വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ ക്രിസ്തുവിശ്വാസത്തെപ്രതി ജീവത്യാഗം ചെയ്ത ഭാരതത്തിലെ ആദ്യ അല്മായ രക്തസാക്ഷി ദേവസഹായംപിള്ളയെ 2022 മേയ് 15 ന് ഫ്രാന്‍സിസ് പാപ്പാ വിശുദ്ധനായി പ്രഖ്യാപിച്ചു. തങ്ങളെക്കുറിച്ചുള്ള ദൈവത്തിന്റെ സ്വപ്നം നിറവേറ്റിയവരാണ് വിശുദ്ധരെന്ന് പരിശുദ്ധ ഫ്രാന്‍സിസ് മാര്‍പാപ്പാ പ്രസ്താവിച്ചു. നാമോരോരുത്തരെക്കുറിച്ചും ദൈവത്തിനുള്ള സ്വപ്നം സഫലമാക്കാന്‍ പരിശ്രമിക്കണമെന്ന് പരിശുദ്ധപിതാവ് ആഹ്വാനം ചെയ്തു. യേശു ശിഷ്യന്മാരെ ഏല്പിച്ച പരമോന്നതദൗത്യം സ്‌നേഹമാണെന്ന് പരിശുദ്ധപിതാവ് ഓര്‍മിപ്പിച്ചു. നാമകരണച്ചടങ്ങിനു സാക്ഷ്യം വഹിക്കാന്‍ നൂറുകണക്കിനാളുകളാണ് തമിഴ്‌നാട്ടില്‍നിന്നും കേരളത്തില്‍നിന്നും വത്തിക്കാനിലെത്തിയത്. ദേവസഹായംപിള്ളയെക്കൂടാതെ മറ്റ് ഒന്‍പതു പേരെക്കൂടി വിശുദ്ധരായി പ്രഖ്യാപിച്ചു.
വിശുദ്ധരുടെ നാമകരണത്തിനുള്ള വത്തിക്കാന്‍ കാര്യാലയത്തിന്റെ അധ്യക്ഷന്‍ കര്‍ദിനാള്‍ മര്‍ച്ചെല്ലോ സെമറാറോ വാഴ്ത്തപ്പെട്ടവരായ പത്തുപേരുടെയും ലഘുജീവചരിത്രം വായിച്ച് അവരെ വിശുദ്ധരായി പ്രഖ്യാപിക്കണമെന്ന് പരിശുദ്ധ പിതാവിനോട് അപേക്ഷിച്ചു. സകലവിശുദ്ധരുടെയും ലുത്തിനിയയ്ക്കുശേഷം പരിശുദ്ധപിതാവ് അവരെ നാമകരണം ചെയ്തുകൊണ്ടുള്ള പ്രഖ്യാപനം നടത്തി. പിന്നീട് നവവിശുദ്ധരുടെ തിരുശേഷിപ്പുകള്‍ സൂക്ഷിച്ചിരിക്കുന്ന മദ്ബഹയിലെ പീഠത്തിലേക്കു ധൂപാര്‍ച്ചനയുമായി പ്രതിനിധികളെത്തി. ഡിഎംഐ സന്ന്യാസിനീസമൂഹത്തിന്റെ സുപ്പീരിയര്‍ ജനറല്‍ സിസ്റ്റര്‍ ലളിത പുതിയ ഭാരതീയവിശുദ്ധനെ ആദരിച്ചു.
ഫ്രഞ്ച്, തമിഴ്, സ്പാനിഷ്, ഡച്ച്, ഇറ്റാലിയന്‍ ഭാഷകളില്‍ പ്രഘോഷണപ്രാര്‍ത്ഥനകള്‍ നടത്തി. കോയമ്പത്തൂരില്‍നിന്നുള്ള ലീമ തമിഴ്ഭാഷയിലെ പ്രാര്‍ത്ഥനകള്‍ ചൊല്ലി.
സീറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സീറോ മലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവാ, ബോംബെ ആര്‍ച്ചുബിഷപ് ഡോ. ഓസ്‌വാള്‍ഡ് ഗ്രേഷ്യസ് എന്നിവരെക്കൂടാതെ ഇരുപത്തിരണ്ടു മെത്രാന്മാരും നിരവധി വൈദികരും കന്യാസ്ത്രീകളും ആയിരത്തിലധികം അല്മായരും ഇന്ത്യയില്‍നിന്നു നാമകരണച്ചടങ്ങുകളില്‍ പങ്കെടുത്തു.
2019 ഒക്ടോബറില്‍ സെന്റ് ജോണ്‍ ഹെന്റി ന്യൂമാനും മറ്റു നാലു പേര്‍ക്കും ശേഷം തിരുസ്സഭയില്‍ നടക്കുന്ന ആദ്യ വിശുദ്ധപദപ്രഖ്യാപനമാണിത്.
ഇറ്റാലിയന്‍ പ്രസിഡന്റ് സെര്‍ജിയോ മാറ്ററെല്ല, ഫ്രഞ്ച് ആഭ്യന്തരമന്ത്രി ജെറാള്‍ഡ് ഡാര്‍മനിന്‍, ഡച്ച് വിദേശകാര്യ മന്ത്രി വോപ്‌കെ ഹോക്സ്ട്രാ, തമിഴ്‌നാട് ന്യൂനപക്ഷ മന്ത്രി ജിംഗീ കെ.എസ്. മസ്താന്‍, ഹൈ ഇസ്ലാമിക് കമ്മിറ്റിയുടെ അള്‍ജീരിയന്‍ പ്രസിഡന്റ് ബൗബ്ദല്ല ഗൗലമല്ല എന്നിവരും സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ നടന്ന ചടങ്ങില്‍ പങ്കെടുത്തു.
വിശുദ്ധകുര്‍ബാനയ്ക്കുശേഷം പ്രത്യേക വാഹനത്തില്‍ മാര്‍പാപ്പാ ജനക്കൂട്ടത്തിനിടയിലൂടെ സഞ്ചരിക്കുകയും ആശീര്‍വദിക്കുകയും ചെയ്തു. അര ലക്ഷത്തിലധികം ആളുകളാണ് സെന്റ് പീറ്റേഴ്‌സ് ചത്വരത്തില്‍ ചടങ്ങുകളില്‍ പങ്കെടുത്തത്.