ഹലോ; ഡിസ്മാസ്!
വളരെയേറെ തപ്പിത്തിരഞ്ഞതിനുശേഷമാണ് താങ്കളുടെ പേരു മനസ്സിലാക്കാന്‍ കഴിഞ്ഞത്; ഡിസ്മാസ്! ഒരു പഴയ യഹൂദപാരമ്പര്യകഥയില്‍ താങ്കളുടെ പേര് രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്.
ഇക്കാലമത്രയും ഞങ്ങള്‍ താങ്കള്‍ക്ക് ഒരു വിളിപ്പേരിട്ടിരുന്നു; നല്ല കള്ളന്‍! ഒന്നു ചോദിക്കട്ടെ, തൊഴിലിലുള്ള താങ്കളുടെ സാമര്‍ത്ഥ്യമാണോ താങ്കള്‍ക്ക് ആ പേരു തന്നത്? അതോ താങ്കളുടെ ഹൃദയത്തില്‍ ലേശം നന്മ ഉണ്ടായിരുന്നതുകൊണ്ടോ?
ചിന്ത ഇത്രയുമായപ്പോള്‍ താങ്കളെക്കുറിച്ച് സുവിശേഷകര്‍ത്താക്കള്‍ എന്താണു രേഖപ്പെടുത്തിയിരിക്കുന്നത് എന്നറിയാനുള്ള ആകാംക്ഷയായി. സുവിശേഷകര്‍ നാലുപേരും താങ്കളെക്കുറിച്ചു പറഞ്ഞിട്ടുണ്ട്; കവര്‍ച്ചക്കാര്‍, കുറ്റവാളികള്‍ എന്നൊക്കെ.
കുരിശില്‍ തറയ്ക്കപ്പെട്ട കുറ്റവാളികളും യേശുക്രിസ്തുവും തമ്മിലൊരു സംഭാഷണം! അങ്ങനെയൊന്നു രേഖപ്പെടുത്തിയിരിക്കുന്നത് സുവിശേഷകനായ ലൂക്കാ മാത്രമാണ്. ലൂക്കായുടെ സുവിശേഷത്തില്‍നിന്നാണ് കര്‍ത്താവിന്റെ വലതുവശത്തു തൂക്കപ്പെട്ട കുറ്റവാളി താങ്കളായിരുന്നു എന്ന് ഊഹിക്കാന്‍ കഴിയുക.
കുറ്റവാളികളുടെ അടിസ്ഥാനസ്വഭാവം വിളിച്ചോതുന്നതായിരുന്നു ആ സമയത്തെ അവരുടെ വായ്ത്താരികള്‍. ജനപ്രമാണികളും റോമന്‍പടയാളികളും യേശുവിനെ പരിഹസിച്ചുകൊണ്ട് കര്‍ത്താവിന്റെ കുരിശാരോഹണം ആഘോഷിക്കുകയായിരുന്നല്ലോ. ആ കൂട്ടത്തില്‍ത്തന്നെയായിരുന്നല്ലോ ഇടതുവശത്തു തൂക്കപ്പെട്ടവനും. അയാള്‍ എന്താ വിളിച്ചുകൂവിയത്? ''നീ ക്രിസ്തുവല്ലേ നിന്നെയും ഞങ്ങളെയും രക്ഷിക്കുക.'' താങ്കളും അതു കേട്ടതാണല്ലോ. താങ്കള്‍ അതിന് അവനെ ശാസിക്കുകയും ചെയ്തു. താങ്കളും കര്‍ത്താവിന്റെ വലത്തുവശത്ത് കുരിശില്‍ തൂങ്ങി അവിടത്തെ ദാരുണാന്ത്യത്തിനു സാക്ഷിയാവുകയായിരുന്നല്ലോ. ഇക്കാര്യം വളരെ വ്യക്തമായിത്തന്നെ വിശുദ്ധ ലൂക്കാ രേഖപ്പെടുത്തിയിട്ടുണ്ടു കേട്ടോ.
ഇത്തരുണത്തില്‍ താങ്കളുടെ മനോഭാവത്തിന് അനുരൂപമാര്‍ന്ന ചില പരാമര്‍ശങ്ങള്‍ പഴയ ചില പാരമ്പര്യങ്ങളില്‍ കാണാന്‍ കഴിയുന്നുണ്ട്. മരണാസന്നനായിരുന്നു താങ്കള്‍. അപ്പോഴും താങ്കളുടെ ദൃഷ്ടി എന്തിലോ തറച്ചിരുന്നു. എന്തായിരുന്നു അത്; ആ കാഴ്ച? മറിയം! യേശുവിന്റെ അമ്മ! അവിടെ കുരിശിന്‍ചുവട്ടില്‍!
താങ്കളുടെ ഹൃദയം നുറുക്കിയ കാഴ്ചയായിരുന്നില്ലേ അത്? ഉവ്വ്; ആ കാഴ്ച താങ്കളുടെ ഹൃദയം നുറുക്കി, തീര്‍ച്ച.
താങ്കളുടെ തലച്ചോറില്‍ ചിന്തകള്‍ പെരുത്തു; ഓര്‍മകളുടെ നിശിതപ്രവാഹമായിരുന്നല്ലോ പിന്നെ. താങ്കള്‍ ആ വാക്കുകള്‍ ഓര്‍മയില്‍നിന്നു ചികഞ്ഞെടുത്തു. അതേ, മറിയം മുപ്പതുവര്‍ഷങ്ങള്‍ക്കുമുമ്പു താങ്കളോടു പറഞ്ഞ വാക്കുകള്‍! വെറും വാക്കുകളായിരുന്നില്ല അവ; മറിയത്തിന്റെ അനുഗ്രഹവചസ്സുകള്‍! വള്ളിപുള്ളി മാറാതെ. താങ്കളുടെ മനോമുകുരത്തില്‍ അതു തെളിഞ്ഞു. ''സഹോദരാ, നിര്‍ദ്ധനരും നിരാലംബരുമായ ഈ സാധുകുടുംബത്തോട് അങ്ങു കാണിച്ച കാരുണ്യത്തെപ്രതി ഒരിക്കല്‍ ദൈവം അങ്ങയെ അനുഗ്രഹിക്കും.''
അതൊരവസരമായിരുന്നു. താങ്കളുടെ ചിന്തയിലേക്ക് ഗതകാലസ്മരണകള്‍ ഊളിയിട്ടുകയറി. അന്നൊരിക്കല്‍ അവിടെ ആ മണല്‍ക്കുന്നുകള്‍ക്കു മറവില്‍ താങ്കളുടെ നേതൃത്വത്തിലുള്ള കവര്‍ച്ചസംഘം ഇരകളെയും കാത്തു പതിയിരിക്കുമ്പോഴായിരുന്നല്ലോ ഈ സംഭവം.
അന്നു താങ്കളുടെ മുന്നിലേക്ക് ഇരകളൊന്നും വന്നു വീണിരുന്നില്ല. ഒന്നും കിട്ടാതെ വിഷമിച്ചിരിക്കുമ്പോഴാണ് അങ്ങകലെനിന്ന് ആ കാഴ്ച താങ്കളുടെ കണ്ണില്‍പ്പെട്ടത്. അതാ വരുന്നു ഒരു കൊച്ചുകുടുംബം! ഒരു പുരുഷനും ഒരു സ്ത്രീയും ഒരു കൈക്കുഞ്ഞും! കുഞ്ഞിനെ മടിയില്‍വച്ചു കഴുതപ്പുറത്തിരിക്കുകയാണു സ്ത്രീ. കഴുതയെ നയിച്ചുകൊണ്ടു പുരുഷനും.
താങ്കള്‍ക്ക് ആ കുടുംബം ആരായിരുന്നുവെന്ന് അറിയാമായിരുന്നിരിക്കില്ല. ആളറിഞ്ഞിട്ടുവേണ്ടല്ലോ കവര്‍ച്ച നടത്താന്‍. യൗസേപ്പും മറിയവും ഉ
ണ്ണിയേശുവുമായിരുന്നു അത്. ഹെറോദേസിന്റെ വാള്‍മുനയില്‍നിന്ന് ഒരുകണക്കിനു രക്ഷപ്പെട്ട് ഉണ്ണിയേശുവിനെയുമായി ഈജിപ്തിലേക്കുള്ള ഓട്ടത്തിലായിരുന്നു അവര്‍.
പെട്ടെന്ന് യൗസേപ്പും മറിയവും പകച്ചുപോയി. അവരുടെ മുന്നിലേക്കു ചാടിവീഴുകയായിരുന്നല്ലോ താങ്കളും സംഘവും. ഊരിപ്പിടിച്ച കത്തിയും കഠാരയുമായി. ഓര്‍ക്കുന്നില്ലേ?
ഇനി എന്തു ചെയ്യും? കൊള്ളക്കാര്‍ക്കു വേണ്ടതു പണമാണ്. തങ്ങളുടെ കൈയില്‍ ചില്ലിക്കാശുപോലുമില്ല. എന്തും വരട്ടെ. ഒരു ശ്രമം. മറിയം താങ്കളോടു സംസാരിച്ചു. സംസാരമല്ല; താണുവീണപേക്ഷിക്കുയായിരുന്നു. ഉണ്ണിയേശുവിന്റെ ജീവനെക്കരുതി തങ്ങളെ രക്ഷിക്കണമേയെന്ന്. താങ്കളായിരുന്നല്ലോ കവര്‍ച്ചസംഘത്തിന്റെ നേതാവ്!
ആ കൊച്ചുകുടുംബത്തിന്റെ ദയനീയാവസ്ഥ മനസ്സിലാക്കാനുള്ള മനസ്സലിവു താങ്കളില്‍ രൂപപ്പെട്ടുവരുന്നതു മനസ്സിലാക്കിയ ഒരു സംഘാംഗം താങ്കളെ ധിക്കരിക്കാന്‍പോലും തയ്യാറായി. അവന്‍ അട്ടഹസിക്കയായിരുന്നു. ''ഡിസ്മാസ്! ഇന്ന് ഇതേവരെ ഒന്നിനെപ്പോലും കിട്ടിയിട്ടില്ല. നമ്മുടെ സഞ്ചികള്‍ ഇതാ ഇപ്പോഴും കാലിയാണ്. നീ അവരോടു ദയ കാണിക്കുന്നോ?'' കയര്‍ത്തുവന്ന കൊള്ളക്കാരനെ താങ്കള്‍ തടഞ്ഞതു ഭാഗ്യമായി.
ഇടഞ്ഞും കയര്‍ത്തും വന്ന കൊള്ളക്കാരെ കുറച്ചു പണം കൊടുത്തു സാന്ത്വനിപ്പിക്കാനും താങ്കള്‍ക്കു കഴിഞ്ഞു. അത് എത്രയായിരുന്നു? മുപ്പതു വെള്ളിപ്പണം വേണ്ടിവന്നു എന്നാണ് പാരമ്പര്യം പറയുന്നത്. ഒടുവില്‍ താങ്കളുടെ ചുണ്ടുകള്‍ ചലിച്ചു. ''ഹും... പൊയ്‌ക്കൊള്ളൂ''
കുരിശില്‍ അര്‍ദ്ധപ്രാണനായിക്കിടക്കുമ്പോഴുള്ള താങ്കളുടെ ഓര്‍മകള്‍ താങ്കള്‍ക്കു വലിയ തുറവു നല്കി എന്നു കരുതുന്നു. അന്ന് തന്റെ കുഞ്ഞിന്റെ ജീവനുവേണ്ടി തന്നോടു കെഞ്ചിയ ആ അമ്മ, തന്റെ മകന്റെ പീഡാസഹനത്തിന്റെ പൂര്‍ത്തീകരണത്തിനു കുരിശിന്‍ചുവട്ടില്‍!
നോക്കൂ, ഡിസ്മാസ്! താങ്കള്‍ ആകെ മാറിയിരിക്കുന്നു. വര്‍ഷങ്ങള്‍ക്കുമുമ്പ്, ആ മണലാരണ്യത്തില്‍ താങ്കളുടെ മനസ്സ് കരുണാര്‍ദ്രമായി. ഇന്നാ മനസ്സ് പശ്ചാത്താപവിവശമാണ്. തന്നോടൊപ്പം കുരിശില്‍ തറയ്ക്കപ്പെട്ടിരുന്ന മനുഷ്യപുത്രന്‍; യേശു!
താങ്കള്‍ അന്ത്യനിമിഷത്തിലേക്കടുക്കുകയായിരുന്നു. താങ്കള്‍ കണ്ണുകള്‍ ഉയര്‍ത്തി യേശുവിനെ നോക്കി. താങ്കളുടെ ഹൃദയം നുറുങ്ങി. പശ്ചാത്താപക്കണ്ണീരൊഴുകി കവിള്‍ത്തടങ്ങള്‍ നനഞ്ഞു. വാവിട്ടുകരഞ്ഞുകൊണ്ട് താങ്കള്‍ കൂടെ തറയ്ക്കപ്പെട്ട കുറ്റവാളിയോടു പറഞ്ഞു: ''നമ്മുടെ പ്രവൃത്തികള്‍ക്കു തക്ക പ്രതിഫലം നമുക്കു ലഭിച്ചിരിക്കുന്നു.'' അതൊരു ശാസനയായിരുന്നില്ല; താങ്കളുടെ പശ്ചാത്താപമായിരുന്നു. തെറ്റുകളോര്‍ത്തു തപിക്കുന്ന ഹൃദയത്തിന്റെ പശ്ചാത്താപം! ആ വിങ്ങലുകള്‍ അറിയുന്ന യേശുവിനോടായി താങ്കളുടെ നിരുപാധികമാപ്പപേക്ഷയായിരുന്നു പിന്നീട് അവിടെ ഉയര്‍ന്നുകേട്ടത്. ''യേശുവേ, നീ നിന്റെ രാജ്യത്തു പ്രവേശിക്കുമ്പോള്‍ എന്നെയും ഓര്‍ക്കണമേ'' പശ്ചാത്താപവിവശനായ ഡിസ്മാസിന്റെ പ്രാര്‍ത്ഥന!
''സത്യമായി ഞാന്‍ നിന്നോടു പറയുന്നു. നീ ഇന്ന് എന്നോടുകൂടെ പറുദീസയിലായിരിക്കും.'' അമ്മയുടെ വാക്കുകള്‍ക്കു മകന്റെ വാക്കുകളിലൂടെ പൂര്‍ത്തീകരണം.