പാലാ: പ്രവാസികള്‍ക്കു തൊഴില്‍ സാധ്യതകള്‍ കണെ്ടത്താന്‍ പാലാ രൂപത പ്രവാസി അപ്പോസ്റ്റലേറ്റ്, കേരള ലേബര്‍ മൂവ്‌മെന്റ് രൂപതാഘടകം, പാലാ സോഷ്യല്‍ വെല്‍ഫെയര്‍ സൊസൈറ്റി എന്നിവയുമായി സഹകരിച്ച് പദ്ധതികള്‍ രൂപീകരിക്കുന്നു. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന പാലാ രൂപതയിലെ നിരവധി പ്രവാസികള്‍ ജോലി നഷ്ടപ്പെട്ട് നാട്ടിലേക്കു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ആദ്യഘട്ടമെന്ന നിലയില്‍, നാട്ടില്‍ ചെയ്യാന്‍ സാധിക്കുന്ന തൊഴിലുകളെക്കുറിച്ചുള്ള ഡാറ്റാ കളക്ഷനും നിലവില്‍ പ്രവാസികളായവരുടെ രജിസ്‌ട്രേഷനുള്ള എന്‍ട്രി ഫോമും ഉള്‍പ്പെടെ രണ്ട് ഗൂഗിള്‍ ഫോമുകളുടെ ലോഞ്ചിംഗ് പാലാ രൂപത ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് നിര്‍വ്വഹിച്ചു.
കോവിഡ്‌രോഗബാധയുടെ പശ്ചാത്തലത്തില്‍ അന്യസംസ്ഥാനത്തൊഴിലാളികള്‍ സ്വദേശത്തേക്കു മടങ്ങിയതുമൂലം നാട്ടില്‍ ഉണ്ടായിരിക്കുന്ന നിരവധി തൊഴില്‍സാധ്യതകള്‍ കണെ്ടത്തി രൂപതയിലെ ഇടവകകളുടെയും സംഘടനകളുടെയും സഹകരണത്തോടെ ഏകോപിപ്പിക്കുകയാണ് ലക്ഷ്യം.
ലോക്ഡൗണ്‍കാലത്ത് വിവിധതരത്തില്‍ വിഷമിക്കുന്നവര്‍ക്ക് വിവിധ തലങ്ങളില്‍ സഹായങ്ങള്‍ നല്‍കിയതിനുപുറമേ, കേരളത്തിനു വെളിയില്‍നിന്നും ഇന്ത്യയ്ക്കു വെളിയില്‍ നിന്നും നാട്ടില്‍ എത്തുന്നവര്‍ക്ക് ക്വാറന്റൈന്‍ സൗകര്യത്തിനായി രൂപതയുടെ വിവിധ സ്ഥാപനങ്ങള്‍ ഗവണ്‍മെന്റിനു വിട്ടുകൊടുത്തിരുന്നു. ക്വാറന്റൈന്‍ സൗകര്യത്തിനായി വീടുകള്‍ കണെ്ടത്തി നല്‍കുന്നതോടൊപ്പം രോഗവ്യാപനം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ചികിത്സയ്ക്കും മറ്റു സൗകര്യങ്ങള്‍ക്കുമായി കൂടുതല്‍ സ്ഥാപനങ്ങള്‍ വിട്ടുനല്‍കാനുള്ള തയ്യാറെടുപ്പിലാണ് പാലാ രൂപത. ഗവണ്‍മെന്റിനെയും ആരോഗ്യപ്രവര്‍ത്തകരെയും പോലീസുകാരെയും ജനപ്രതിനിധികളെയും സഹായിക്കാനുള്ള വോളണ്ടിയര്‍സംഘങ്ങള്‍, കോവിഡ്‌രോഗം ബാധിച്ചു മരിക്കുന്നവരുടെ മൃതസംസ്‌കാരശുശ്രൂഷ ഉള്‍പ്പെടെ വിവിധ കാര്യങ്ങള്‍ കോര്‍ത്തിണക്കി രൂപത കോവിഡ് ടാസ്‌ക് ഫോഴ്‌സ് രൂപീകരിച്ചുവരുന്നു.
സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ഡോ. ജോസഫ് തടത്തില്‍, ഫാ. ബര്‍ക്കുമാന്‍സ് കുന്നുംപുറം, ഫാ. തോമസ് കിഴക്കേല്‍, ഫാ. ജോര്‍ജ്ജ് നെല്ലിക്കുന്നു ചെരിവുപുരയിടം, ഫാ. തോമസ് തയ്യില്‍, ഫാ. ജോണ്‍ എടേട്ട് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.