കൊച്ചി: അവരുടെ സങ്കടങ്ങള്‍ നമ്മളല്ലാതെ ആരു കേള്‍ക്കും! അവരുടെ ആകുലതകളില്‍ നമ്മളല്ലാതെ ആര് ആശ്വാസം പകരും... ചികിത്സ മാത്രമല്ല, കരുണാര്‍ദ്രമായ ഇടപെടലുകളും അവര്‍ ആഗ്രഹിക്കുന്നുണ്ട്.
പാലക്കാട് ജില്ലാ ആശുപത്രിയില്‍ ഐസൊലേഷന്‍ വാര്‍ഡില്‍ സേവനം ചെയ്യുന്ന സിസ്റ്റര്‍ ലിസ്‌ലെറ്റിന്റേതാണു വാക്കുകള്‍. രോഗികള്‍ക്കു കൃത്യമായി ചികിത്സയും പരിചരണവും നല്‍കുന്നതിനൊപ്പം അവരുടെ സങ്കടങ്ങളും ആശങ്കകളും കേട്ട് ആശ്വാസം പകരുകയാണ്, എസ്.ഡി. സന്ന്യാസിനീ സമൂഹത്തിന്റെ എറണാകുളം പ്രോവിന്‍സ് അംഗമായ സിസ്റ്റര്‍ ലിസ്‌ലെറ്റ്.
കൊവിഡ് സ്ഥിരീകരിച്ചു ചികിത്സയില്‍ കഴിയുന്ന രോഗികളുടെ തളര്‍ന്ന മനസുകളെ സമര്‍പ്പിതജീവിതത്തിന്റെ ഊര്‍ജംകൊണ്ടു ശക്തിപ്പെടുത്തുകയാണു സിസ്റ്റര്‍. കാര്യക്ഷമമായ ചികിത്സയാണ് അവര്‍ക്ക് ആശുപത്രികളില്‍ ലഭിക്കുന്നത്. അതിനൊപ്പം അവരുടെ മനസിന്റെ സന്തോഷവും ആശ്വാസവും ഉറപ്പാക്കാനുമാണു ശ്രമമെന്നും സിസ്റ്റര്‍ ഓര്‍മിപ്പിക്കുന്നു.
മാര്‍ച്ച്അവസാനവാരംമുതല്‍ കൊവിഡ് വാര്‍ഡിലാണ് സിസ്റ്റര്‍ ലിസ്‌ലെറ്റിന്റെ സേവനം. ആദ്യ ആഴ്ചകളില്‍ 14 ദിവസം കൊവിഡ് വാര്‍ഡിലെ ജോലിയും തുടര്‍ന്ന് 14 ദിവസം ക്വാറന്റൈനുമായിരുന്നു. ഇപ്പോള്‍ പത്തു ദിവസം ജോലിയും ഏഴു ദിവസം ക്വാറന്റൈനും. രോഗികളുടെ എണ്ണം വര്‍ധിച്ചതോടെ ജോലിഭാരവും കൂടി. ഇപ്പോള്‍ 270 കൊവിഡ് രോഗികള്‍ ഇവിടെ ചികിത്സയിലുണ്ട്. പാലക്കാട് നിര്‍ദിഷ്ട മെഡിക്കല്‍ കോളജില്‍ ക്രമീകരിച്ചിട്ടുള്ള ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററിലും സിസ്റ്റര്‍ സേവനം ചെയ്യുന്നുണ്ട്.
പിപിഇ കിറ്റ് ധരിച്ച് വാര്‍ഡില്‍ ജോലി ചെയ്യുന്നത് ആദ്യമൊക്കെ ബുദ്ധിമുട്ടായി തോന്നിയെങ്കിലും ഇപ്പോഴതു ശീലമായെന്നു സിസ്റ്റര്‍ ലിസ്‌ലെറ്റ് പറയുന്നു. ആറു കിലോമീറ്റര്‍ ദുരത്തുള്ള കല്ലേപ്പുള്ളി എസ്.ഡി. കോണ്‍വെന്റിലാണു താമസം. കൊവിഡ് രോഗികള്‍ക്കിടയിലാണു ജോലിയെന്നതിനാല്‍ കോണ്‍വെന്റിലെത്തിയാല്‍ മുകളിലെ നിലയില്‍ ഒറ്റയ്ക്കാണ്. ക്വാറന്റൈന്‍ ദിവസങ്ങളിലും അങ്ങനെതന്നെ.
എംഎസ്‌സി പഠനം പൂര്‍ത്തിയാക്കി പഴങ്ങനാട് സമരിറ്റന്‍ നഴ്‌സിംഗ് കോളജില്‍ എട്ടു വര്‍ഷം അധ്യാപികയായി സേവനം ചെയ്തിട്ടുള്ള സിസ്റ്റര്‍ ലിസ്‌ലെറ്റിനു ഒന്നര വര്‍ഷം മുമ്പാണു പിഎസ്‌സി വഴി പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിയമനം ലഭിച്ചത്. കടവന്ത്ര തോട്ടുംകത്തറ പരേതനായ തോമസിന്റെയും എല്‍സിയുടെയും മകളാണ്.