കുട്ടിക്കാലത്ത് വീട്ടിലുണ്ടായിരുന്ന ടേപ്പ് റക്കോര്‍ഡര്‍ ശബ്ദം കൂട്ടി വച്ചപ്പോഴൊക്കെ അപ്പന്‍ അരിശത്തോടെ പറയുമായിരുന്നു: ''സ്വരം കുറയ്‌ക്കെടാ, ഇവിടുള്ളോര്‍ക്കു കേട്ടാല്‍ പോരേ, അയലോക്കക്കാരെ എന്തിനു ശല്യപ്പെടുത്തണം'' എന്ന്. ഉച്ചഭാഷിണികള്‍ തമ്മില്‍ ഇന്നു നടത്തിവരുന്ന ഒച്ചമത്സരങ്ങള്‍ കേള്‍ക്കുമ്പോള്‍ അപ്പന്റെ ഈ വാക്കുകളാണ് ഓര്‍മ വരിക. അല്ലെങ്കിലും, മറ്റുള്ളവരെ അലോസരപ്പെടുത്തുന്ന തരത്തില്‍ എന്തിനാണ് മനുഷ്യര്‍ ഉച്ചഭാഷിണികള്‍ പ്രവര്‍ത്തിപ്പിക്കുന്നത്? അനാവശ്യശബ്ദങ്ങളാല്‍ അനുക്ഷണം മലീമസമായിക്കൊണ്ടിരിക്കുന്ന അന്തരീക്ഷത്തില്‍ ഉച്ചഭാഷിണികള്‍കൂടി പരസ്പരം മത്സരിക്കുമ്പോഴുള്ള സ്ഥിതി തീര്‍ത്തും അസഹനീയംതന്നെയാണ്. പൊതുസമ്മേളനങ്ങള്‍, കലാപരിപാടികള്‍, ആഘോഷങ്ങള്‍, തിരുനാളുകള്‍, ഉത്സവങ്ങള്‍, വിവാഹം, മരണം തുടങ്ങിയ വീട്ടുചടങ്ങുകള്‍ എന്നിവയുടെയൊക്കെ പേരില്‍ ഉച്ചഭാഷിണികള്‍ യാതൊരു നിയന്ത്രണവുമില്ലാതെ രാപകല്‍ ഉപയോഗിക്കുക എന്നത് ശേലില്ലാത്ത ഒരു ശൈലിയായി മാറിക്കഴിഞ്ഞു. ഉച്ചഭാഷിണികളുടെ പ്രവര്‍ത്തന സമയം, ശബ്ദതീവ്രത എന്നിവയെ നിയന്ത്രിക്കാനുള്ള നിയമസംവിധാനം നിലവിലുണ്ടെങ്കിലും പലപ്പോഴും പലരും അതു കാര്യമാക്കുന്നതായി കാണുന്നില്ല. ഇക്കാര്യത്തില്‍ ശക്തമായ നിയമനടപടികള്‍ സ്വീകരിക്കാന്‍ ഉത്തരവാദിത്വപ്പെട്ടവര്‍ തയ്യാറാകേണ്ടത് അത്യാവശ്യമാണ്.
ഉച്ചഭാഷിണികളും രോഗികളും
ഉച്ചഭാഷിണികളുടെ അനിയന്ത്രിതവും അതിരുകവിഞ്ഞതുമായ പ്രവര്‍ത്തനം ഏറ്റവും കൂടുതല്‍ അനാരോഗ്യകരമായി ബാധിക്കുന്നത് ആശുപത്രികളിലും വളരെ പ്രത്യേകിച്ച്, വീടുകളിലും കഴിയുന്ന രോഗികളെയാണ്. അസുഖത്തിന്റേതായ അസ്വസ്ഥതകളോടൊപ്പം അസഹനീയമായ ശബ്ദകോലാഹലങ്ങളുംകൂടി ആകുമ്പോള്‍ അവരുടെ സ്ഥിതിയെന്തായിരിക്കുമെന്നു മനുഷ്യപ്പറ്റുള്ളവര്‍ക്ക് ഊഹിക്കാവുന്നതേയുള്ളൂ. ''ഇന്നലെ രാത്രിയില്‍ എങ്ങനെയെങ്കിലും മരിച്ചാല്‍ മതിയെന്നു തോന്നിപ്പോയി... ഒരു പോള കണ്ണടയ്ക്കാന്‍ കഴിഞ്ഞില്ല... അത്രയ്ക്കു ശല്യമായിരുന്നു മൈക്കിലൂടെയുള്ള ബഹളം...'' എന്ന് ഒരു കിടപ്പുരോഗി പറയുമ്പോള്‍ ഈ ദുരിതാവസ്ഥയുടെ ഗൗരവം എന്താണെന്നു മനസ്സിലാകും. ചില രോഗികള്‍ക്കു ശബ്ദം ദുസ്സഹമാണ്. അല്പനേരമെങ്ങിലും ഒന്നു മയങ്ങാന്‍ കഷ്ടപ്പെടുന്ന കാന്‍സര്‍ ബാധിതരെപ്പോലുള്ളവരുടെ ജീവിതം വെളിയില്‍നിന്നുവരുന്ന കര്‍ണകഠോരമായ സ്വരങ്ങള്‍മൂലം എത്രമാത്രം ദുരിതപൂര്‍ണമാകുന്നുണ്ട്. നമ്മുടെ അതിരുവിട്ട ആഘോഷങ്ങളും ആര്‍ഭാടങ്ങളും ആനന്ദങ്ങളും മറ്റൊരാളുടെയെങ്കിലും അസ്വസ്ഥതയ്ക്കു ഹേതുവാകുന്നെങ്കില്‍ അവയെ നിയന്ത്രിക്കുക തന്നെ വേണം.
ഉച്ചഭാഷിണികളും പരീക്ഷാര്‍ത്ഥികളും
ഉച്ചഭാഷിണികളുടെ ഉച്ചസ്ഥായിയിലുള്ള ഒച്ചമത്സരം ബാധിക്കുന്ന മറ്റൊരു കൂട്ടരാണ് പലതരം പരീക്ഷകള്‍ക്കായി ഒരുങ്ങിക്കൊണ്ടിരിക്കുന്നവര്‍. കൊവിഡ് മഹാമാരി കൊട്ടിയടച്ച വിദ്യാലയവാതിലുകള്‍ പൂര്‍ണമായും തുറന്നുപ്രവര്‍ത്തിക്കാന്‍ തുടങ്ങിയിട്ട് ഏതാനും മാസങ്ങളേ ആകുന്നുള്ളൂ. പണിതീരാത്ത പാലംപോലെ കിടക്കുന്ന പാഠഭാഗങ്ങള്‍. പരീക്ഷയ്ക്കുമുമ്പ് വല്ലവിധത്തിലും അവയെ കൂട്ടിമുട്ടിക്കാന്‍ തത്രപ്പെടുന്ന അധ്യാപകക്കൂട്ടം. ഇവയുടെയൊക്കെ നടുവില്‍ നാളിതുവരെയുണ്ടായിരുന്ന ഓണ്‍ലൈന്‍ ക്ലാസ്സുകളിലൂടെ കാര്യമായിട്ടൊന്നും തലമണ്ടയിലേക്കു കടന്നുചെന്നിട്ടില്ലാത്ത കുട്ടിക്കൂട്ടം. കിട്ടുന്ന സമയംകൊണ്ട് എന്തെങ്കിലും പഠിക്കാനായി ഇരിക്കുമ്പോള്‍ തുടങ്ങും ഉച്ചഭാഷിണികളുടെ ഒച്ചമത്സരം. അതങ്ങനെ പകലന്തിയോളവും, ചിലപ്പോള്‍ പുലരുവോളവും തുടരും. കുട്ടികളുടെ കാര്യം കട്ടപ്പുക. വിവിധങ്ങളായ പരീക്ഷകള്‍ക്കായി എത്രയായിരംപേരാണ് ഈ ദിവസങ്ങളില്‍ തയ്യാറെടുത്തുകൊണ്ടിരിക്കുന്നത്. അവരെ ശല്യപ്പെടുത്തുന്ന രീതിയിലുള്ള ഒരാഘോഷപരിപാടിയെയും ന്യായീകരിക്കാന്‍ പറ്റില്ല. 'നാളത്തെ പരീക്ഷയ്ക്ക് ഞാന്‍ തോറ്റാല്‍ ഈ ബഹളം വയ്ക്കുന്നവര്‍ക്കെതിരേ ഞാന്‍ കേസു കൊടുക്കും' എന്ന് ഒരു കുട്ടി പറഞ്ഞാല്‍ എതിര്‍ക്കാന്‍ ആര്‍ക്കാകും?
ഉച്ചഭാഷിണികളും മതാഘോഷങ്ങളും
വിവിധ മതങ്ങളും മതവിശ്വാസങ്ങളും ഇടകലര്‍ന്നു സ്ഥിതിചെയ്യുന്ന നമ്മുടെ നാട്ടില്‍ മതപരമായ ആഘോഷങ്ങള്‍ മാറി മാറി വരുന്നത് സ്വാഭാവികമാണ്. ഒരാഘോഷം കഴിയുമ്പോള്‍ അടുത്തത്. അവയ്‌ക്കെല്ലാം കൊഴുപ്പുകൂട്ടാന്‍ മതഭേദമെന്യേ വിശ്വാസികള്‍ മത്സരിക്കുന്നുമുണ്ട്. ആഘോഷങ്ങളോടനുബന്ധിച്ചുള്ള ആരാധനാകര്‍മങ്ങളും ഗാനമേള, നാടകം തുടങ്ങിയവയോടുകൂടിയ കലാസന്ധ്യകളുമൊക്കെ സംഘടിപ്പിക്കപ്പെടുന്നുണ്ട്. ഇത്തരം അവസരങ്ങളില്‍ അമിതമായും സമയബന്ധിതമല്ലാതെയുമുള്ള ഉച്ചഭാഷിണികളുടെ ഉപയോഗം തികച്ചും അപലപനീയവും അതിനാല്‍ത്തന്നെ നിരുത്സാഹപ്പെടുത്തേണ്ടതുമാണ്. ചെണ്ട, ബാന്റ് തുടങ്ങിയ വാദ്യമേളങ്ങള്‍ സ്വഭാവത്താലേ സ്വരനിബിഡമാണ്. അവ മൈക്കിലൂടെ ആകുമ്പോഴുള്ള അവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. ആചാരങ്ങളും ആഘോഷങ്ങളും അനാവശ്യമാണെന്നല്ല, അവയ്ക്ക് പൊതുവായി അംഗീകരിക്കപ്പെട്ടിട്ടുള്ള അതിര്‍വരമ്പുകള്‍ ആവശ്യമാണെന്നുള്ളതാണു വിവക്ഷ. മറ്റുള്ളവരെ ശല്യപ്പെടുത്തിക്കൊണ്ടുള്ള മതാഭ്യാസങ്ങള്‍ ദൈവപ്രീതിക്കു പാത്രമാകില്ല എന്നതു പകല്‍പോലെ സത്യം. മത്സരമനോഭാവത്തോടെയുള്ള മതാഘോഷങ്ങള്‍ ശുഷ്‌കവും നിഷ്ഫലവുമായ വെറും പ്രഹസനങ്ങള്‍ മാത്രമാണെന്നു മനുഷ്യന്‍ ഇനിയും തിരിച്ചറിയേണ്ടിയിരിക്കുന്നു. മനുഷ്യത്വം എന്ന മതത്തിന്റെ മൗലികതത്ത്വങ്ങളാണ് മനുഷ്യവംശം ആത്യന്തികമായി അഭ്യസിക്കേണ്ടത്.
ഉച്ചഭാഷിണികളും വീട്ടുചടങ്ങുകളും
വിവാഹം, മരണം എന്നിവയുമായി ബന്ധപ്പെട്ടുള്ള വീട്ടാഘോഷങ്ങളും ഉച്ചഭാഷിണികളുടെ അമിതോപയോഗം ഉണ്ടാകുന്നുണ്ട്. വിവാഹത്തലേന്നുള്ള ആഘോഷപരിപാടികള്‍ അനിയന്ത്രിതമായി നീണ്ടുപോകുന്നത് അയല്‍വാസികളുടെ സൈ്വരജീവിതത്തിനു തടസ്സമാകാം. നമ്മുടെ വീട്ടിലെ ആഘോഷങ്ങള്‍ മറ്റുള്ളവരുടേതാകണമെന്നില്ലല്ലോ. അതുപോലെതന്നെ മരണവീട്ടിലും മൃതസംസ്‌കാരയാത്രകളിലുമൊക്കെയുള്ള ഉച്ചഭാഷിണികളുടെ പരിധിവിട്ടുള്ള പ്രവര്‍ത്തനവും ഉപേക്ഷിക്കണം. നമ്മുടെ ദുഃഖങ്ങള്‍ അന്യരുടേതാകണമെന്നു യാതൊരു നിര്‍ബന്ധവുമില്ല. മരിച്ചുപോയവരെപ്പറ്റിയുള്ള യഥാര്‍ത്ഥനൊമ്പരം മൈക്കിലൂടെ എട്ടുനാടുംപൊട്ടെ വിളിച്ചുകൂവേണ്ട കാര്യമില്ല. ടെലിവിഷനും സമാന ഉപകരണങ്ങളും അങ്ങേയറ്റത്തെ ഒച്ചയില്‍ വച്ചിട്ട് അതിനുംമേലെ ഉച്ചത്തില്‍ സംസാരിക്കുന്ന കുടുംബാംഗങ്ങളും സമീപവാസികള്‍ക്കു തത്തുല്യം ശല്യമാണ്.
ഉച്ചഭാഷിണികളും മാനസികപിരിമുറുക്കവും
ഉച്ചഭാഷിണികളിലൂടെയുള്ള ശബ്ദക്കസര്‍ത്തുകള്‍ മനുഷ്യരുടെ മാനസികനിലയെ സാരമായി ബാധിക്കുന്നുണ്ട്. രക്തസമ്മര്‍ദമില്ലാത്തവര്‍ ഇന്നു വിരളമാണ്. ഇടതടവില്ലാതെ വരുന്ന കാതടപ്പിക്കുന്ന സ്വരതരംഗങ്ങള്‍ മനുഷ്യമനസ്സിനെയും മസ്തിഷ്‌കത്തെയും സ്വാധീനിക്കുന്നു. മനസ്സിന്റെ സമനില തെറ്റിക്കാന്‍ അമിതമായ ശബ്ദവീചികള്‍ക്ക് അനായാസം കഴിയും. അതു ഗൗരവതരമായ മാനസികസംഘര്‍ഷങ്ങള്‍ക്കും, രോഗങ്ങള്‍ക്കും നിദാനമാകും. പകലിന്റെ കോലാഹലങ്ങളില്‍നിന്നു രക്ഷപ്പെട്ടു രാത്രിയുടെ ശാന്തതയിലേക്കു കടക്കുന്ന മനസ്സിന് അപ്പോഴും വിശ്രമത്തിനാവശ്യമായ അന്തരീക്ഷം ലഭ്യമാകാതെ വരുമ്പോഴുണ്ടാകുന്ന താളപ്പിഴകള്‍ ഒരു വ്യക്തിയുടെ മാത്രമല്ല, ഒരു കുടുംബത്തിന്റെയും സമൂഹത്തിന്റെയുംവരെ പാളംതെറ്റലുകള്‍ക്കു വഴിതെളിക്കും. മറ്റുള്ളവരുടെ മാനസികസുസ്ഥിതിയാണ് നമ്മുടെ നിലനില്പിന് അടിസ്ഥാനം എന്നുള്ള തിരിച്ചറിവിലേക്കു നാം തിരിഞ്ഞുനടന്നേ മതിയാകൂ.
ഓര്‍ത്തിരിക്കാന്‍ ഒരു ''ഉപദ്രവതത്ത്വം''
മനുഷ്യന്റെ സ്വാതന്ത്ര്യത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തുന്നതിനെ സംബന്ധിച്ച് ചിന്തകനായ ജോണ്‍ സ്റ്റ്യുവാര്‍ട്ട് മില്‍ തന്റെ 'ഓണ്‍ ലിബര്‍ട്ടി' എന്ന ഉപന്യാസത്തില്‍ മുന്നോട്ടുവയ്ക്കുന്ന തത്ത്വമാണിത്. രാഷ്ട്രമീമാംസ പഠിച്ചില്ലെങ്കിലും ഈയൊരു തത്ത്വത്തെക്കുറിച്ചുള്ള അടിസ്ഥാന അറിവ് എല്ലാവര്‍ക്കുമുള്ളത് വളരെ പ്രയോജനകരമായിരിക്കും. തത്ത്വസംഗ്രഹം ഇതാണ്: 'നമ്മുടെ പ്രവൃത്തികള്‍ മറ്റൊരാള്‍ക്ക് ഉപദ്രവമായി മാറുകയാണെങ്കില്‍ നാം അവയില്‍നിന്ന് സ്വയം പിന്മാറണം.' തത്ത്വം വളരെ ലളിതമാണ്. പക്ഷേ, പരിശീലിക്കാന്‍ അത്ര എളുപ്പമല്ലെന്നു മാത്രം. ഉച്ചഭാഷിണികളുടെ പരിധിവിട്ട ഉപയോഗം, അതു മതപരമോ വ്യക്തിപരമോ സാമൂഹികപരമോ ആയ കാര്യങ്ങള്‍ക്കായിക്കൊള്ളട്ടെ, മറ്റുള്ളവരുടെ സൈ്വരജീവിതത്തെ സാരമായി ബാധിക്കാതിരിക്കാന്‍ ഇനിയെങ്കിലും ശ്രദ്ധിക്കാം. നാം മാത്രമല്ല ഭൂമിയിലുള്ളത് എന്ന ചിന്ത മനുഷ്യര്‍ക്ക് ഏതു കാര്യത്തിലും ഉണ്ടാകണം. 'ഉപദ്രവതത്ത്വം' എന്നതിനെപ്പറ്റി കേട്ടറിവുപോലുമില്ലാതിരുന്ന വീട്ടിലെ അപ്പന്റെ സാധാരണപരിജ്ഞാനം ഇക്കാര്യത്തില്‍ നമുക്കു മാതൃകയും പ്രചോദനവുമേകട്ടെ. ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്ന ഈ 'ശബ്ദശല്യം' നിയന്ത്രിക്കാന്‍ ചില സംസ്ഥാനങ്ങളെങ്കിലും അടിയന്തരമായ നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുള്ളത് തികച്ചും അഭിനന്ദനാര്‍ഹമാണ്. കേരളത്തിനും മറ്റെല്ലാ സംസ്ഥാനങ്ങള്‍ക്കും അതൊരു പാഠമാകട്ടെ.