" നിങ്ങളില്‍ ഒന്നാമനാകാന്‍ ആഗ്രഹിക്കുന്നവന്‍ എല്ലാവരുടെയും ദാസനായിരിക്കണം" (മര്‍ക്കോസ് 10:44) എന്ന ക്രിസ്തുവചനം അന്വര്‍ത്ഥമാക്കിക്കൊണ്ട് ദൈവവേലയ്ക്ക് പുതിയൊരു ഭാഷ്യം ചമയ്ക്കുകയാണ് സേലം രൂപതയുടെ മുന്‍ബിഷപ് അഭിവന്ദ്യ സെബാസ്റ്റ്യനപ്പന്‍ സിംഹരായന്‍.
സേലം രൂപതയുടെ പരമാധികാരിയായി 19 വര്‍ഷക്കാലം സേവനമനുഷ്ഠിച്ച 68 കാരനായ ബിഷപ് സെബാസ്റ്റ്യനപ്പന്‍ സിംഹരായനാണ് തല്‍സ്ഥാനത്തുനിന്നു വിരമിച്ചു സഹവികാരിയായി സേവനമനുഷ്ഠിക്കാന്‍ തീരുമാനിച്ചത്. സേലം രൂപതയിലുള്ള കാര്‍പ്പൂരിലെ അന്നായ് വേളാങ്കണ്ണി ഇടവകയിലെ ദൈവാലയത്തിലാണ് ഇനിമുതല്‍ അദ്ദേഹം സേവനമനുഷ്ഠിക്കുന്നത്.
1952 ജനുവരി 18 ന് തമിഴ്‌നാട്ടിലെ ധര്‍മ്മപുരി ജില്ലയിലെ ഏതലഗിരിയില്‍ ജനിച്ച സെബാസ്റ്റ്യനപ്പന്‍ സിംഹരായന്‍ ബംഗളുരു സെന്റ് പീറ്റേഴ്‌സ് പൊന്തിഫിക്കല്‍ സെമിനാരിയില്‍നിന്ന് തത്ത്വശാസ്ത്രവും ദൈവശാസ്ത്രവും അഭ്യസിച്ചു.
വൈദികപഠനത്തിനുശേഷം 1978 ല്‍ സേലം രൂപതയില്‍ പുരോഹിതനായി അഭിഷിക്തനായി. 2000 ഒക്‌ടോബര്‍ 18 ന് സേലം രൂപതയുടെ നാലാമത്തെ ബിഷപ്പായി ഉയര്‍ത്തപ്പെട്ടു.
ബഹുഭാഷാപാണ്ഡിത്യവും ദൈവശാസ്ത്രത്തില്‍ ഡോക്ടറേറ്റും നേടിയ അദ്ദേഹത്തിന് മൂന്നു ബിരുദാനന്തരബിരുദങ്ങളും അഞ്ച് മാസ്റ്റര്‍ ഡിപ്ലോമകളും സ്വന്തമായുണ്ട്.
2011 മുതല്‍ അഞ്ചുവര്‍ഷം ലത്തീന്‍ മെത്രാന്‍ സമിതിയുടെ സുവിശേഷവത്കരണസമിതിയുടെ ചെയര്‍മാനായിരുന്നു. കോയമ്പത്തൂരിലെ ഗുഡ്‌ഷെപ്പേര്‍ഡ് മേജര്‍ സെമിനാരിയിലെ ദൈവശാസ്ത്രപ്രഫസര്‍, പാസ്റ്ററല്‍ ഡയറക്ടര്‍ എന്നീ നിലകളിലും ശ്രദ്ധേയമാംവിധം അദ്ദേഹം സേവനമനുഷ്ഠിച്ചു.
'സാധാരണക്കാരുടെ ബിഷപ്' എന്നറിയപ്പെടുന്ന അദ്ദേഹം തന്റെ ഇരുചക്രവാഹനത്തില്‍ യാത്ര ചെയ്താണ് തന്റെ രൂപതയുടെ വിദൂരപ്രദേശങ്ങളിലെ അജപാലനദൗത്യങ്ങള്‍ നിര്‍വ്വഹിച്ചുകൊണ്ടിരുന്നത്. എളിമയുടെയും സേവനത്തിന്റെയും ഉത്തമമാതൃകയായ അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഏവര്‍ക്കും അനുകരണീയമാണ്.