ലോകത്തിലാദ്യമായി നടന്ന വിമോചനസ മരം! ക്രിസ്തുവിനു വളരെ മുമ്പ്, ഒരു ജനതയെ ഈജിപ്തിലെ ഫറവോയുടെ അടിമത്തത്തില്‍നിന്നു മോചിപ്പിച്ച സമരം!
സമരനായകന്‍ മോശ! ലോകത്ത് ഇന്നേവരെ അറിയപ്പെട്ട ജനനേതാക്കളില്‍ അഗ്രേസരന്‍. ഇസ്രായേല്‍ജനതയുടെ വിമോചകന്‍!
മോശയുടെ സന്തതസഹചാരിയും വിശ്വസ്ത അനുചരനുമായിരുന്നു അഹറോന്‍. അഹറോനെ യഹോവതന്നെയാണ് മോശയ്ക്കു സഹചാരിയായി നല്കിയത്.
ഇസ്രായേല്‍ജനതയുടെ നായകത്വം ഏറ്റെടുത്തുകൊണ്ട്; ഫറവോന്റെ അടിമത്തത്തില്‍നിന്നു തന്റെ ജനതയെ മോചിപ്പിക്കാന്‍ യഹോവ തന്നെ മോശയോട് ആവശ്യപ്പെട്ടു. എന്നാല്‍, ആദ്യം മോശ അതിനു തയ്യാറായില്ല. അദ്ദേഹം യഹോവയുടെ മുന്നില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിച്ചു. മോശ പറഞ്ഞു, തനിക്കു വാക്ചാതുരി ഇല്ല. ഇതുകേട്ട് യഹോവ മോശയ്ക്കു ധൈര്യം നല്കിക്കൊണ്ടു പറഞ്ഞു: ''നിനക്ക് ലേവ്യനായ ഒരു സഹോദരന്‍ ഉണ്ടല്ലോ; അഹറോന്‍. അവന്‍ നന്നായി സംസാരിക്കും.'' അങ്ങനെയാണ് അഹറോന്‍ മോശയുടെ വക്താവും അനുയായിയും ആയിത്തീര്‍ന്നത്.
ഇസ്രായേല്‍ ജനത പന്ത്രണ്ടു ഗോത്രങ്ങളായാണ് ചരിത്രത്തില്‍ മുന്നേറിയത്. ഗോത്രത്തലവന്മാരുടെ നേതൃത്വത്തില്‍ യഹൂദജനതയെ യോജിപ്പിച്ചു നിറുത്തി മോശ വിമോചനസമരം ആരംഭിച്ചു. യോജിച്ചുള്ള മുന്നേറ്റത്തിനിടയില്‍ പലപ്പോഴും നേതൃത്വത്തിനെതിരേയും ഗോത്രങ്ങള്‍ തമ്മില്‍ത്തമ്മിലും ചെറിയ കലഹങ്ങള്‍ ഇടയ്ക്കിടയ്ക്കു പതിവായിരുന്നു. മോശയുടെ സമര്‍ത്ഥമായ നേതൃത്വം അതെല്ലാം തന്ത്രപൂര്‍വം പരിഹരിച്ചു മുന്നേറിക്കൊണ്ടിരുന്നു.
ഇസ്രായേല്‍ജനത മരുഭൂമിയില്‍ പ്രവാസികളായിക്കഴിഞ്ഞിരുന്നപ്പോള്‍, അവരുടെ നായകന്മാരായ മോശയ്ക്കും അഹറോനുമെതിരേപോലും നിസ്സാര കാര്യങ്ങള്‍ പറഞ്ഞു കലഹിക്കുക പതിവായിരുന്നു. ഒന്നിനു പരിഹാരമാകുമ്പോള്‍ മറ്റൊന്ന്. ഇത്തരം കലഹങ്ങളും സൗന്ദര്യപ്പിണക്കങ്ങളും പരിഹരിക്കാന്‍ മോശയും അഹറോനും സ്വീകരിച്ച ബുദ്ധിപൂര്‍വകമായ തന്ത്രങ്ങള്‍ കഥകളിലൂടെ ഈ ജനതയുടെ പാരമ്പര്യത്തില്‍ കടന്നുകൂടിയിട്ടുണ്ട്.
അത്തരമൊരു സംഭവം; ഗൗരവതരമായ ഒന്ന്, സമര്‍ത്ഥമായി പരിഹരിച്ച മോശയുടെ നേതൃത്വപാടവം; പ്രശംസനീയംതന്നെ.
ജനനായകരായിരുന്നു മോശയും അഹറോനും; ലേവ്യഗോത്രജരും. എന്തുകൊണ്ട് ലേവ്യഗോത്രജര്‍ മാത്രം നേതാക്കളാകുന്നു? നേതൃത്വത്തിന്റെയും പൗരോഹിത്യത്തിന്റെയും പ്രത്യേക അവകാശങ്ങളും പദവികളും എന്തുകൊണ്ട് ഞങ്ങള്‍ക്കും അനുഭവിച്ചുകൂടാ? ഇതായിരുന്നു കലഹക്കാരായ മറ്റു ഗോത്രജന്മാരുടെ ചിന്ത. ഈ ചിന്താഗതിക്കു പിന്തുണ നല്കാനും ഒരു കൂട്ടം ജനങ്ങളും ഗോത്രങ്ങളും തയ്യാറുമായിരുന്നു.
കോരഹും സഹോദരന്മാരും; റൂബന്‍ ഗോത്രത്തിലെ ദാത്തന്‍, അബിറാം, ഓന്‍ എന്നിവരുമാണ് കലാപത്തിനു നേതൃത്വം നല്കിയത്. അവര്‍ പറഞ്ഞു: ''നിങ്ങള്‍ അതിരുവിട്ടുപോകുന്നു. സമൂഹം ഒന്നൊഴിയാതെ എല്ലാവരും വിശുദ്ധരാണ്. കര്‍ത്താവ് അവരുടെ മധ്യേ ഉണ്ട്. പിന്നെന്തിനു നിങ്ങള്‍ കര്‍ത്താവിന്റെ ജനത്തിനുമീതെ നേതാക്കന്മാരായി ചമയുന്നു? എന്തിനു ലേവ്യഗോത്രത്തിനു മാത്രം വിശുദ്ധി കല്പിക്കുന്നു?''
ഈജിപ്തിലെ അടിമത്തം പോലും സ്വീകാര്യമായ മട്ടിലായിരുന്നു അവരുടെ പ്രചാരണം. പാലും തേനുമൊഴുകുന്ന ഒരു സ്വപ്നഭൂമിയിലേക്കാണത്രേ ഞങ്ങളെ കൊണ്ടുപോകുന്നത്. ഇതു വല്ലതും നടക്കുന്ന കാര്യമാണോ? ഇവര്‍ നമ്മളെ വ്യാമോഹിപ്പിക്കുകയാണ്. ഇതു ചതി!
ഈ പ്രചാരണവും വാക്‌ധോരണിയും ഒരു കോലാഹലമായി; ഒരു കലാപമായി പടരുകയായിരുന്നു. മോശയുടെയും അഹറോന്റെയും കാതുകളിലും ഈ പടലപിണക്കങ്ങള്‍ എത്തുന്നുണ്ടായിരുന്നു. അവര്‍ തങ്ങളുടെ വിശ്വസ്തരായ അണികളുമായി ആലോചിച്ചു.
ഇതു പാളയത്തില്‍ പടയാണ്. ഈ പട വളര്‍ന്നാല്‍ നമ്മള്‍ വീണ്ടും ഫറവോയുടെ നുകം ചുമക്കേണ്ടിവരും. ഫറവോയുടെ പട നമ്മുടെ പിന്നാലെയുണ്ട്. അതുകൊണ്ട് ഈ കലഹം അവസാനിപ്പിച്ചേ മതിയാകൂ. തങ്ങളുടെ ജനത്തിന്റെ വിമോചനം ലക്ഷ്യം കാണണം. മോശയും അഹറോനും ഗാഢമായി ചിന്തിച്ചു. കലാപമൊതുക്കാന്‍ മോശ ഒരു പദ്ധതി വിഭാവനം ചെയ്തു.
മോശ ജനനേതാക്കളെയും ഗോത്രത്തലവന്മാരെയും വിളിച്ചുകൂട്ടി അവരോടു പറഞ്ഞു: ''ഇസ്രായേല്‍മക്കളേ, കേള്‍ക്കുക. നമ്മുടെ പിതാക്കന്മാരുടെ ദൈവമായ കര്‍ത്താവ് അരുള്‍ചെയ്തു. എല്ലാ ഗോത്രത്തലവന്മാരും ഓരോ വടികള്‍; അങ്ങനെ പന്ത്രണ്ടു വടികള്‍ കൊണ്ടുവരിക. ഓരോ വടിയിലും ഗോത്രത്തലവന്റെ പേര് എഴുതിയിരിക്കണം. വടികള്‍ വിശുദ്ധ പേടകത്തിനു മുന്നില്‍ നിരത്തി വയ്ക്കണം. പിറ്റേന്നു രാവിലെ നിങ്ങള്‍ ദര്‍ശനത്തിനെത്തുമ്പോള്‍ നിങ്ങള്‍ കാണുന്നതായിരിക്കും നിങ്ങള്‍ക്കുള്ള അടയാളം.''
മോശയുടെ വാക്കുകള്‍ അനുസരിച്ച് പന്ത്രണ്ടു ഗോത്രക്കാരും വടികളുമായെത്തി. ഗോത്രത്തലവന്മാരുടെ അധികാരചിഹ്നമായ വടികള്‍ ഓരോരുത്തരായി വിശുദ്ധ പേടകത്തിനു മുമ്പില്‍ നിരത്തിവച്ചിട്ട്, പേടകത്തെ വണങ്ങി തിരിച്ചുപോയി.
മോശയുടെ നിര്‍ദേശമനുസരിച്ച് പിറ്റേന്നു രാവിലെതന്നെ ഗോത്രത്തലവന്മാര്‍ വിശുദ്ധ കൂടാരത്തില്‍ പ്രവേശിച്ചു. ഏവരുടെയും കണ്ണുകള്‍ തങ്ങളുടെ വടികള്‍ക്ക് എന്തു സംഭവിച്ചിരിക്കും എന്നറിയാനുള്ള കൗതുകത്തിലായിരുന്നു. ഓരോരുത്തരും തങ്ങളുടെ വടികള്‍ കൈയിലെടുത്തു നോക്കി. ഇല്ല! ഒന്നും സംഭവിച്ചിട്ടില്ല. എന്നാല്‍, ഒരു വടി മാത്രം തളിര്‍ത്തു മൊട്ടിട്ടു നില്ക്കുന്നു. അത് അഹറോന്റെ വടിയായിരുന്നു.
അതേ, അഹറോന്റെ വടി പച്ചത്തളിരുകള്‍ നീട്ടി സുരഭിലയായി നില്ക്കുന്നു. അതൊരു സൂചനയായിരുന്നു. നേതൃത്വം ലേവ്യഗോത്രത്തിനുതന്നെ! യഹോവ വ്യക്തമായ സൂചന നല്കിയിരിക്കുന്നു.
പാളയത്തിലെ പട അതോടെ അടങ്ങി. ഗോത്രത്തലവന്മാര്‍ ഓരോരുത്തരായി തങ്ങളുടെ വടിയുമെടുത്തു തിരികെപ്പോയി.
മോശയുടെ സമയോചിതമായ യുക്തിയും ബുദ്ധിയും യഹൂദജനതയെ ഫറവോയുടെ ദീര്‍ഘനാളത്തെ അടിമത്തത്തില്‍നിന്നു സ്വതന്ത്രരാക്കി.
ജനത്തിനു തൃപ്തിയായി. അന്നുമുതല്‍ ഇന്നുവരെയും ലേവ്യഗോത്രത്തിന്റെ പൗരോഹിത്യാധികാരവകാശങ്ങളെ ഇസ്രായേലില്‍ ആരും ചോദ്യം ചെയ്തിട്ടില്ല. വിശുദ്ധപേടകത്തില്‍ വിശുദ്ധവസ്തുവായി സൂക്ഷിച്ചിരിക്കുന്ന ലോഹദണ്ഡ് ഈ സംഭവത്തിന്റെ പ്രതീകമാണത്രേ.