അനേകകാലത്തെ തപസ്സിന്റെ ഫലമായി മഹര്‍ഷിമാരുടെ മനസ്സില്‍ രൂപപ്പെട്ട ആശയങ്ങളാണ് ഭാരതസംസ്‌കാരത്തിന്റെ അടിത്തറ. മനു മഹര്‍ഷി ഇപ്രകാരം പറയുന്നു: ''മാതാവിനെയും പിതാവിനെയും ആചാര്യനെയും അതിഥിയെയും ദേവനു തുല്യം കരുതുകയും ആദരിക്കുകയും ചെയ്യണം.''ഈ കാലഘട്ടത്തില്‍ നാം എങ്ങനെയാണു ജീവിക്കുന്നതെന്നു ചിന്തിക്കുന്നതു നല്ലതാണ്.
മാതാപിതാക്കള്‍ അന്ധരായിരുന്നതുകൊണ്ട് അവരെ എടുത്തുകൊണ്ടുനടക്കുന്ന മകനെപ്പറ്റി, പുരാണത്തില്‍ നാം വായിച്ചിട്ടുണ്ട്. താന്‍ കുരിശില്‍ കിടന്നപ്പോഴും മാതാവിനെപ്പറ്റി ആകുലനായ പുത്രനെപ്പറ്റി നമുക്കറിയാം. ഇപ്പോള്‍ നാം മാതാവിന് അര്‍ഹിക്കുന്ന സ്ഥാനവും ബഹുമാനവും വീടുകളില്‍ നല്‍കാറുണ്ടോ? അമ്മേ, പോകുകയാണെന്നു പറഞ്ഞു വീട്ടില്‍നിന്നു സ്‌കൂളിലോ മറ്റുസ്ഥലങ്ങളിലോ പോകുന്ന മക്കളുണ്ടായിരുന്നു. അമ്മയൊന്നു മൂളിയില്ലെങ്കില്‍, തിരിച്ചുവന്ന് അമ്മയോടു പറഞ്ഞിട്ടു പോകുമായിരുന്നു. പോയിട്ടുതിരിച്ചുവരുമ്പോള്‍ സ്‌കൂളിലെ കാര്യങ്ങളും പോയ സ്ഥലത്തെ വിവരങ്ങളും അടുക്കളയില്‍ വന്നിരുന്ന് അമ്മയോടു പറയുന്നവര്‍. ഇന്നത്തെ അമ്മമാര്‍ക്ക് അവരുടെ മക്കള്‍ എവിടെപ്പോയെന്നോ എന്തിനു പോയെന്നോ അറിവുണ്ടോ? കള്ളും കഞ്ചാവും കഴിച്ച് തിരിച്ചുവന്ന് അമ്മയെ ചവുട്ടിക്കൊല്ലുന്നവര്‍. പെന്‍ഷന്‍ വാങ്ങി വന്ന അപ്പനെ, കള്ളുകുടിക്കാന്‍ കാശു കൊടുക്കാത്തതിനാല്‍ വെട്ടിക്കൊല്ലുന്ന മകന്‍.
സ്ത്രീകളെ പാര്‍പ്പിക്കുന്ന സഭയുടെ പല സദനങ്ങളിലും ഞാന്‍ പോയിട്ടുണ്ട്. ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ് അവര്‍ക്ക് എന്നെ പരിചയപ്പെടുത്തും: ഒരമ്മച്ചി എന്നോടു പറയുകയാണ്. എന്റെ രണ്ടു മക്കള്‍ സാറന്മാരാണ്; സ്‌കൂളില്‍ വരുംതലമുറയെ രൂപപ്പെടുത്തുന്ന അധ്യാപകര്‍. ഞാന്‍ ചോദിച്ചു: ''അമ്മച്ചി പിന്നെ ഇവിടെ വന്നത്?'' അമ്മച്ചി സങ്കടത്തോടെ പറയുകയാണ്: ''അവരുടെ മക്കള്‍ക്ക് എന്നെ ഇഷ്ടമില്ല. എന്റെ സംസാരവും ചുമയുമൊന്നും മരുമകള്‍ക്ക് ഇഷ്ടമില്ല. അതുകൊണ്ട് എന്നെ ഇവിടെയാക്കി. എനിക്കിവിടെ സുഖമാണ്.'' കൊച്ചുമക്കളുടെയും മരുമക്കളുടെയും ഇഷ്ടത്തെപ്രതി, സ്വന്തം അമ്മയെ മാറ്റി നിറുത്തുന്നതു ശരിയാണോയെന്നു ഞാന്‍ ചിന്തിച്ചു.
അടുത്തറൂമിലെ അമ്മച്ചി അള്‍ഷിമേഴ്‌സ് രോഗിയാണ്. എനിക്കു പരിചയമുള്ളയാളാണ്. ഏതാണ്ട് നാല്പതുവര്‍ഷം മുമ്പ് ഞങ്ങളുടെ നാട്ടിലെ നല്ല കൃഷിക്കാരിയായിരുന്നു. പച്ചക്കറിക്കൃഷി, ആടുമാടുകളെ വളര്‍ത്തല്‍ തുടങ്ങി എല്ലാ പണികള്‍ക്കും സമര്‍ത്ഥ. ഭര്‍ത്താവ് ബിസിനസ്സുകാരനായിരുന്നു. നാലു പെണ്‍മക്കളും ഒരു മകനും. വലിയ സാമ്പത്തികശേഷിയില്ലെങ്കിലും അമ്മച്ചി മക്കളെ പഠിപ്പിച്ചു. രണ്ടു പെണ്‍മക്കള്‍ ജോലിക്കാരായി. മകന്‍ ബിസിനസ്സുകാരന്‍. എല്ലാവരും വിവാഹിതര്‍. അപ്പച്ചന്‍ മരിച്ചു. അതിനുശേഷമാണ് അമ്മച്ചിക്ക് ഓര്‍മക്കുറവ് തുടങ്ങിയത്. അപ്പച്ചന്‍ മരിക്കുന്നതിനുമുമ്പ് അഞ്ചുലക്ഷം രൂപ അമ്മച്ചിയുടെ പേരില്‍ ബാങ്കില്‍ നിക്ഷേപിച്ചിരുന്നു. അമ്മച്ചി മകന്റെകൂടെ ജീവിച്ചുവരികയായിരുന്നു. ഇങ്ങനെയിരിക്കേ രോഗം വര്‍ദ്ധിച്ചു. വീട്ടില്‍ വഴക്കായി. മരുമകളോടും മക്കളോടും അമ്മച്ചിക്കു ദേഷ്യമായി. അഞ്ചുലക്ഷം രൂപ മകന്‍ ബാങ്കില്‍നിന്ന് എടുത്തെന്നാണ് പെണ്‍മക്കള്‍ പറയുന്നത്. അതുകൊണ്ട് മരുമകള്‍തന്നെ അമ്മച്ചിയെ നോക്കണമെന്നാണ് പെണ്‍മക്കളുടെ ഡിമാന്റ്. എന്തായാലും അമ്മച്ചി ഇപ്പോള്‍ ബഹു. സിസ്റ്റേഴ്‌സിന്റെ സംരക്ഷണയിലാണ്.
ജീവിച്ചിരിക്കുന്ന മാതാപിതാക്കളെ ബഹുമാനിക്കുക. അമ്മയുടെ ഹൃദയം മക്കളോടുള്ള സ്‌നേഹത്താല്‍ നിറഞ്ഞതാണ്. ജീവിച്ചിരിക്കുമ്പോള്‍, അമ്മയെ കാണാനും സംസാരിക്കാനും രോഗാവസ്ഥയില്‍ അമ്മയെ കുളിപ്പിക്കാനുമൊക്കെ നാം സമയം കണ്ടെത്തണം. ആ കൈകള്‍കൊണ്ട് നമ്മെ എത്ര തവണ കുളിപ്പിച്ചതാണ്. നാത്തൂനോടുള്ള പിണക്കംകൊണ്ട് അമ്മയെ കാണാന്‍ വീട്ടില്‍ വരാത്ത പെണ്‍മക്കളുണ്ട്. ഓരോരുത്തരായി വല്ലപ്പോഴും വീട്ടില്‍വന്ന് അമ്മയുടെ ഫോട്ടോ എടുത്ത് മറ്റുള്ള അനുജത്തിമാര്‍ക്കും ചേട്ടത്തിമാര്‍ക്കും അയച്ചുകൊടുക്കുന്നവര്‍! ആങ്ങള വിവാഹം കഴിച്ചു കൊണ്ടുവന്നവളാണ് നാത്തൂന്‍. പക്ഷേ, അമ്മ നിങ്ങളെ പ്രസവിച്ചുവളര്‍ത്തിയവരാണെന്നു മറക്കരുതേ!
വല്യമ്മച്ചിയുടെ കോളാമ്പി (തുപ്പുന്ന പാത്രം) തേച്ച് സ്വര്‍ണനിറമാക്കാന്‍ ശ്രമിക്കുന്ന കൊച്ചുമക്കളുണ്ടായിരുന്ന നാടാണിത്. വല്യപ്പന്‍ പൂമുഖത്തിരുന്നാല്‍ ആ വഴി നടക്കാന്‍ പേടിച്ചിരുന്നവര്‍. ആ മക്കളാരും വഴിതെറ്റിയിട്ടില്ല. മാതാപിതാക്കള്‍ ദൈവതുല്യരാണ്. 'അമ്മയെ കാണണം മുമ്പില്‍ അച്ഛനെ തൊഴുതീടണം'' എന്നാണു കവി പാടിയത്. അമ്മ മരിച്ചതിനുശേഷം ഭിത്തിയില്‍ ഫോട്ടോ തൂക്കിയിട്ട്, പല്ലിയും പാറ്റയും ഫോട്ടോയിലൂടെ കയറിയിറങ്ങുന്നതു നോക്കി, അമ്മയെ ഓര്‍ത്തു കരഞ്ഞിട്ടു കാര്യമല്ല. ജീവിക്കുന്ന അമ്മമാരെ സ്‌നേഹിക്കുക. മരിച്ചുപോയ അമ്മമാര്‍ സ്വര്‍ഗത്തില്‍ നമ്മുടെ മദ്ധ്യസ്ഥരാണ്.