•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മഴയെത്തുംമുമ്പേ...

ഴക്കാലം  ഒരിക്കല്‍ക്കൂടിയെത്തുമ്പോള്‍  മനസ്സില്‍ പെയ്തുനിറയുന്നത് ഗൃഹാതുരമായ ഒരുപിടി ഓര്‍മകള്‍... ഇതെഴുതുമ്പോഴും പുറത്ത് മെല്ലെ മെല്ലെ  മഴ പെയ്യുന്നുണ്ട്. മഴ അന്നുമിന്നും മലയാളിയുടെ താളവും ചലനവുമാണ്. ഇടവപ്പാതി കനത്തു പെയ്ത പണ്ടത്തെ പ്രഭാതങ്ങളില്‍, മഴ കുടയിലൂടെ ചെരിഞ്ഞുവന്ന് പുത്തന്‍ യൂണിഫോമിലേക്കു വീഴുന്നതു കണ്ട് പുസ്തകബാഗും ഒതുക്കിപ്പിടിച്ചു നടന്ന കാലങ്ങളൊക്കെ ഓര്‍മയിലുണ്ട് ഇന്നും. മഴ പെയ്തു വെള്ളം മൂടിക്കിടന്ന റോഡിലെ ചെറിയ കുഴികളില്‍ വെള്ളം ചവിട്ടിത്തെറിപ്പിച്ചു നടന്നിരുന്ന കൂട്ടുകാര്‍ക്കൊപ്പം  വീട്ടിലേക്കുള്ള സായാഹ്നങ്ങള്‍. എത്രകണ്ടാലും മതിവരാത്ത  ഒരു വശീകരണമുണ്ടായിരുന്നു അന്നത്തെ മഴയ്ക്ക്. ഇന്ന്  കാലവര്‍ഷമെത്തുമ്പോള്‍ ചുവപ്പ്, ഓറഞ്ച്, മഞ്ഞ അലെര്‍ട്ടുകളിലാണ് മഴയെ, മണ്‍സൂണിനെ നാം അറിയുന്നത്.
അന്നൊക്കെ മഴ ഒരു അനുഭൂതിയായിരുന്നു, വികാരമായിരുന്നു.  ഇടവപ്പാതി നിറഞ്ഞു  പെയ്തിരുന്നത് പ്രണയാര്‍ദ്രമായ മനസ്സുകളിലേക്കാണ്.  പൊള്ളുന്ന വേനല്‍ കടന്ന് തോടും പുഴകളും വറ്റി, ദാഹജലത്തിന് ജനം കാതങ്ങളോളം നെട്ടോട്ടമോടുമ്പോഴാവും മഴയുടെ വരവ്. അതങ്ങനെ നിന്നു പെയ്യും. ഇന്നത്തെ രൗദ്രഭാവം ഇല്ലായിരുന്നു അന്നൊന്നും മഴയ്ക്ക്.
മഴ  എന്നും  എഴുത്തുകാരുടെ പ്രിയപ്പെട്ട വിഷയമാണ്. മഴയില്‍ പ്രണയത്തെ അറിഞ്ഞവരേറെ, കാല്പനികമായി അതിലേക്കു പ്രണയം പെയ്യിച്ചവരേറെ, അതിന്റെ രൗദ്രതയെ എഴുത്തില്‍ നിറച്ചവരേറെ.
'രാത്രിമഴ, ചുമ്മാതെ
കേണും ചിരിച്ചും
വിതുമ്പിയും നിര്‍ത്താതെ
പിറുപിറുത്തും നീണ്ട
മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു
യുവതിയാം ഭ്രാന്തിയെപ്പോലെ..' എന്ന് സുഗതകുമാരി.  
അതേ, മഴയ്ക്കു മുഖങ്ങള്‍ പലതാണ്. ചന്നംചിന്നം പെയ്തു തുടങ്ങി, ഭൂമിയെ കുളിര്‍പ്പിച്ച്, തണുപ്പിച്ച് പിന്നെ  സംഹാരഭാവം പൂണ്ട് ചിലപ്പോള്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ഉരുള്‍പൊട്ടലുമായി അതു ഭീതി വിതയ്ക്കുന്നു, പലപ്പോഴും  സംഹാരരുദ്രയാകുന്നു. മഴയെന്നു കേള്‍ക്കുമ്പോഴേ ഇന്നു ഭയമാണ്. ഒരു മഴയെത്തുമ്പോഴേ നാടെങ്ങും വെള്ളത്തില്‍ മുങ്ങുന്നു. വെള്ളമെപ്പോഴാണ് പുഴ മുറിച്ചു പറമ്പിലേക്കും മുറ്റത്തേക്കും എത്തുകയെന്ന ഭയം ഉള്ളില്‍ നിറയുന്നു.
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ ഒരു മഴക്കവിതയിങ്ങനെ:
'പ്രളയമാണെങ്ങും
ഇടവരാത്രിതന്‍
കരിമുകില്‍ച്ചിറ
മുറിഞ്ഞു പേമഴ-
യിടിഞ്ഞു ചാടുന്നു
ഇടയ്ക്കു കൊള്ളിയാന്‍
വെളിച്ചത്തില്‍ക്കാണാം
കടപുഴകിയ
മരങ്ങളും, ചത്ത
മൃഗങ്ങളും, മര്‍ത്ത്യ
ജഡങ്ങളും, ജല
പ്രവാഹത്തില്‍ച്ചുഴ-
ന്നൊലിച്ചുപോകുന്നു.'
കേരളത്തില്‍ വീണ്ടും  മഴക്കാലമെത്തുകയാണ്. അടുത്ത ദിവസങ്ങളില്‍ പെയ്ത മഴയില്‍ ത്തന്നെ പലയിടങ്ങളിലും വെള്ളം കയറി. ആറുകളും പുഴകളും  പാടങ്ങളും  നിറച്ച് റോഡിലേക്കും വീട്ടുമുറ്റത്തേക്കും വീട്ടകങ്ങളിലേക്കും വെള്ളം വഴിമാറിയൊഴുകുമ്പോള്‍ എന്തു ചെയ്യണമെന്നറിയാതെ പകച്ചുനില്‍ക്കുകയാണു നാടെങ്ങും.
ഇന്നു പണ്ടത്തേതുപോലെയല്ല; പ്രകൃതി മാറി, കാലാവസ്ഥ ആഗോളതലത്തില്‍ത്തന്നെ മാറി, അതിന്റെ പ്രത്യാഘാതങ്ങളിലൂടെയാണ് നമ്മുടെ നാടും കടന്നുപോകുന്നത്. മഴയുടെ ഭാവം മാറിയിരിക്കുന്നു, അതു കലിതുള്ളുന്നു. കൂലം കുത്തിപ്പായുന്ന പുഴയിലേക്കു കാറ്റില്‍  മുറിഞ്ഞു വീഴുന്ന മരക്കൊമ്പുകള്‍. എപ്പോഴാണ് പുഴ പാടം മുറിച്ചുകടക്കുക എന്നോര്‍ത്ത് വേവലാതിപ്പെടുന്നവര്‍.  കുറച്ചു  വര്‍ഷങ്ങളായി കേരളം ഇത്തരമൊരു അവസ്ഥയിലാണ്. വെള്ളത്തിനു സുഗമമായി ഒഴുകിപ്പോകാന്‍ ഇടം ലഭിക്കുന്നില്ല എന്നതാണ് ഇവിടെ എടുത്തു പറയേണ്ട കാര്യം.
പ്രളയത്തിലേക്കും മണ്ണിടിച്ചിലിലേക്കും എത്തുന്നതറിഞ്ഞിട്ടും അതിനെ ശാസ്ത്രീയരീതികളിലൂടെ  പ്രതിരോധിക്കാനുള്ള വഴികള്‍ നാം തേടുന്നില്ല. അശാസ്ത്രീയമായ ഓടനിര്‍മാണവും മാലിന്യനിക്ഷേപവും ഓടകളെ നോക്കുകുത്തികളാക്കുന്നു. പലേടത്തും സംസ്ഥാന പാതകള്‍ക്കും ജില്ലാ പാതകള്‍ക്കും അരികെ  പൊതുമരാമത്ത് വകുപ്പ് നിര്‍മിച്ചിട്ടുള്ള ഓടകള്‍ക്കൊണ്ട് ഒരു പ്രയോജനവും ഉണ്ടാകുന്നില്ല. ഓടകളിലൂടെ ഒഴുകേണ്ട വെള്ളം റോഡുകളിലൂടെ പാഞ്ഞ് റോഡും സമീപപ്രദേശത്തെ സ്ഥാപനങ്ങളും മാലിന്യക്കൂമ്പാരമാകുന്ന അവസ്ഥ. കൊച്ചി നഗരത്തിലെയൊക്കെ അവസ്ഥ ഏറെ പരിതാപകരമാണ്. കഴിഞ്ഞ ദിവസങ്ങളിലെ ചെറിയ മഴയില്‍പോലും നഗരവും പരിസരവുമെല്ലാം വെള്ളത്തിലായതു നാം കണ്ടു. ഇവിടെ പല ഓടകള്‍ക്കും  ആഴമോ പെയ്ത്തുവെള്ളം ഉള്‍ക്കൊള്ളാനുള്ള വലിപ്പമോ വെള്ളം ഒഴുകാനുള്ള ചരിവോ ഇല്ല. തോടുകളും ഉപതോടുകളും കാനകളും ഉപകാനകളും കായലിലേക്കു വെള്ളം ഒഴുകിപ്പോകാനാവുന്ന വിധത്തില്‍ ബന്ധിപ്പിക്കപ്പെട്ടിട്ടില്ല. തോടുകളില്‍ വെള്ളം ഒഴുകാതെ കെട്ടിനില്‍ക്കുകയാണ്. മഴ ശക്തമാകുന്നതോടെ കാനകളും ഓടകളും നിറഞ്ഞ് റോഡിലെല്ലാം വെള്ളക്കെട്ടും ചെളിയും നിറയുന്നു.  
തോടുകളും കാനകളുമെല്ലാം  കൈയേറ്റംമൂലം വീതി ചുരുങ്ങിയ നിലയിലാണ്. കോടികള്‍ മുടക്കി നിര്‍മിക്കുന്ന റോഡുകള്‍ അശാസ്ത്രീയമായ ഓടനിര്‍മാണം കാരണം കുത്തിയൊലിച്ചു വരുന്ന വെള്ളത്തില്‍ തകരുകയാണ്. വെള്ളപ്പൊക്കം ഒഴിവാക്കാന്‍ ഇത്തരം കാര്യങ്ങളില്‍ അധികൃതരുടെ ശ്രദ്ധ പതിയേണ്ടിയിരിക്കുന്നു.
ചെളി കോരി ആറുകള്‍ക്ക് ആഴം കൂട്ടുന്നതിലൂടെ വെള്ളം കൂടുതല്‍ വ്യാപ്തിയിലും ആഴത്തിലും ഒഴുകിപ്പോകാന്‍  സാധിക്കും. മഴക്കാലം ശക്തമാകുന്നതിനുമുമ്പേ ഇത്തരം കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടിയിരിക്കുന്നു.  

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)