തിരമാലകളില്ലാത്ത ബീച്ചിനെക്കുറിച്ചു കേട്ടിട്ടുണ്ടോ? ഇല്ലെങ്കില്‍ കോട്ടയം കിടങ്ങൂരിലേക്കു വരൂ. ഇവിടെ ദൃശ്യവിരുന്നൊരുക്കി നിങ്ങളെ കാത്തിരിക്കുന്നതു കാവാലിപ്പുഴക്കടവാണ്. ശാന്തമായൊഴുകുന്ന അതിമനോഹരമായ പുഴ, അതിനോടു ചേര്‍ന്ന വിശാലമായ മണല്‍ത്തീരം, സമീപത്തു തണല്‍ വിരിച്ചു തലയുയര്‍ത്തി നില്‍ക്കുന്ന കൂറ്റന്‍ മരങ്ങള്‍, ഊഞ്ഞാലുകെട്ടാന്‍ പാകത്തിനു മരങ്ങളില്‍നിന്നു താഴേക്കു തൂങ്ങിനില്‍ക്കുന്ന വള്ളിപ്പടര്‍പ്പുകള്‍, ചുറ്റിലും പച്ചവിരിച്ചു നില്‍ക്കുന്ന പുല്‍മേടുകള്‍, ഓടിക്കയറാന്‍ കൊതിപ്പിക്കുന്ന മണ്‍ തിട്ടുകള്‍, പ്രകൃതിയൊരുക്കിയ ഇരിപ്പിടങ്ങള്‍ എന്നുതുടങ്ങി കാവാലിപ്പുഴക്കടവിലെത്തുന്നവര്‍ക്കു പ്രകൃതി കാത്തുവച്ചിരിക്കുന്നതു നിരവധി വിസ്മയക്കാഴ്ചകളാണ്.
വെള്ളത്തില്‍ ചാടിക്കുളിക്കാം, പൂഴിമണ്ണിലൂടെ കുട്ടികളുമായി ഓടിക്കളിക്കാം, അതുമല്ലെങ്കില്‍ കുടുംബവുമായി മണല്‍ത്തീരത്തു വട്ടമിരുന്നു കടല കൊറിച്ചു തമാശകള്‍ പറയാം. തനിച്ചാണെങ്കില്‍ സായംസന്ധ്യയില്‍ പൂഴി വിരിച്ച തീരത്തുകിടന്ന് ആകാശവിസ്മയം ആസ്വദിക്കാം... അങ്ങനെ ഒരു ബീച്ചില്‍ ചെലവഴിക്കുന്ന അതേ അന്തരീക്ഷമാണു പ്രകൃതി കാവാലിപ്പുഴയുടെ തീരത്തു നമുക്കായി ഒരുക്കിയിരിക്കുന്നത്. കുട്ടികള്‍ക്ക് ഊഞ്ഞാലാടണമെങ്കില്‍ അതുമാകാം. സ്ഥിരം സന്ദര്‍ശകരും പ്രകൃതിസ്‌നേഹികളും ചേര്‍ന്ന് പുഴയോരത്തു മരക്കൊമ്പുകളില്‍ ഊഞ്ഞാലുകള്‍ ഒരുക്കിയിട്ടുണ്ട്.
കാവാലിപ്പുഴയുടെ മനോഹാരിത കേട്ടറിഞ്ഞ് ധാരാളം പേര്‍ ഇപ്പോള്‍ ഇവിടെയെത്തുണ്ട്. ഷൂട്ടിങ്ങുകാരുടെ ഇഷ്ടലൊക്കേഷനുംകൂടിയാണു കാവാലിപ്പുഴ. കിടങ്ങൂര്‍ സ്വദേശിനിയും ബാലതാരവുമായ മീനാക്ഷി കുടുംബവുമായി വൈകുന്നേരങ്ങള്‍ ചെലവഴിക്കാന്‍ എത്തുന്നതും ഇവിടെയാണ്. കല്യാണവീഡിയോകള്‍ക്കും മറ്റുമായി എത്തുന്നവരുടെ തിരക്കും ഇപ്പോഴുണ്ട്. കുട്ടികളും കുടുംബവുമായി അല്പനേരം ചെലവഴിക്കാന്‍ ദൂരസ്ഥലങ്ങളിലൊന്നും പോകേണ്ടതില്ലെന്നും കാവാലിപ്പുഴ നല്‍കുന്നതു മറക്കാനാവാത്ത അനുഭവമാണെന്നും ഇവിടെയെത്തുന്നവര്‍ പറയുന്നു.
വൈകുന്നേരങ്ങളില്‍ സംഗീതനിശയും കുട്ടികളുടെ കലാപരിപാടികളുമൊക്കെ ഇവിടെ സംഘടിപ്പിക്കുന്നതു പതിവാണ്. കാവാലിപ്പുഴക്കടവില്‍ വെളിച്ചമെത്തിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തെത്തുടര്‍ന്ന് ജില്ലാ പഞ്ചായത്ത് മെമ്പര്‍ ജോസ്‌മോന്‍ മുണ്ടയ്ക്കലിന്റെ പ്രദേശികവികസനഫണ്ടില്‍നിന്ന് രണ്ട് ഹൈമാസ്റ്റ് ലൈറ്റും സ്ഥാപിച്ചിട്ടുണ്ട്. ടൂറിസം മേഖലയുമായി ബന്ധപ്പെടുത്തി തൂക്കുപാലം പണിയുന്നതിനും വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന വിവിധ പദ്ധതികള്‍ നടപ്പാക്കുന്നതിനുമുള്ള ശ്രമങ്ങളും സര്‍ക്കാര്‍ തലത്തില്‍നടത്തുന്നുണ്ട്.
കാവാലിപ്പുഴക്കടവ് ബീച്ച് ആയ കഥ
സംഹാരതാണ്ഡവമാടിയ മഹാപ്രളയം നാടുമുഴുവന്‍ നാശം വിതച്ചപ്പോള്‍ കിടങ്ങൂരുകാര്‍ക്കു പ്രകൃതി നല്‍കിയ സമ്മാനമാണ് കാവാലിപ്പുഴ ബീച്ച്. മീനച്ചിലാറിലെ ഒരു സാധാരണ കടവായിരുന്നു കാവാലിപ്പുഴയും. മഹാപ്രളയത്തില്‍ മണലിനോടൊപ്പം ധാരാളം പ്ലാസ്റ്റിക് മാലിന്യങ്ങളും കാവാലിപ്പുഴക്കടവില്‍ വന്നടിഞ്ഞു. പ്രദേശവാസിയും പ്രമുഖ ഫോട്ടോഗ്രാഫറുമായ രമേഷ് കിടങ്ങൂരാണ് മാലിന്യക്കൂമ്പാരത്തിനുള്ളില്‍ പ്രകൃതി ഒളിപ്പിച്ച മനോഹാരിത ആദ്യം ക്യാമറയില്‍ പകര്‍ത്തിയത്.
അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്താല്‍ കാവാലിപ്പുഴയുടെ തീരത്തു പ്രകൃതി ഒരുക്കിയ സ്വപ്നഭൂമി കണ്ടെത്താനാകുമെന്നു തിരിച്ചറിഞ്ഞ രമേഷ് കിടങ്ങൂരും സുഹൃത്തായ തോമസ് പുളിമൂട്ടിലും ചേര്‍ന്നാണ് ശുചീകരണപ്രവര്‍ത്തനത്തിനു തുടക്കം കുറിച്ചത്. നവമാധ്യമങ്ങളിലൂടെ വിവരമറിഞ്ഞ് അമ്പതോളം പേരാണ് ആദ്യഘട്ടത്തില്‍ കാവാലിപ്പുഴയുടെ ശുചീകരണത്തില്‍ പങ്കാളികളായത്. മാലിന്യങ്ങള്‍ പൂര്‍ണമായും നീക്കം ചെയ്തതോടെ കാവാലിപ്പുഴയുടെ മനോഹാരിത പുറംലോകമറിഞ്ഞു. പിന്നെ സന്ദര്‍ശകരുടെ ഒഴുക്കായിരുന്നു.
ഓരോ മഴക്കാലത്തും കാവാലിപ്പുഴയില്‍ മാലിന്യങ്ങള്‍ അടിഞ്ഞുകൂടും. ഇവ നീക്കം ചെയ്യാന്‍ സന്നദ്ധരായി ഇപ്പോള്‍ നൂറോളം പേരാണു രംഗത്തുള്ളത്. പ്രദേശവാസികളോടൊപ്പം പാലാ സെന്റ് തോമസ് കോളജ്, കിടങ്ങൂര്‍ സെന്റ്‌മേരീസ് സ്‌കൂള്‍, എന്‍ എസ് എസ് സ്‌കൂള്‍, ഏറ്റുമാനൂര്‍ എസ്എഫ്എസ് സ്‌കൂള്‍, മണര്‍കാട് സെന്റ് മേരീസ് കോളജ്, കിടങ്ങൂര്‍ എന്‍ജിനീയറിങ് കോളജ് തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെയും ശ്രമഫലമായാ ണ് കാവാലിപ്പുഴ മനോഹരിയായിത്തുടരുന്നത്.