പൗരന്മാരെപ്പോലെതന്നെ നിയമപരമായ എല്ലാ അവകാശങ്ങളുമുള്ള ''ജീവനുള്ള വ്യക്തി''യാണു പ്രകൃതിയെന്ന് മദ്രാസ് ഹൈക്കോടതി മധുര ബെഞ്ച് പ്രഖ്യാപിച്ചു. പേരന്‍സ് പാട്രിയെ ജൂറിസ്ഡിക്ഷന്‍ എന്ന സവിശേഷ അധികാരം ഉപയോഗിച്ചാണു ജസ്റ്റിസ് എസ്. ശ്രീമതിയുടെ നിര്‍ണായക നടപടി. ''ജീവിക്കാനുള്ള അവകാശം'' പ്രകൃതിക്കുമുണ്ട്. മനുഷ്യന്‍ നിലനില്‍ക്കണമെങ്കിലും ഇത് അനിവാര്യമാണ്. മൗലിക, ഭരണഘടനാ അവകാശങ്ങളെല്ലാമുള്ള വ്യക്തിത്വപദവി പ്രകൃതി മാതാവിനു നല്‍കുന്നത് ചൂഷണം ഇല്ലാതാക്കാനാണെന്നു കോടതി വ്യക്തമാക്കി.
അന്തസ്സ്, സുരക്ഷ, ആരോഗ്യസംരക്ഷണം, നിലനില്പ്, പുനരുജ്ജീവനം എന്നിവയ്ക്കുള്ള അവകാശങ്ങള്‍ പ്രകൃതിക്കും ഉറപ്പുവരുത്താന്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ അടിയന്തരനടപടിയെടുക്കുണം. ചില മനുഷ്യരുടെ ചെയ്തികള്‍ ജൈവവൈവിധ്യവും പരിസ്ഥിതിസന്തുലനവും പാടേ തകര്‍ക്കുന്നു. ജീവികള്‍ക്കു വംശനാശം നേരിടുന്നു. കാലാവസ്ഥ തകിടം മറിയുന്നു. സുസ്ഥിരവികസനം എന്ന പേരില്‍ നടക്കുന്നതു സുസ്ഥിരനശീകരണമാണെന്നും കപടവാക്കുകളല്ല, പ്രകൃതിയെ നിലനിര്‍ത്താനുള്ള പദ്ധതികളാണു വേണ്ടതെന്നും കോടതി രൂക്ഷവിമര്‍ശനമുന്നയിച്ചു.
സര്‍ക്കാര്‍ ഭൂമിക്കു പട്ടയം നല്കിയ കേസിലെ അച്ചടക്കനടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള റവന്യു ഉദ്യോഗസ്ഥന്റെ ഹര്‍ജിയാണു പരിഗണിച്ചത്.