ഈ നാട്ടിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ഏറെ സന്തോഷവും സംതൃപ്തിയും പകരുന്ന വിധി ജനാധിപത്യത്തിന്റെ കാവലാളായ ജുഡീഷ്വറിയില്‍നിന്നു നാം കഴിഞ്ഞയാഴ്ച കേട്ടു. രണ്ടു ദിവസം നീണ്ടുനിന്ന സമാരാഭാസത്തെ മൂക്കുകയറിടുവാന്‍ എടുത്ത തീരുമാനം. അസംഘടിതരും അതിനാല്‍ത്തന്നെ എന്നും ചൂഷണത്തിനു വിധേയരുമായ ഈ നാട്ടിലെ പൊതുജനത്തിന് ആശ്വാസദായകമായി.
സംഘടിതശക്തിയുടെ ഇരുമ്പുദണ്ഡുകൊണ്ട് അടിച്ചമര്‍ത്തപ്പെടുന്ന നമ്മുടെ വ്യക്തിസ്വാതന്ത്ര്യം ആ വിധിവഴി ജീവശ്വാസം നിലനിറുത്തിയപ്പോള്‍, ശമ്പളം മുടങ്ങാതെ വാങ്ങി രണ്ടു ദിവസം വീട്ടിലിരുന്ന് 'അറമാദി'ക്കാന്‍ തയ്യാറെടുത്ത ഒരു വിഭാഗത്തിന് അതൊരു മുന്നറിയിപ്പും താക്കീതുമായി. മഹാമാരിയില്‍ വലഞ്ഞ് വീട്ടിലിരുന്ന് നരകിച്ച ഇന്നാട്ടിലെ ബഹുഭൂരിഭാഗം വരുന്നവര്‍ അതിജീവനത്തിന്റെ പാത തേടുമ്പോള്‍, അവിടെ ജനജീവിതം സ്തംഭിപ്പിച്ച് കൂരിരുള്‍ പടര്‍ത്തുന്നത് എങ്ങനെ ന്യായീകരിക്കാനാവും. ന്യായമായ പ്രശ്‌നങ്ങള്‍ക്കു സമരമുറ വേണ്ട എന്നല്ല. ഗ്യാസ്, വൈദ്യുതി, വെള്ളം, ഇന്ധനം, യാത്രക്കൂലി, നിത്യോപയോഗസാധനങ്ങള്‍ എന്നിവയ്‌ക്കെല്ലാം വിലയേറുമ്പോള്‍ പണിമുടക്കാതെ കൂടുതല്‍ സമയം ജോലി ചെയ്തും നമുക്കു പ്രതിഷേധിക്കാനാവില്ലേ? കക്ഷി-രാഷ്ട്രീയഭേദമെന്യേ എല്ലാവരും ഇക്കാര്യത്തില്‍ ഒന്നിച്ചു നിന്നു പ്രവര്‍ത്തിക്കുകയല്ലേ വേണ്ടത്? ജനങ്ങള്‍ക്കുവേണ്ടിയുള്ള സമരം ജനദ്രോഹമാകരുത്.
ഡോമിനി രാമപുരത്ത് ഭരണങ്ങാനം