''ചാച്ചാനെഹ്‌റുവിനൊരു നാളില്‍
റ്റാറ്റാ പറയാന്‍ പോയീ ഞാന്‍
ഗാന്ധിത്തൊപ്പി ശിരസ്സിലണി
ഞ്ഞൊരു
ശാന്തന്‍ വന്നൂ എന്‍ മുന്നില്‍
ഭാരതദേശം കെട്ടിയുയര്‍ത്തിയ
ചാച്ചാജിക്കഭിവാദ്യങ്ങള്‍...
ഭാരതശില്പി ചാച്ചാജി -
നവഭാരതശില്പി ചാച്ചാജി...
ഒന്നാം ക്ലാസില്‍ പഠിക്കുമ്പോള്‍ ശിശുദിനറാലിയില്‍ വിളിച്ചുകൊടുക്കാന്‍ അച്ഛന്‍ എഴുതിത്തന്ന മുദ്രാവാക്യമാണിത്. അമ്മ എന്നെ അതു കാണാതെ പഠിപ്പിച്ചു. അഞ്ചുവയസ്സുകാരനായ ഞാന്‍ ഉറക്കെ വിളിച്ചുകൊടുത്ത ഈ 'അക്ഷരക്കൂട്ടം' മറ്റു കുട്ടികള്‍ ഏറ്റുവിളിച്ചു. ആയിരങ്ങള്‍ അതേറ്റുപാടി - എല്ലായിടത്തും ആഹ്ലാദം, എല്ലാവര്‍ക്കും സംതൃപ്തി! അതുകൊണ്ടുതന്നെ ഈ വരികള്‍ അന്‍പത്തിരണ്ടാം വയസ്സിലും ഒപ്പം നില്‍ക്കുന്നു, ശരികളുടെ കൃത്യതയാര്‍ന്ന താളബോധത്തോടെതന്നെ!
മത്സരവേദിയില്‍ അവതരിപ്പിക്കാനായി അച്ഛനെഴുതിത്തന്ന കഥാപ്രസംഗത്തില്‍ പാട്ടുരൂപേണ സദസ്സിലേക്കെത്തിക്കേണ്ടിയിരുന്ന നാലുവരി പിന്നീട് ഒരുപാടു സന്ദര്‍ഭങ്ങളില്‍ മുദ്രാവാക്യമായി വിളിച്ചുകൊടുത്തു:
''ബുദ്ധന്‍ വന്നു
ഗാന്ധിജി വന്നു
കൃഷ്ണന്‍ - ക്രിസ്തുവുമതു പോലെ,
മര്‍ത്ത്യന്‍ കണ്ണു തുറന്നില്ലാ
സത്യം പലതുമറിഞ്ഞില്ലാ
മര്‍ത്ത്യന്‍ മര്‍ത്ത്യനെയൊന്നായ് കാണും
ദിനമിനിയെന്നിങ്ങെത്തീടും!''
സന്ദര്‍ഭാനുസരണം ഒരച്ഛന്‍ മകനു പറഞ്ഞുകൊടുത്തതു നന്മയുടെ ചിത്രമായും മാനവികതയുടെ സംഗീതമായും ആ മകനില്‍ നിറയുമ്പോള്‍ അയാള്‍ പൊതുസമൂഹത്തിന്റെ അംഗീകാരം ഏറ്റുവാങ്ങുന്ന വനും സഹജീവികള്‍ക്കാകെയും സ്വീകാര്യനുമായി മാറുന്നുവെന്നുള്ളതാണ് പരമാര്‍ത്ഥം. ശൈശവ-ബാല്യങ്ങളിലെ ഈ ശബ്ദാനുഭവത്തിന്റെ ഭാവവും ഭാരവും സമൂഹത്തില്‍ പിന്നീടുണ്ടാക്കുന്ന സ്വാധീനം അളവറ്റതാണ്. അതുകൊണ്ടുതന്നെ ഒരച്ഛന്‍ അല്ലെങ്കില്‍ അമ്മ ബാലശ്രോത്രങ്ങളിലേക്കു പകരുന്ന ശബ്ദവും പദവുമെല്ലാം എത്രയോ വിലപിടിച്ചതാണെന്ന് ഓരോ രക്ഷിതാവും തിരിച്ചറിയേണ്ടതുണ്ട്-അവ ആകസ്മികമായുണ്ടാകുന്നവയാണെങ്കില്‍പ്പോലും!
സുഭദ്രയുടെ ഉദരത്തില്‍ കിടന്നുകൊണ്ടുതന്നെ അഭിമന്യു പടക്കളത്തിലെ പദ്മവ്യൂഹം ഭേദിക്കാന്‍ പഠിച്ചുവെന്ന് മഹാഭാരതകഥ. അമ്മയുടെ വയറ്റില്‍ കിടക്കുമ്പോഴേ കുഞ്ഞ് പ്രപഞ്ചമാഹാത്മ്യം അറിയുകയും അനുഭവിക്കുകയും ചെയ്യുന്നുവെന്ന് ആധുനികശാസ്ത്രവും സമര്‍ത്ഥിക്കുന്നു. നമ്മുടെ നാട്ടിലും ഗര്‍ഭകാലത്ത് സ്ത്രീകള്‍ പ്രാര്‍ത്ഥന ചൊല്ലിയും വേദപുസ്തകം വായിച്ചും വേദകഥകള്‍ കേട്ടും പഠിപ്പിച്ചും ഗര്‍ഭകാലം തികച്ചിരുന്നത് പലരുടെയും ഓര്‍മയിലുണ്ടാവും. പക്ഷേ, ഇന്ന് ഗര്‍ഭധാരണം മുതലിങ്ങോട്ടു സര്‍വഘട്ടങ്ങളിലും ജീവിതപരിസരങ്ങളിലെ അപസ്വരങ്ങള്‍ കേട്ടും മാതാവിനുണ്ടാകുന്ന ഭയവും ഞെട്ടലുമെല്ലാം അനുഭവിച്ചും പുറത്തേക്കു വരുന്ന പൈതല്‍ സ്വാഭാവികമായും 'മുടിയനായ പുത്രന്റെ' ശ്രേണിയിലേക്കു വളര്‍ന്നുവലുതാകുന്നതു സര്‍വസാധാരണമായിരിക്കുന്നു!
'ന്യൂ ജനറേഷന്‍' എന്നൊരു സാമാന്യവിളിപ്പേരു നല്‍കി ഒഴിഞ്ഞുമാറുകയെന്നതല്ല മുതിര്‍ന്നവരിവിടെ ചെയ്യേണ്ടത്. തലകുത്തി പുറത്തേക്കു വരുന്ന ഒരു കുഞ്ഞിനെ ധര്‍മത്തിന്റെയും നീതിബോധത്തിന്റെയും ഉറച്ച കാലുകളില്‍ ഉയര്‍ത്തിനിര്‍ത്തി വിശ്വമാനവനാക്കേണ്ട ചുമതല വീടും വിദ്യാലയങ്ങളും ഏറ്റെടുത്തേ മതിയാവൂ. വര്‍ഗീയതയുടെ വിഷദ്രാവകം 'ടോണിക്കാ'യി നല്‍കി പരിപോഷിപ്പിച്ചാല്‍ ജനശത്രുവായി അവന്‍ വളരും. മനസ്സു മാത്രമല്ല പഞ്ചേന്ദ്രിയങ്ങളും അവന്‍ ആയുധമാക്കും. നശീകരണത്തിന്റെ നരകങ്ങള്‍ സൃഷ്ടിച്ചവന്‍ എതിരാളികളെ ചുട്ടുകൊല്ലും. പാടില്ല - നല്ല വാക്കുകള്‍ ചൊല്ലിക്കൊടുത്തും നന്മയുടെ പാഠങ്ങള്‍ പറഞ്ഞുകൊടുത്തും നമുക്കു മക്കളെ വളര്‍ത്താം. അവര്‍ സമൂഹത്തിന്റെ സന്താനങ്ങളായി വളര്‍ന്നുവരട്ടെ. യുക്തിയും വിചാരവും വിവേകവും അവരില്‍ നിറയട്ടെ. തുടക്കം വീട്ടില്‍നിന്നാകണം. മനുഷ്യസ്‌നേഹത്തിന്റെ മഹദ്വചനങ്ങള്‍ നമ്മുടെ മക്കള്‍ ഉദ്‌ഘോഷിക്കുമ്പോള്‍ നമുക്കവരെ തോളിലേറ്റാം. ലോകം മുഴുവന്‍ കൊണ്ടുപോകാം.