നമുക്കു സുപരിചിതമായ ഒരു പക്ഷിയാണല്ലോ കഴുകന്‍. വളരെ ഉയരത്തില്‍ പറക്കാന്‍ കഴിവുള്ള കഴുകന് ഒട്ടേറെ സവിശേഷതകളുണ്ട്.
കഴുകന്‍ കൂടുകെട്ടി മുട്ടയിടുക വളരെ ഉയര്‍ന്ന മരങ്ങളുടെ കവിളുകളിലാണ്. ചുള്ളിക്കമ്പുകള്‍ കോര്‍ത്തിണക്കി മനോഹരമായ കൂടുണ്ടാക്കാന്‍ കഴുകനു കഴിയും. മുട്ടവിരിഞ്ഞിറങ്ങുന്ന കുഞ്ഞുങ്ങളെ പട്ടുമെത്തയിലിരുത്തി പരിചരിക്കാന്‍, തീറ്റികൊടുത്തു വളര്‍ത്താന്‍ കഴുകന്‍ കാണിക്കുന്ന അതിശ്രദ്ധ ആരെയും അതിശയിപ്പിക്കും.
ഇങ്ങനെയൊക്കെയാണെങ്കിലും പപ്പും തൂവലുംവച്ച് കുഞ്ഞുങ്ങള്‍ പറക്കാറാകുമ്പോള്‍ തള്ളയുടെ വിധം മാറും. അതു പതുക്കെ കൂടിന്റെ ചുള്ളിക്കമ്പുകള്‍ വലിച്ചൂരി എടുത്തു മാറ്റിത്തുടങ്ങും. തിരഞ്ഞെടുത്ത മരക്കൊമ്പുകള്‍ ചേര്‍ത്ത് കുഞ്ഞുങ്ങള്‍ക്കു പ്രതിഷ്ഠാമണ്ഡപം തീര്‍ത്ത തള്ളതന്നെയാണ് ഇതു ചെയ്യുന്നതെന്നോര്‍ക്കണം. തീറ്റിതിന്നു കൂടുകളില്‍ സുഖമായിക്കഴിഞ്ഞിരുന്ന കുഞ്ഞുങ്ങളില്‍ അത് എന്തെന്നില്ലാത്ത അസ്വസ്ഥത ഉളവാക്കും. അവ അപശബ്ദമുണ്ടാക്കുകയും കമ്പുകളൂരുന്ന തള്ളയെ കൊത്താന്‍ ശ്രമിക്കുകയും ചെയ്യും. പക്ഷേ, തള്ള അതൊന്നും ഗൗനിക്കുകയേയില്ല. കുഞ്ഞുങ്ങളെ പൂര്‍വോപരി അലോസരപ്പെടുത്തിക്കൊണ്ട് അവള്‍ അവയുടെ മുകളില്‍ക്കൂടി ചിറകടിച്ചു പറക്കുകയും കൂടുകുലുക്കി ഇളക്കുകയും പൊളിക്കുകയും ചെയ്തുകൊണ്ടേയിരിക്കും.
ഇരിക്കപ്പൊറുതിയില്ലാതെ കൂടുവിടാന്‍ തയ്യാറാകുന്ന കുഞ്ഞുങ്ങള്‍ക്കു തള്ളക്കഴുകന്‍ തന്റെ ചിറകു വിരിച്ചു കാണിച്ചുകൊടുക്കുകയാണ്. മറ്റൊരു നിവൃത്തിയുമില്ലാതെ അവ തള്ളയുടെ ചിറകിലേക്കു കയറിപ്പറ്റും. കുഞ്ഞുങ്ങളെയുംകൊണ്ട് അവള്‍ സാവകാശം പൊങ്ങിയും താണും നീങ്ങിത്തുടങ്ങും. തള്ള പറന്നുതാഴുമ്പോള്‍ സ്വാഭാവികമായും കുഞ്ഞുങ്ങളുടെ ചിറകുകള്‍ വിരിഞ്ഞുപൊന്തും. അപ്പോള്‍ മാത്രമാണു തങ്ങള്‍ക്കു ചിറകുകളുണ്ടെന്നും പറക്കാന്‍ കഴിയുമെന്നും കുഞ്ഞുങ്ങള്‍ മനസ്സിലാക്കുക. അവറ്റയും പതുക്കെ പറന്നുതുടങ്ങുന്നു. അങ്ങനെ പറന്നുപറന്ന് അനന്തതയില്‍ അപ്രത്യക്ഷരാകുന്നു.
കുഞ്ഞുങ്ങളെ വളര്‍ത്തിവിടുന്ന കഴുകന്‍ വി. ഗ്രന്ഥത്തെയും ഒട്ടുവളരെ സ്വാധീനിച്ചിട്ടുണ്ട്. 'കൂടുചലിപ്പിക്കുകയും, കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും വിരിച്ച ചിറകുകളില്‍ അവയെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ' (നിയമാവര്‍ത്തനം 32:11) കര്‍ത്താവു നമ്മെ നയിക്കുന്നുവെന്നാണ് നാം അവിടെ വായിക്കുന്നത്.
നാം ഇരിക്കുന്ന കൂട് കുലുക്കപ്പെട്ടേക്കാം; അതു നമ്മില്‍ അസ്വസ്ഥത സൃഷ്ടിക്കുകയും ചെയ്‌തേക്കാം. എന്നാലും, യഥാസമയം കര്‍ത്താവു നമ്മെ ചിറകുകളില്‍ വഹിക്കുകയും 'അത്യുന്നതങ്ങളില്‍' എത്തിക്കുകയും ചെയ്യും. എല്ലാം നമ്മുടെ നന്മയ്ക്കുവേണ്ടിയുള്ള അനന്തപരിപാലനയുടെ ഭാഗങ്ങളാണെന്നാണു വര്‍ണഭംഗിയോടെ വി. ഗ്രന്ഥം അവിടെ അവതരിപ്പിക്കുന്നത്.
ജീവിതസായാഹ്നത്തിലെത്തിച്ചേരുന്നവരെ ഓരോരോ മാറാരോഗങ്ങള്‍ അലട്ടിത്തുടങ്ങുക സ്വാഭാവികമാണ്. മനസ്സുനിറയെ മയില്‍പ്പീലി വിരിയുന്ന ഭാവനയുടെ നിമിഷങ്ങളിലാവും അപ്രതീക്ഷിതമായി ദീനരോഗാദികള്‍ കടന്നാക്രമിക്കുക. റെയില്‍പ്പാതപോലെ നീണ്ടുനീണ്ടു കിടക്കുന്ന ജീവിതത്തിന്റെ ടെര്‍മിനലുകളില്‍നിന്നെത്തുന്ന സിഗ്നലുകളാണവ. അപ്പോള്‍ ഓര്‍മിക്കുക: കഴുകനെപ്പോലെ കര്‍ത്താവും കൂടു ചലിപ്പിച്ചു തുടങ്ങുന്നു - പറന്നുയരുവാനുള്ള സമയമായി വരുന്നു.
കൂടിളക്കിയില്ലെങ്കില്‍ ഒരു കാലത്തും കുഞ്ഞുങ്ങള്‍ പറക്കാന്‍ പഠിക്കുകയില്ല. അവറ്റ അവിടെത്തന്നെ കഴിഞ്ഞുകൂടുകയേയുള്ളൂ.
വല്യപ്പച്ചനു പ്രായമായി. പഴയതുപോലെ കാര്യങ്ങള്‍ നീങ്ങുന്നില്ല. വിറയും വാതവും അലട്ടിത്തുടങ്ങുന്നു - അതോടൊപ്പം സന്ധിവേദനകളും പ്രഷറും പ്രമേഹവും. എങ്കിലും അത്തരം സന്ദര്‍ഭങ്ങളില്‍ അസ്വസ്ഥനാകരുത്; പിറുപിറുക്കുകയും പരാതി പറയുകയും ചെയ്യരുത്. കര്‍ത്താവിന്റെ കാലൊച്ചകളാണവ. ജരാനരകള്‍ പ്രായാധിക്യത്തിന്റെ ഭാഗമാണെന്നല്ലേ പുരാണങ്ങള്‍ പറയുക.
തേഞ്ഞുമാഞ്ഞ മഞ്ഞപ്പല്ലുകളോടെ, ചുക്കിച്ചുളിഞ്ഞ പുറംചര്‍മങ്ങളോടെ വാര്‍ദ്ധക്യം വന്നണയുമ്പോള്‍ അരനിമിഷംപോലും അറച്ചുനില്ക്കരുത്; ഗതകാലസ്മരണകളുമായി ഉറക്കം തൂങ്ങുകയുമരുത്. അന്യഗ്രഹജീവികളെപ്പോലെ ഇവിടെ ഒതുങ്ങിക്കഴിയുന്ന നാം മറ്റൊരു ലോകത്തിനുവേണ്ടിയാണു വിളിക്കപ്പെട്ടിരിക്കുന്നത്. കൂടുവിട്ടുപോകുവാനുള്ള ചൂളംവിളികളുയരുമ്പോള്‍ യാത്രയ്‌ക്കൊരുങ്ങിത്തുടങ്ങുകതന്നെവേണം. ഇതു വെറും ചുള്ളിക്കമ്പുകളുടെ കൂടാണ്, നിശ്ശേഷം നശിച്ചുപോകേണ്ട കൂട്. അനശ്വരമായ ഒന്ന് നമ്മെ കാത്തിരിക്കുന്നു.
ഒരു വയോവൃദ്ധന്റെ ആത്മഹത്യ അടുത്തനാളില്‍ മാധ്യമങ്ങളിലെ വാര്‍ത്തയായിരുന്നല്ലോ. ആളിനു കലശലായ വയറുവേദന. വിദഗ്ധപരിശോധനയില്‍ രോഗം കാന്‍സറാണെന്നു കണ്ടുപിടിക്കപ്പെട്ടു. ഇനി അധികകാലം ജീവിച്ചിരിക്കാനിടയില്ലെന്നു മനസ്സിലാക്കി വൃദ്ധന്‍ പിന്നെ കൂടുതലൊന്നും ആലോചിച്ചു സമയം കളഞ്ഞില്ല. കീടനാശിനി കലക്കിക്കുടിച്ച് ഉടനടി ആത്മഹത്യ ചെയ്തു!
സ്രഷ്ടാവു കൂടുകുലുക്കിത്തുടങ്ങിയെന്നതു സത്യമായിരുന്നു. പക്ഷേ, അബദ്ധം കാണിക്കാന്‍ പാടില്ലായിരുന്നു. എപ്പോഴാണു കൂടുവിടേണ്ടത് എന്നു തീരുമാനിക്കുന്നതു കഴുകന്‍കുഞ്ഞല്ല, തള്ളയാണ്. ശല്യമെന്നു കരുതി അനവസരത്തില്‍ സാഹസം കാണിക്കുന്ന ഒരു കുഞ്ഞും രക്ഷപ്പെടുകയില്ല.
സൂചനകളേറ്റുവാങ്ങി സാവകാശമാണു തയ്യാറാവേണ്ടത്. അതുവരെ ഉള്ള കമ്പുകളില്‍ ഉറച്ചിരിക്കുകയും വേണം. സമയമാകുമ്പോള്‍ തള്ളതന്നെ തള്ളിയിട്ടുകൊള്ളും. തീറ്റിതന്നു വളര്‍ത്തിയ തള്ളയല്ലേ അതു ചെയ്യുന്നത്? ഭയപ്പെടേണ്ട. എല്ലാം നന്മയ്ക്കായിട്ടാണ്.
കൂടുകുലുക്കി ഇളക്കുന്ന തള്ളയെ വിരട്ടാന്‍ വാ പിളര്‍ത്തുന്ന കുഞ്ഞുങ്ങളെപ്പോലെ നാമും എതിര്‍ത്തു നില്ക്കരുത്. എതിര്‍ത്തിട്ട് ഒരു കാര്യവുമില്ല. തന്റെ കുഞ്ഞുങ്ങളും കൂടുവിട്ട് തന്നെപ്പോലെ അനന്തവിഹായസ്സില്‍ പറന്നുയരണമെന്നാണ് ഓരോ കഴുകനും ആഗ്രഹിക്കുക. അതിനുവേണ്ടി മാത്രമാണ് അതു കൂടു പൊളിക്കുന്നത്.
'തന്റെ ദൈവികജീവനില്‍ നമ്മെ പങ്കുകാരാക്കാന്‍വേണ്ടിയാണ്' ദൈവവും ഈ 'കൂടു'കളില്‍നിന്നു നമ്മെ വിളിച്ചിറക്കുന്നത്. സ്രഷ്ടാവിന്റെ അനന്തപരിപാലനയ്ക്കും പദ്ധതിക്കും നമുക്കു നമ്മെത്തന്നെ സന്തോഷപൂര്‍വം വിട്ടുകൊടുക്കാം.