ഊഷ്മളസ്‌നേഹത്തിരി തെളിച്ചു വന്ദിക്കുന്നു
കൈരളീമാതാവിന്റെ തൃച്ചേവടിയിങ്കല്‍
കാലാനുകാലങ്ങളായ് വിജ്ഞാനരസാമൃതം
പൊഴിച്ചു വിളങ്ങുന്ന അക്ഷരാത്മികേ, വെല്‍ക!
നാട്ടുശീലുകള്‍ പഴഞ്ചൊല്ലുകള്‍ കിളിപ്പാട്ട്
തുള്ളലിന്‍ കലാഭംഗിയേവമുള്‍ക്കൊണ്ട മാതേ,
വായ്ത്താരിയായി പൂര്‍വസൂരികള്‍ പൊഴിച്ചതാം
സംഗീതക്കതിരൊളിയേറ്റം പ്രസാദിച്ചോള്‍.
ആത്മപ്രഭമങ്ങിയിരുണ്ട കാലങ്ങളില്‍
തുഞ്ചന്റെ കിളിക്കൊഞ്ചല്‍ കേട്ടുണര്‍ന്നൊരാനാളില്‍
കൈരളീമാതാവതി സൗന്ദര്യസ്വരൂപിണി
എന്നുമാക്കിളിക്കൊഞ്ചല്‍ മുക്തിക്കു നിദാനമായ്
തുഞ്ചനും കുഞ്ചനും ചെറുശ്ശേരിയും നിന്നെ
തേജസ്വിനിയാക്കി മാനസപ്രതിഭയാല്‍
ആശാനുമുള്ളൂര്‍ വള്ളത്തോളുമീ കവിത്രയ-
വിസ്തൃതാക്ഷരകാന്തിയേറ്റുമുള്‍പ്പുളകിത.
ദേവിക്കു പ്രസാദങ്ങളര്‍പ്പിച്ച ഗുരുക്കളില്‍
'കേരളവ്യാസനായി' ലസിപ്പൂ കുഞ്ഞിക്കുട്ടന്‍
തമ്പുരാന്‍, മുസ്സിരിസ്സിന്നരുമ സുതനല്ലോ
അഭിമാനിപ്പൂ നമ്മള്‍ കവിതന്‍ വിഖ്യാതിയില്‍
കാലാനുകാലങ്ങളായ് മഹദ് മാനസങ്ങളാല്‍
കാന്തിയുറ്റതി ധന്യയായീ കൈരളീദേവി,
വന്ദിപ്പൂയനുദിനമിന്നത്തെ പ്രതിഭകള്‍
ഘോഷിപ്പൂവാഗ്‌ദേവിതന്‍ മാനസനൈപുണ്യത്തെ.
എങ്കിലും തായേ ഇന്നില്‍ കലികാലത്തിന്നിരുള്‍
നല്‍കീടുമിരുണ്ടുള്ള ശബ്ദാര്‍ത്ഥഘോഷങ്ങളാല്‍
താവകമുഖപ്രസാദങ്ങളില്‍ വിഷാദത്തിന്‍
കരിനിഴല്‍ വീഴുന്നുവോ? സദയം പൊറുത്താലും.
ഇക്കലികാലം മാറ്റി സ്‌നേഹത്തിന്റെ വളര്‍ച്ചയായ്
വിശ്വത്തില്‍ പ്രസാദത്തിന്‍ തേന്‍മഴയുതിര്‍ക്കുവാന്‍
മാനസഭാവങ്ങളെ അത്യുദാത്തമാക്കിയും
നവ്യ സംസ്‌കൃതിക്കായി തൂലിക ചലിപ്പിപ്പാന്‍
അക്ഷരപ്രകാശമേ, അകതാരിങ്കല്‍ പ്രഭ
യുതിര്‍ത്തിയുണര്‍ത്തണേ വന്ദനം, മാതേ വെല്‍ക!
മധുരം മനോജ്ഞമീ മലയാളത്തിന്‍ നാടാം
കേരള നാട്ടില്‍ തായേ, ശോഭിപ്പൂ ഭാവാഗ്നിയില്‍