ചലച്ചിത്രനിരൂപണങ്ങള്‍ക്കു ദൗര്‍ലഭ്യമില്ലാത്ത ഒരു കാലത്താണ് നാം ആയിരിക്കുന്നത്. ഓണ്‍ലൈനായും ഓഫ്ലൈനായുമൊക്കെ ഒരു ചലച്ചിത്രത്തിന്റെതന്നെ നിരവധി നിരൂപണങ്ങളാണ് നമുക്കു ദിനംപ്രതി ലഭ്യമായിക്കൊണ്ടിരിക്കുന്നത്. എന്നാല്‍, ഇവയെല്ലാംതന്നെ ചലച്ചിത്രങ്ങളിലെ മത-സാമൂഹിക-മാനവിക മൂല്യങ്ങളെക്കുറിച്ച് നിശ്ശബ്ദമാണെന്നു മാത്രമല്ല, അവയിലെ മൂല്യച്യുതികളെ മഹത്ത്വവത്കരിക്കാനും അഭിനന്ദിക്കാനും മടിക്കുന്നുമില്ല എന്നതാണ് ഏറെ ദുഃഖകരം. നേരേ മറിച്ച്, അഭിനയമികവിനെയും സംവിധായക - നിര്‍മാണ - സാങ്കേതികമികവുകളെയുമൊക്കെ അങ്ങേയറ്റം പ്രശംസിക്കാനും എല്ലാ നിരൂപകരും ശ്രദ്ധിക്കുന്നുമുണ്ട്. അപ്രകാരം ചെയ്യേണ്ട എന്നല്ല, മറിച്ച് ഇത്തരം ചില തലങ്ങളെ മാത്രം വിശകലനം ചെയ്യുന്ന പ്രവണത ഇന്നു വദ്ധിക്കുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ദീപനാളം വാരികയിലെ കാഴ്ചയ്ക്കപ്പുറം എന്ന പുതിയ ചലച്ചിത്രനിരൂപണ കോളത്തിലെ ചലച്ചിത്രനിരൂപണങ്ങളും വീയെന്‍ എന്ന നിരൂപകനും ഏറെ ശ്രദ്ധേയമാകുന്നത്.
ഈ നാളുകളില്‍ പുറത്തിറങ്ങിയ ഗഏഎ എന്ന ബഹുഭാഷാ ചലച്ചിത്രത്തിലെ മൂല്യച്യുതിയെ വായനക്കാരിലെത്തിക്കാന്‍ നിരൂപകനു സാധിച്ചിട്ടുണ്ട്. മാത്രമല്ല ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ മുന്നും പിന്നും നോക്കാതെ കൈയടിച്ചു പ്രോത്സാഹിപ്പിച്ച വരയന്‍ എന്ന, ഒരു ഇടവകവികാരിയുടെ കഥ പറയുന്ന ചിത്രത്തെ വളരെ യുക്തിപൂര്‍വ്വം വിശകലനം ചെയ്ത് വായനക്കാര്‍ക്കു മുമ്പില്‍ അതിലെ കതിരും പതിരും വേര്‍തിരിച്ച് അവതരിപ്പിക്കുന്നതില്‍ വീയെന്‍ എന്ന നിരൂപകന്‍ ഏറെ അഭിനന്ദനം അര്‍ഹിക്കുന്നുണ്ട്. ക്രൈസ്തവധാര്‍മികതയെ അളവുകോലാക്കി ചലച്ചിത്രങ്ങളെ വിലയിരുത്തുന്നു എന്ന ഒരു പ്രത്യേകതകൂടി ഈ നിരൂപകനെ വ്യത്യസ്തമാക്കുന്നു. അദ്ദേഹത്തിന്റെ തൂലികയില്‍ വിരിയുന്ന അനേകം ചലച്ചിത്രനിരൂപണങ്ങള്‍ക്കായി ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്നു.
വര്‍ഗീസ് കുര്യന്‍
പതാരക്കുഴിയില്‍