ഫ്രാന്‍സിസ് മാര്‍പാപ്പാ 2022 മേയ് പതിനഞ്ചിന് വിശുദ്ധനായി പ്രഖ്യാപിച്ച ഇറ്റാലിയന്‍ ഇടവകവൈദികന്‍ വിശുദ്ധ ലൂയിജി മരിയ പലസ്സോളോ (1827-1886)
വടക്കേ ഇറ്റലിയിലെ ബെര്‍ഗാമോ നഗരിയില്‍ 1827 ഡിസംബര്‍ 10-ാം തീയതിയാണ് ലൂയിജി മരിയ പലസ്സോളോ (ഘൗശഴശ ങമൃശമ ജമഹമ്വ്വീഹീ) ഭൂജാതനായത്. ഉത്തമരായ മാതാപിതാക്കള്‍, ഒത്താവിയോയുടെയും തെരേസായുടെയും ശിക്ഷണത്തില്‍ ക്രൈസ്തവമൂല്യങ്ങള്‍ സ്വാംശീകരിച്ചു വളര്‍ന്നുവന്ന ലൂയിജി ചെറുപ്രായത്തില്‍ത്തന്നെ ഇടവകയിലെ പ്രവര്‍ത്തനങ്ങളില്‍ സഹകരിക്കാന്‍ തുടങ്ങി. ആസ്പത്രികളിലും വീടുകളിലുമായി കഴിയുന്ന ദരിദ്രരായ രോഗികളെ മുതിര്‍ന്ന ഒരു വ്യക്തിയോടൊപ്പം സന്ദര്‍ശിക്കുകയും അവര്‍ക്കു ഭക്ഷണവും വീട്ടില്‍നിന്നു കിട്ടുന്ന പണവും നല്കുകയും ചെയ്തുപോന്നു. അങ്ങനെ ബാല്യത്തില്‍ത്തന്നെ സഹോദരസ്‌നേഹംനിറഞ്ഞ വിശുദ്ധമായ ഒരു ജീവിതം നയിക്കാനുള്ള ആഗ്രഹം അവനില്‍ ഉളവായി.
സ്‌കൂള്‍ വിദ്യാഭ്യാസം വിജയകരമായി പൂര്‍ത്തിയാക്കിയ ലൂയിജി വൈദികസെമിനാരിയില്‍ പഠനം ആരംഭിച്ചു. 1850 ജൂണ്‍ 23 ന് വൈദികനായി. പൗരോഹിത്യജീവിതത്തിന്റെ ആദ്യവര്‍ഷങ്ങളില്‍ത്തന്നെ സ്വന്തം ഇടവകയിലെ ബാലികാബാലന്മാരെ ഒന്നിച്ചുകൂട്ടി വിശ്വാസപരിശീലനം നല്കിപ്പോന്നു. കുട്ടികളുടെ മാനസികോല്ലാസത്തിനും പ്രാധാന്യം നല്കിയിരുന്നു. തനിക്കു ലഭിച്ച കുടുംബസ്വത്തും ഈ പ്രവര്‍ത്തനങ്ങള്‍ക്കായി അദ്ദേഹം വിനിയോഗിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം ലഭിക്കാത്തവര്‍ക്കായി ഇടവകയില്‍ ഒരു പ്രൈവറ്റ് സ്‌കൂളും ആരംഭിച്ചു.
പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനും പരിശീലനത്തിനുള്ള ചുമതല ഏറ്റെടുക്കാന്‍ തെരേസ ഗബ്രിയേലി എന്ന യുവതി മുന്നോട്ടു വന്നു. ഏതെങ്കിലും ഒരു സന്ന്യാസിനീസമൂഹത്തില്‍ അംഗമാകണമെന്ന് ആഗ്രഹിച്ചിരുന്ന അവരെയും മറ്റ് ഏതാനും പേരെയും ചേര്‍ത്ത് രൂപതാധ്യക്ഷന്റെ അനുവാദത്തോടെ ഫാദര്‍ ലൂയിജി ഒരു ഇന്‍സ്റ്റിറ്റ്യൂട്ട് ആരംഭിച്ചു.
ആ കാലഘട്ടത്തില്‍ അദ്ദേഹം റോമില്‍വച്ച് ഒരു ധ്യാനത്തില്‍ പങ്കെടുത്തു. ക്രൂശിതനായ ഈശോയ്ക്കുവേണ്ടി സമ്പൂര്‍ണദാരിദ്ര്യത്തില്‍ ജീവിക്കണമെന്ന പ്രചോദനം ലഭിച്ച അദ്ദേഹം താന്‍ സ്ഥാപിച്ച ഇന്‍സ്റ്റിറ്റ്യൂട്ടിന് സിസ്റ്റേഴ്‌സ് ഓഫ് ദി പൂവര്‍ എന്ന പേരു നല്കി.
വൈദികര്‍ക്കായി 'തിരുക്കുടുംബത്തിന്റെ സഹോദരന്മാര്‍' എന്ന ഒരു സമൂഹവും അദ്ദേഹം ആരംഭിച്ചു.
ദാരിദ്ര്യത്തിന്റെയും കഠിനാധ്വാനത്തിന്റെയും ജീവിതം നയിച്ചിരുന്ന ഈ നല്ലിടയന്റെ ആരോഗ്യം ക്രമേണ ക്ഷയിക്കുകയും 1886 ജൂണ്‍ മാസം 15-ാം തീയതി 58-ാമത്തെ വയസ്സില്‍ ഇഹലോകവാസം വെടിയുകയും ചെയ്തു.
അദ്ദേഹം സ്ഥാപിച്ച സന്ന്യാസിനീസമൂഹം 1921 ല്‍ നാമകരണനടപടികള്‍ ആരംഭിക്കാന്‍ ബെര്‍ഗമോ രൂപതയില്‍ അപേക്ഷ നല്‍കി.
1963 നവംബര്‍ മാസം 19-ാം തീയതി ജോണ്‍ 23-ാം മാര്‍പാപ്പാ ലൂയി ജി മരിയ പലസ്സോളോയെ വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചു. ഇരുവരും ബെര്‍ഗമോയില്‍നിന്നുള്ളവരാണെന്ന കാര്യം അന്ന് അനുസ്മരിക്കപ്പെട്ടു.
ജൂണ്‍ 15 നാണ് തിരുനാള്‍ ദിനമായി നിശ്ചയിച്ചിരിക്കുന്നത്.