഇവിടത്തെ ബഹുഭൂരിപക്ഷം ജനങ്ങളും സൗഹാര്‍ദവും സമാധാനവും ആഗ്രഹിക്കുന്നവരാണ്. വിഭാഗീയതയും വര്‍ഗീയതയും കൊച്ചുകുട്ടികളില്‍പോലും കൊലവിളിയുടെ അട്ടഹാസമാകുമ്പോള്‍ സര്‍ക്കാര്‍ ഇങ്ങനെ നിഷ്‌ക്രിയമായി പെരുമാറാന്‍ പാടില്ല.
മാധ്യമങ്ങളുടെ നിശ്ശബ്ദത
മാധ്യമങ്ങളുടെ നിശ്ശബ്ദത നാം തിരിച്ചറിയേണ്ടതാണ്. നൈജീരിയയില്‍ നടന്ന ക്രൈസ്തവ വംശഹത്യകളെ കണ്ടില്ലെന്നു നടിക്കാന്‍ ഒരു മടിയും ഉണ്ടായില്ല ഇവിടുത്തെ മുഖ്യധാരാമാധ്യമങ്ങള്‍ക്ക്. ഇത്തരം സംഭവങ്ങളെ ലോകശ്രദ്ധയില്‍ കൊണ്ടുവരാന്‍ ഇനിയും മുഖ്യധാരാമാധ്യമങ്ങള്‍ വേണ്ടവിധം ശ്രമിച്ചിട്ടില്ല. ഇതുപോലുള്ള കിരാതസംഭവങ്ങളോട് ഇനിയും ലോകമനഃസാക്ഷി വേണ്ടരീതിയില്‍ ഉണരുകയോ പ്രതികരിക്കുകയോ ചെയ്തിട്ടില്ല എന്നതു പരിതാപകരമാണ്. ക്രൈസ്തവര്‍ കൊല ചെയ്യപ്പെടുമ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമാക്കാനും നിസ്സാരവത്കരിക്കാനും വിവിധ ലോകരാഷ്ട്രങ്ങളും മുഖ്യധാരാമാധ്യമങ്ങളും നിരന്തരം ശ്രമിക്കുന്നതായിട്ടാണു കണ്ടുവരുന്നത്. ചില മാധ്യമങ്ങള്‍ക്ക് ഈ കൊലപാതകങ്ങള്‍ വെറും ഭീകരാക്രമണങ്ങളും കൊലപാതകികള്‍ ഐഡന്റിറ്റിയില്ലാത്ത ഭീകരരുമാണ്. ലോകത്തില്‍ പലയിടത്തും നടന്നുകൊണ്ടിരിക്കുന്ന ക്രൈസ്തവപീഡനങ്ങളും ക്രിസ്തീയ വംശഹത്യകളും യാദൃച്ഛികസംഭവങ്ങളായി കാണുന്ന റിപ്പോര്‍ട്ടുകള്‍ക്കപ്പുറം ആര്‍ജവമുള്ള സത്യസന്ധമായ പഠനങ്ങളും നിലപാടുകളും സ്വീകരിക്കാന്‍ ആധുനികസമൂഹം കൂടുതല്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. അല്ലെങ്കില്‍, ഇരുണ്ട യുഗങ്ങളിലേക്കു തിരികെപ്പോകാനുള്ള പ്രവേശനകവാടങ്ങള്‍ നാംതന്നെ നിര്‍മിച്ചെടുക്കുകയാണെന്നു പറയേണ്ടിവരും.
തീവ്രവാദനിലപാടുകള്‍ അപലപിക്കപ്പെടേണ്ടതാണ്
വ്യത്യസ്ത മതവിശ്വാസങ്ങളും രാഷ്ട്രീയനിലപാടുകളും ചിന്താധാരകളുമാണ് ഒരു ബഹുസ്വരസമൂഹത്തിന്റെ അടയാളം. അവിടെ സ്വയം കേന്ദ്രീകൃത നിലപാടുകള്‍ സൃഷ്ടിക്കുന്ന അപചയങ്ങളെക്കുറിച്ച് നാം കൂടുതല്‍ ബോധ്യമുള്ളവരാകേണ്ടിയിരിക്കുന്നു. സ്‌നേഹിക്കാനും നന്മ ചെയ്യാനും കരുതലോടെ പരസ്പരസംരക്ഷകരാകാനുമുള്ള ജീവിതനിയോഗം മതങ്ങളാല്‍ പരിപോഷിപ്പിക്കപ്പെടുന്നില്ലായെങ്കില്‍ അതു കൂടുതല്‍ ശ്രദ്ധയും ഊര്‍ജവും ആവശ്യമുള്ള അടിയന്തരവിഷയംതന്നെയാണ്. ശത്രുതയും വിഭജനവും അക്രമവും പ്രോത്സാഹിപ്പിക്കപ്പെടുന്ന തീവ്രവാദനിലപാടുകള്‍ അതേതു മതത്തിലായാലും നിസ്സംശയം അപലപിക്കപ്പെടേണ്ടതാണ്, പൊതുസമൂഹം അത്തരം ശ്രമങ്ങളെ നിര്‍ബാധം തള്ളിപ്പറയണം.
രാഷ്ട്രീയലക്ഷ്യങ്ങളോടെ ഹിന്ദുത്വവാദികളും  ഇസ്ലാമിസ്റ്റുകളുംപോലെയുള്ള വിവിധ മതങ്ങളിലെ തീവ്രചിന്താഗതിക്കാര്‍ നമ്മുടെ രാജ്യത്തിനു വരുത്തുന്ന അപചയങ്ങളെ ഇനിയെങ്കിലും സത്യസന്ധമായി നാം വിലയിരുത്തേണ്ടിയിരിക്കുന്നു. വര്‍ഗീയ-വംശീയ തീവ്രനിലപാടുകളാല്‍ ഇവിടെ സംഭവിച്ചിട്ടുള്ള/സംഭവിച്ചുകൊണ്ടിരിക്കുന്ന കലാപങ്ങളും കൊലപാതകങ്ങളും അടിച്ചമര്‍ത്തലുകളും ഭരണഘടനാപരമായ അവകാശങ്ങളുടെ നിഷേധങ്ങളും ചൂഷണങ്ങളും മറച്ചു വയ്ക്കുന്നതുകൊണ്ടോ കണ്ടില്ലെന്നു നടിക്കുന്നതുകൊണ്ടോ ഇല്ലാതാകുന്നില്ല; മറിച്ച്, അത്തരം കിരാതശ്രമങ്ങള്‍ പൊതുസമൂഹം ചര്‍ച്ച ചെയ്യണം, വിഭാഗീയതയുടെ വക്താക്കളെയും പ്രസ്ഥാനങ്ങളെയും സമൂഹം തിരിച്ചറിയണം, തള്ളിപ്പറയണം.
കത്തോലിക്കാസഭയുടെ ദര്‍ശനം
ഇരുണ്ട യുഗങ്ങളുടെ തെറ്റുകളെ തിരുത്തിയും ഏറ്റുപറഞ്ഞും സമാനതകളില്ലാത്ത കരുതലും മാനവികസ്‌നേഹവും ലോകത്തു വളര്‍ത്തിയെടുക്കാനുള്ള നയമാണ് ക്രൈസ്തവസമൂഹം ഒന്നടങ്കം പിന്‍ചെല്ലുന്നത്. ഈ ആധുനികലോകത്തില്‍, മാനവികതയില്‍ അടിയുറച്ച ഒരു സമൂഹനിര്‍മിതി മുന്നില്‍ക്കാണുന്ന ക്രൈസ്തവരെയും കത്തോലിക്കാസഭയെയുമാണ് ഇന്നു മതമൗലികവാദികള്‍ ശത്രുക്കളായി കാണുന്നത് എന്നുള്ളത് ഒരു വൈരുധ്യമാണ്. എല്ലാ മതങ്ങളോടും ആദരവും മനസ്സുതുറന്നുള്ള സംഭാഷണവുമാണ് കത്തോലിക്കാസഭയുടെ പ്രബോധനം. എല്ലാ വ്യത്യസ്തതകള്‍ക്കും ഉപരിയായിട്ടുള്ള ഒരു സ്‌നേഹസമീപനമാണത്. വഴിവക്കിലെ അപരിചിതനായ മുറിവേറ്റവനെ ശുശ്രൂഷിക്കുന്ന നല്ല സമരിയാക്കാരനിലേക്കുള്ള വളര്‍ച്ചയാണത്. അതുകൊണ്ടുതന്നെ, വിഭാഗീയതയുടെ വേരുകള്‍ നമ്മില്‍ വളരാന്‍ നാം ഒരിക്കലും അനുവദിക്കരുത്. ന്യായമായ അവകാശങ്ങള്‍ക്കുവേണ്ടി നാം ശ്രമിക്കുമ്പോഴും, വര്‍ഗീയതയ്ക്കും വിഭാഗീയതയ്ക്കും എതിരായി പ്രവര്‍ത്തിക്കുമ്പോഴും, ക്രിസ്തു പകര്‍ന്നുതന്ന മഹത്മൂല്യങ്ങള്‍ നാം വിസ്മരിക്കരുത്.
മതേതരസമൂഹം ഒരേ മനസ്സോടെ ഐക്യത്തിനും സഹവര്‍ത്തിത്വത്തിനുമായി മുന്നോട്ടുവരുകയും എല്ലാവിധ മൗലികവാദങ്ങളെയും അകറ്റിനിര്‍ത്തുകയുമാണ് ഈ കാലഘട്ടത്തിലെ സങ്കീര്‍ണപ്രശ്‌നങ്ങള്‍ക്കും തീവ്രവാദഭീഷണികള്‍ക്കുമുള്ള പ്രതിവിധി. ഈ ലക്ഷ്യം മുന്നില്‍ക്കണ്ട് ഭരണകൂടങ്ങള്‍ നിലപാടുകള്‍ സ്വീകരിക്കുന്നതോടൊപ്പം ഓരോ സമുദായവും വ്യക്തമായ നയരൂപീകരണങ്ങള്‍ നടത്തി തങ്ങള്‍ക്കൊപ്പമുള്ളവരെ ബോധവത്കരിക്കാനും തയ്യാറാകണം. അല്ലാത്തപക്ഷം, ഈ കാലഘട്ടത്തിലെ നൈജീരിയയായി നാളത്തെ കേരളം മാറിയേക്കാം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)