1
കുടയുടെ തണലില്‍ വെയില്‍ കൊള്ളാതെ
നടകൊള്‍വൂ നാമെല്ലാരും.
കുടയുടെ കീഴില്‍ മഴ നനയാതെ
നടകൊള്‍വൂ നാമെന്നാളും.
ഓലക്കുടയുടെ കാലം പോയീ
ശീലക്കുടയാണിന്നെങ്ങും
തലയുടെ മുകളില്‍ കുടയുണ്ടെങ്കില്‍
തടയായ് നമ്മള്‍ സുരക്ഷിതരായ്!
വിശാലനീലാകാശം പാരിന്‍
മുകളില്‍ കാണ്‍മൂ കുടയായി!
പറന്നു പാറുന്നതിനുടെ കീഴില്‍
പറവകള്‍ പാട്ടിന്‍ ലഹരിയുമായ്
ചിന്നം വിളിയൊടു കാര്‍മേഘങ്ങള്‍
വിണ്ണില്‍ നീളെ നിരക്കുമ്പോള്‍
നമുക്കു കുടകള്‍ ചൂടാം മഴയുടെ
തുടക്കമായെന്നോര്‍മിക്കാം.
2
അരചന്മാരുടെ കൊറ്റക്കുടകള്‍
ഒരുനാള്‍ മിന്നി ചരിത്രത്തില്‍
ജനാധിപത്യം വന്നു വിളിക്കെ-
ത്തകര്‍ന്നു വീണവയൊന്നൊന്നായ്?
അടര്‍ന്നു വീണ മഴക്കൂണുകള്‍പോ-
ലവറ്റയെ നാം കാണുന്നു!
ജനാധിപത്യക്കുടയുടെ കീഴില്‍
പത്തിവിടര്‍ത്താം സര്‍പ്പംപോല്‍
ഏകാധിപത്യം, നമ്മള്‍ക്കതിനാല്‍
ജാഗരൂകത പാലിക്കാം
നിതാന്തജാഗ്രതസ്വാതന്ത്ര്യത്തിന്‍
വിലയാണെന്നു ധരിച്ചാലും!