ലോകത്തിലെതന്നെ ആദ്യക്രൈസ്തവദേവാലയങ്ങളിലൊന്നായ റോമിലെ മൈനര്‍ ബസിലിക്കപദവിയുള്ള ഏറ്റവും പുരാതനമായ സാന്താ അനസ്താസ്യാ ദേവാലയം സീറോ മലബാര്‍ സഭയെ ഏല്പിച്ചുകൊണ്ട് ഫ്രാന്‍സിസ് പാപ്പായുടെ റോമിലെ വികാരി ജനറാള്‍ കര്‍ദ്ദിനാള്‍ അഞ്ചലോ ദെ ഡൊണാത്തിസ് ഡിക്രി പുറപ്പെടുവിച്ചു. അപ്പസ്‌തോലികപാരമ്പര്യത്തിലും വിശ്വാസത്തിലും ലോകത്തിലെ ഏറ്റവും പുരാതന വ്യക്തിസഭകളില്‍ ഒന്നായ സീറോ മലബാര്‍ സഭയ്ക്ക്. റോമിലെ പരിശുദ്ധ സിംഹാസനം നല്‍കിയ അംഗീകാരമായി വേണം ഈ ദേവാലയലബ്ധിയെ കണക്കാക്കാന്‍.
ക്രിസ്തുവര്‍ഷം 325-326 കാലഘട്ടത്തില്‍ കണ്‍സ്റ്റന്റൈന്‍ ചക്രവര്‍ത്തിയാണ് ഈ ബസിലിക്കാനിര്‍മാണം ആരംഭിച്ചത്. പുരാതനറോമന്‍ സാമ്രാജ്യത്തിന്റെ ഭരണസിരാകേന്ദ്രമായ പാലത്തീന്‍ കുന്നില്‍ കൊളോസിയത്തിന്റെ അടുത്ത് നിര്‍മിക്കപ്പെട്ട ഈ ദേവാലയത്തില്‍ വിശുദ്ധ ജെറോം ശുശ്രൂഷ ചെയ്തിട്ടുണ്ട്. ജറുസലേമില്‍നിന്നു തിരുശേഷിപ്പുകള്‍ റോമിലെ ഈ ദേവാലയത്തിലേക്കു കൊണ്ടുവന്നതും സ്ഥാപിച്ചതും വിശുദ്ധ ജെറോം ആണ്. ഏഴാം നൂറ്റാണ്ടുവരെ മാര്‍പാപ്പാമാര്‍ ക്രിസ്മസ് ബലി അര്‍പ്പിച്ചിരുന്നത് ഈ ദേവാലയത്തിലായിരുന്നു. ഇപ്പോള്‍ കാണപ്പെടുന്ന ദേവാലയം പതിനേഴാം നൂറ്റാണ്ടില്‍ പണിതീര്‍ത്തതാണ്.
റോമില്‍ ആദ്യമായി നിത്യാരാധനകേന്ദ്രം ആരംഭിച്ചതും ഈ ദേവാലയത്തില്‍ത്തന്നെയാണ്. 2011 മുതല്‍ റോമിലെ സാന്തോം സീറോ മലബാര്‍ സഭ കൂട്ടായ്മയംഗങ്ങള്‍ ഇടവകയുടെ തിരുക്കര്‍മ്മങ്ങള്‍ ചെയ്തിരുന്നത് ഈ ദേവാലയത്തിലാണ്. റോമിലെ സീറോ മലബാര്‍ വിശ്വാസികളുടെ അജപാലനാധികാരമുള്ള മാര്‍ സ്റ്റീഫന്‍ ചിറപ്പണത്തിന്റെയും, വൈദികരുടെയും വിശ്വാസികളുടെയും പ്രാര്‍ത്ഥനയും പരിശ്രമവുമാണ് ഇതിനു കാരണമായത്. 2019 ഒക്ടോബര്‍ മാസത്തില്‍ ആദ് ലമിന സന്ദര്‍ശനത്തിനു വന്ന സീറോ മലബാര്‍ മെത്രാന്മാര്‍ റോമില്‍ സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ഒരു ദേവാലയം വേണമെന്ന് ഫ്രാന്‍സിസ് പാപ്പയോട് ആവശ്യപ്പെട്ടിരുന്നു.