2021 ലെ സംസ്ഥാനസിനിമാ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. രേവതിയാണ് മികച്ച നടി. '"ഭൂതകാലം"' എന്ന ചിത്രത്തിലെ കേന്ദ്ര കഥാപാത്രമാണ് രേവതിക്ക് അവാര്‍ഡ് നേടിക്കൊടുത്തത്. ബിജു മേനോനും ജോജു ജോര്‍ജും പങ്കിട്ടെടുത്തു മികച്ച നടനുള്ള അംഗീകാരം. "ആര്‍ക്കറിയാം'' എന്ന സിനിമയിലെ വൃദ്ധപിതാവിന്റെ വേഷം ബിജുവിനെ അവാര്‍ഡിനര്‍ഹനാക്കിയപ്പോള്‍, നായാട്ട്, മധുരം തുറമുഖം, ഫ്രീഡം ഫൈറ്റ് എന്നീ നാലു ചിത്രങ്ങളിലെ അഭിനയത്തികവാണ് ജോജുവിനെ മികച്ച നടനാക്കിയത്.
വിസ്മയകരമായ ദൃശ്യാനുഭവമായ 'ആവാസവ്യൂഹ'മാണ് 2021 ലെ മികച്ച ചിത്രം. സംവിധാനം ആര്‍.കെ. കൃഷാന്ദ്. തിരക്കഥയ്ക്കുള്ള അവാര്‍ഡും കൃഷാന്ദിനാണ്.
'ജോജി' എന്ന ചിത്രമൊരുക്കിയ ദിലീഷ് പോത്തനാണ് മികച്ച സംവിധായകപ്രതിഭ. മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള അവാര്‍ഡ് സജാസ് റഹ്‌മാനും ഷിനോസ് റഹ്‌മാനും ചേര്‍ന്നു സംവിധാനം ചെയ്ത 'ചവിട്ട്', താര രാമാനുജന്റെ 'നിഷിദ്ധോ' എന്നിവ പങ്കുവെച്ചു.
ജോജി, മിന്നല്‍ മുരളി എന്നീ ചിത്രങ്ങള്‍ നാലും ചുരുളി, ചവിട്ട്, നായാട്ട് എന്നിവ മൂന്നും അവാര്‍ഡുകള്‍ വീതം നേടി.
ജനപ്രീതിയും കലാമേന്മയുമുള്ള മികച്ച ചിത്രമായി വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത 'ഹൃദയം' തിരഞ്ഞെടുക്കപ്പെട്ടു.
'കള' എന്ന ചിത്രത്തിലൂടെ സുമേഷ് മൂര്‍ മികച്ച സ്വഭാവനടനും ജോജിയിലെ വേറിട്ട പ്രകടനത്തിലൂടെ ഉണ്ണിമായ പ്രസാദ് നടിയുമായി. ഉണ്ണിമായയുടെ ഭര്‍ത്താവും തിരക്കഥാകൃത്തുമായ ശ്യാം പുഷ്‌കരനു തിരക്കഥയ്ക്കുള്ള (അഡോപ്‌റ്റേഷന്‍) അവാര്‍ഡും ലഭിച്ചു.
ഹിഷാം അബ്ദുള്‍ വഹാബാണ് മികച്ച സംഗീതസംവിധായകന്‍ (ഹൃദയം). മിന്നല്‍ മുരളിയിലെ രാവില്‍ മയങ്ങുമീ പൂമടിയില്‍... എന്ന ഗാനം ആലപിച്ച പ്രദീപ്കുമാര്‍ ആണ് മികച്ച ഗായകന്‍. കാണെക്കാണെ എന്ന ചിത്രത്തിലെ 'പാല്‍നിലാവിന്‍ പൊയ്കയില്‍' എന്നു തുടങ്ങുന്ന പാട്ടിലൂടെ സിത്താര കൃഷ്ണകുമാര്‍ മികച്ച ഗായികയുമായി.
സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന്റെ കാര്യം മൊത്തമായൊന്നു നോക്കിയാല്‍ സൂപ്പര്‍സ്റ്റാര്‍ പരിവേഷങ്ങള്‍ക്ക് അവാര്‍ഡിന്റെ പരിസരങ്ങളിലൊന്നും എത്താനായില്ല എന്നതു ശ്രദ്ധേയമായി. എന്നാല്‍, പ്രതിഭകളെ കണ്ടെടുത്ത് അംഗീകാരം നല്‍കുന്നതില്‍ ജൂറി വിജയിച്ചു എന്നു പറയാം. ടീം വര്‍ക്കിന്റെ വിജയകാലമാണ് സിനിമയിലിപ്പോള്‍. കോടികള്‍ വാരിയെറിഞ്ഞ് അമ്പരപ്പിക്കുന്നതിനെക്കാള്‍ യാഥാര്‍ത്ഥ്യങ്ങളുടെ നേര്‍ച്ചിത്രീകരണമാണിപ്പോള്‍ സിനിമയിലുള്ളത്. പുത്തന്‍തലമുറയുടെ ഇഷ്ടവും പിന്തുണയും അത്തരം ചിത്രങ്ങള്‍ക്കാണെന്നതു ചൂണ്ടിക്കാട്ടാതെ വയ്യ. പ്രമേയവും ബുദ്ധിപരമായ ചിത്രീകരണവൈഭവവും തികഞ്ഞ ചെറുസിനിമകള്‍പോലും വ്യാപകമായ പ്രേക്ഷകശ്രദ്ധ നേടുന്നതും ഇതുകൊണ്ടാണ്.
2021 ല്‍ ശ്രദ്ധേയമായ ധാരാളം ചിത്രങ്ങള്‍ പുറത്തുവന്നു. കെട്ടിയൊരുങ്ങലും അവിശ്വസനീയമായ പെരുമാറ്റങ്ങളും പുറന്തള്ളി യഥാര്‍ത്ഥ ജീവിതപെരുമാറ്റങ്ങളിലൂടെയാണ് സിനിമയിപ്പോള്‍ നീങ്ങുന്നത്. കാലാനുസൃതമാണിത്.
ഭൂതകാലചിത്രങ്ങള്‍ വച്ചുനോക്കിയാലും ബഹുമുഖമായ കഴിവുകള്‍ ശ്രദ്ധിച്ചാലും രേവതി ഒന്നാം സ്ഥാനക്കാരിതന്നെ. ഇടവേളകള്‍ കടന്നുവന്ന് അഭിനയത്തികവോടെ അര്‍ഹതയുടെ മികച്ചനടിപ്പട്ടം നേടുകയായിരുന്നു രേവതി. കാലം ഇനിയും എന്തൊക്കെയോ കാത്തുവയ്ക്കുന്നുണ്ടാവും രേവതിക്കു സിനിമയില്‍. നിമിഷ സജയന്‍, പൂര്‍ണിമ ഇന്ദ്രജിത്ത്, കനി കുസൃതി എന്നിവര്‍ രേവതിയുമായുള്ള മത്സരത്തില്‍ ഒടുവിലത്തെ റൗണ്ടുവരെ എത്തിയിരുന്നു.
മികച്ച നടനുവേണ്ടിയുള്ള ഓട്ടത്തില്‍ ഫഹദ് ഫാസിലിനെയും കുഞ്ചാക്കോ ബോബനെയും മറികടന്ന് ബിജു മേനോനും ജോജു ജോര്‍ജും ഒന്നിച്ച് ഫിനിഷിങ്‌ലൈന്‍ കടക്കുകയായിരുന്നു.
വിജയ് ബാബു നിര്‍മിച്ച 'ഹോം' പ്രേക്ഷകപ്രതീക്ഷയുടെ പുരപ്പുറങ്ങളേറിയെങ്കിലും ഒരിടത്തും പരിഗണിക്കപ്പെട്ടില്ല. ഇന്ദ്രന്‍സും മഞ്ജുപിള്ളയുംപോലും പ്രതീക്ഷയര്‍പ്പിച്ചിരുന്നെങ്കിലും ഒന്നും സംഭവിച്ചില്ല. ഹോം അവാര്‍ഡു പടികള്‍ കടക്കാത്തതിന് സോഷ്യല്‍ മീഡിയയില്‍ പരിഭവങ്ങളും ആരോപണങ്ങളുമായി ആരാധകരെത്തിയിരുന്നു. ഇന്ദ്രന്‍സും പ്രതികരണവുമായി വന്നു. എന്നാല്‍, മികച്ചവരായി വന്നവര്‍ മികവുറ്റ പ്രകടനം നടത്തിയവര്‍തന്നെ എന്നു നിസ്സംശയം പറയാം.
ഷേക്‌സ്പിയറിന്റെ മാക്ബത്തിനെ അവലംബിച്ച് ഒരുക്കിയ ഗംഭീരചിത്രം 'ജോജി'യിലൂടെ മികച്ച സംവിധായകനുള്ള പുരസ്‌കാരം നേടിയ ദിലീഷ് പോത്തനു വെല്ലുവിളിയുയര്‍ത്താന്‍ ആരുമുണ്ടായില്ല എന്നതു ശ്രദ്ധേയം. സംവിധായകന്റെ ചിത്രം എന്നാണ് ജൂറി ജോജിയെ വിലയിരുത്തിയത്.
ആകെ 142 സിനിമകളാണ് മത്സരത്തിനെത്തിയത്. അന്തിമനിര്‍ണ്ണയത്തിന് 31 എണ്ണവും. നവാഗതസംവിധായകര്‍ 65 പേരാണ് മാറ്റുരയ്ക്കാനെത്തിയത്. വനിതാസംവിധായകര്‍ ആറു പേരുണ്ടായിരുന്നു എന്നതും ശ്രദ്ധേയം.
ഉണ്ണിമായയും ഭര്‍ത്താവ് ശ്യാം പുഷ്‌കരനും സമ്മാനിതരായത് കൗതുകമായി. വീട്ടില്‍നിന്ന് ഒരുമിച്ചുവന്ന് അവാര്‍ഡ് വാങ്ങാം രണ്ടുപേര്‍ക്കും.
അവാര്‍ഡ് വിവരം വരുമ്പോള്‍ ബിജു മേനോനും ദിലീഷ് പോത്തനും ശ്യാം പുഷ്‌കരനും ഉണ്ണിമായയും ഗോകുല്‍ ദാസും മികച്ച ജനപ്രിയ ചിത്രമായ 'ഹൃദയ'ത്തിന്റെ സംവിധായകന്‍ വിനീത് ശ്രീനിവാസനും ഒന്നിച്ച് മാധ്യമങ്ങള്‍ക്കു മുന്നിലെത്തി.
വരുംകാല മലയാളസിനിമയുടെ വിശാലതയിലേക്കു കൈചൂണ്ടുന്ന ഒരു പ്രതീകമല്ലേ ഇത്?
നിറയട്ടെ യഥാര്‍ത്ഥ പ്രതിഭയും ഭാവനയും...
കാണാന്‍ കഴിയട്ടെ ഒരുപാട് നല്ല ചിത്രങ്ങള്‍ ...!