•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഞെട്ടില്ലാ വട്ടയില

രുതരം ഇലയെക്കുറിച്ചാണു പറയുന്നത്; ഞെട്ടില്ലാ വട്ടയില.
രണ്ടു പ്രത്യേകതകളാണ് ഇതിനുള്ളത്. ഒന്നാമത്, ഞെട്ടില്ലാത്ത ഇലയാണ്.
രണ്ടാമത്, വട്ടത്തിലുള്ള ഇലയാണ്.
ഏതാണീ ഇല? ഉത്തരം എല്ലാവര്‍ക്കും അറിയാം - പപ്പടം.
ഇനി ഒരു ചോദ്യം. പപ്പടം ഒരു ഇലയാണോ? ഏതെങ്കിലും ചെടിയില്‍നിന്നോ മരത്തില്‍നിന്നോ പറിച്ചെടുക്കുന്നതാണോ? അല്ലേയല്ല. ഇതാണു കടങ്കഥകളുടെ പ്രത്യേകത. ഒരു വസ്തുവിനെ മറ്റൊന്നായി പറയും. ശരിയായി ആലോചിച്ചാല്‍ നമുക്കതു മനസ്സിലാവുകയും ചെയ്യും. വട്ടയില എന്നു കേട്ടാല്‍ വട്ടത്തിലുള്ള പലതരം ഇലകള്‍ ഓര്‍മവരും. ഞെട്ടില്ല എന്നു പറഞ്ഞാലോ? എല്ലാ ഇലകള്‍ക്കും ഞെട്ടുണ്ട്. ഇല്ലെങ്കിലോ? അത് സാധാരണ ഇലയല്ല. വട്ടത്തിലുള്ള മറ്റൊരു വസ്തുവാണ്. ഇത്തരം ആലോചന നമ്മെ ഉത്തരത്തിലേക്ക് എത്തിക്കുന്നു. ഞെട്ടില്ലാത്ത ഇലയുണ്ടോ? അതാണു പപ്പടം.
കടങ്കഥകള്‍ ഇങ്ങനെയാണ്. ഒരു കാര്യത്തെക്കുറിച്ച്, വേറേ കാര്യങ്ങള്‍ പറയും. ഒന്നിനെ മറ്റൊന്നായി പറയും.
നമുക്കിനി മറ്റൊരു കടങ്കഥ നോക്കാം: ''മുറ്റത്തെ ചെപ്പിന് അടപ്പില്ല.''
ചെപ്പ് എന്നാല്‍  അടപ്പുള്ള ചെറിയ പാത്രമാണ്.
ഈ കടങ്കഥയിലെ ചെപ്പിന് അടപ്പില്ല എന്ന വ്യത്യാസമുണ്ട്. മറ്റൊരു സൂചനകൂടി ഇതിലുണ്ട്. മുറ്റത്താണ് ഈ ചെപ്പിന്റെ സ്ഥാനം.
സാധാരണയായി വീട്ടുമുറ്റങ്ങളില്‍ കാണുന്നതാണ് കിണര്‍. അതിനു ചെപ്പിന്റെ വൃത്താകൃതിയാണ്. അതിനാകട്ടെ, അടപ്പുമില്ല. അങ്ങനെ ആലോചിച്ചാല്‍ നമുക്കു കിണര്‍ എന്ന ഉത്തരത്തില്‍ എത്താന്‍ കഴിയും. ഇവിടെ കിണറിനെ ചെപ്പായി സങ്കല്പിച്ചിരിക്കുന്നു. ഇത് പഴയ കടങ്കഥയാണെന്ന് ഓര്‍ക്കണം. ഇന്നത്തെ പല കിണറുകള്‍ക്കും അടപ്പുള്ള കാര്യം നമുക്കറിയാമല്ലോ.
'കാള കിടക്കും കയറോടും' എന്ന കടങ്കഥയുടെ ഉത്തരം നമുക്കറിയാം: മത്തങ്ങ.
വാസ്തവം പറഞ്ഞാല്‍ ഇതില്‍ കാളയുമില്ല, കയറുമില്ല.
ഉള്ളതു വലിപ്പമുള്ള മത്തങ്ങയും മത്തച്ചെടിയുടെ നീളംകൂടിയ വള്ളിയുമാണ്. മത്തങ്ങ ഉണ്ടായാല്‍ നിലത്തുതന്നെ കിടന്നു വളര്‍ന്നു വലുതാകും. മത്തവള്ളിയാകട്ടെ മുന്നോട്ടു മുന്നോട്ടു വളര്‍ന്നുപോകും. അങ്ങനെ ആലോചിക്കുമ്പോള്‍ ഓരോ കടങ്കഥയും എത്രയോ അര്‍ത്ഥമുള്ളതാണ്! നമ്മുടെ ചിന്താശേഷി വര്‍ദ്ധിപ്പിക്കാന്‍ ഇവ സഹായിക്കും. ഒളിപ്പിച്ചുവച്ച ഒരു ഉത്തരം ഇത്തരം ചോദ്യങ്ങളില്‍ ഉണ്ടാവും. ബുദ്ധിയും ഭാവനയും ഉപയോഗിച്ച് അതിന്റെ ഉത്തരം കണ്ടെത്തണം. അപ്പോഴുണ്ടാകുന്ന രസം ചെറുതല്ല.
മലയാളത്തില്‍ പത്തും നൂറുമല്ല, ആയിരക്കണക്കിനു കടങ്കഥകളുണ്ട്. വീടിനകത്തും പുറത്തുമുള്ള വസ്തുക്കള്‍, ഭൂമിയിലും ആകാശത്തുമുള്ള കാര്യങ്ങള്‍ എന്നിവയൊക്കെ കടങ്കഥയ്ക്കു വിഷയങ്ങളാണ്. അവ കേള്‍ക്കാനും ഉത്തരം കണ്ടെത്താനും കുട്ടികള്‍ ശ്രമിക്കണം. വിനോദത്തിനും വിജ്ഞാനത്തിനും ഉപകാരപ്പെടുന്ന കടങ്കഥകള്‍ കൊണ്ട് പലതരം കളികളും ഉണ്ട്. കടങ്കഥപ്പയറ്റുമുതല്‍ കടങ്കഥയുണ്ടാക്കല്‍വരെ നാനാവിധത്തിലുള്ള കേളികള്‍. ചങ്ങാതിമാരോടൊപ്പം അവയില്‍ ഏര്‍പ്പെടുന്നത് അറിവും ആനന്ദവും പകരുമെന്ന കാര്യത്തില്‍ സംശയമില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)