കൊവിഡ്-19 മനുഷ്യസമൂഹം ഇതുവരെ കണ്ടിട്ടുള്ളതില്‍ അതിഭീകരമായ ഒരു പകര്‍ച്ചവ്യാധിയായി മാറിക്കൊണ്ടിരിക്കുന്നു. ഇതിന്റെ ഭീകരതയ്ക്കു നിദാനം രോഗവ്യാപനത്തിലുള്ള ദ്രുതഗതിയാണ്. രോഗവ്യാപനത്തിന്റെ തീവ്രതയും ഇനിയും ഈ രോഗത്തിനു ഫലപ്രദമായ വാക്‌സിന്‍ പ്രയോഗത്തില്‍ വന്നിട്ടില്ലായെന്നതും ജനങ്ങളുടെ ഭീതി വര്‍ദ്ധിപ്പിക്കുന്നു.
ഭീതിയുടെ നടുവില്‍ രോഗത്തില്‍നിന്നു സ്വയം രക്ഷ നേടുന്നതിനുള്ള വ്യഗ്രതയിലാണ് എല്ലാവരും. മറ്റുള്ളവര്‍ക്കു രോഗം വന്നാലും തനിക്കു വരരുത് എന്നുള്ള സ്വാര്‍ത്ഥത പലരിലും പ്രകടമാകുന്നു. ഈയൊരു മനോഭാവത്തിനു മാറ്റംവരണം.
അനാവശ്യഭയംകൊണ്ട് നാം ഒന്നും നേടുന്നില്ല. രോഗത്തെ ഭയന്നു ഭീരുക്കളെപ്പോലെ ഓടിയൊളിക്കാതെ രോഗബാധിതരെ സഹായിക്കാനും മറ്റുള്ളവര്‍ക്കു രോഗബാധയുണ്ടാകാതിരിക്കാനുള്ള പ്രതിരോധസംവിധാനങ്ങള്‍ എത്തിക്കാനും മാനുഷികമായ സാഹോദര്യബോധത്തോടെ നാമെല്ലാവരും പ്രവര്‍ത്തിക്കേണ്ട സമയമാണിത്.
കൊറോണ ബാധിച്ചു മരിക്കുന്നവരുടെ കാര്യത്തിലും നമ്മുടെ മനുഷ്യത്വം പ്രകടമാകണം. വൈറസ് ബാധമൂലം മരിക്കുന്ന വ്യക്തിയും നമ്മുടെ സഹോദരനോ സഹോദരിയോ ആണെന്നുള്ള യാഥാര്‍ത്ഥ്യം നാം മറക്കരുത്. രോഗവ്യാപനസാധ്യതകള്‍ ഇല്ലാതാക്കി സംസ്‌കാരശുശ്രൂഷകള്‍ എങ്ങനെ നടത്താമെന്നു സര്‍ക്കാരിന്റെ ആരോഗ്യവകുപ്പു വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. മൃതദേഹം അടക്കംചെയ്തായാലും ദഹിപ്പിച്ചുകൊണ്ടായാലും അതു നിര്‍വ്വഹിക്കേണ്ടതെങ്ങനെയെന്നു സര്‍ക്കാര്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ അവയെല്ലാം അവലംബിച്ചു മാനുഷികമായ സ്‌നേഹത്തോടും ബഹുമാനത്തോടുംകൂടി കൊവിഡ് ബാധിച്ചു മരിക്കുന്നവരോടും നാം പെരുമാറേണ്ടിയിരിക്കുന്നു.
ക്രിസ്തുവിന്റെ സ്‌നേഹവും കാരുണ്യവും ജീവിക്കുന്നവരോടും മരിച്ചവരോടും പ്രകടിപ്പിക്കാന്‍ കടപ്പെട്ടവരാണു നമ്മള്‍. വിശ്വാസത്തോടെ മരിക്കുന്നവര്‍ പരലോകജീവിതത്തിനായി ദൈവസന്നിധിയിലേക്കു യാത്രയാകുന്നുവെന്നാണല്ലോ നാം വിശ്വസിക്കുന്നത്. ആ വിശ്വാസമനുസരിച്ചു കൊവിഡ് എന്നല്ല ഏതു രോഗം ബാധിച്ചു മരിക്കുന്നവര്‍ക്കും ക്രിസ്തീയവിധിപ്രകാരമുള്ള സംസ്‌കാരം നല്‍കാന്‍ നാം തയ്യാറാകണം. അതൊരു തര്‍ക്കവിഷയമാക്കി ക്രൈസ്തവവിശ്വാസസാക്ഷ്യത്തിനു കുറവു വരുത്താന്‍ ഇടയാകരുത്. ഇക്കാര്യത്തില്‍ സഭാശുശ്രൂഷകരും വിശ്വാസികളേവരും സഹകരിക്കണമെന്ന് സഹോദരബുദ്ധ്യാ അഭ്യര്‍ത്ഥിക്കുന്നു.
കൊവിഡ് നമുക്ക് ഒരു വെല്ലുവിളിയായി തുടരുകയാണ്. മനസു മടുക്കാതെ ഈ മഹാമാരിക്കെതിരെയുള്ള പ്രതിരോധയജ്ഞം നമുക്കു തുടരാം. ദൈവം നമ്മോടൊപ്പമുണ്ട്.