റോം: റഷ്യ യുക്രെയ്‌നുമേല്‍ നടത്തുന്ന അധിനിവേശങ്ങളില്‍ വീണ്ടും ദുഃഖം പ്രകടിപ്പിച്ചും സമാധാനത്തിനായി എല്ലാ ദിവസവും ജപമാല ചൊല്ലാന്‍ വിശ്വാസികളോട് ആഹ്വാനവുമായി ഫ്രാന്‍സിസ് മാര്‍പാപ്പ. മെയ് ഒന്നിന് ത്രികാലപ്രാര്‍ത്ഥനയ്ക്കുശേഷം സെന്റ് പീറ്റേഴ്‌സ് സ്‌ക്വയറില്‍ ജനക്കൂട്ടത്തോടു സംസാരിച്ചപ്പോഴാണ് അനുദിന ജപമാലയര്‍പ്പണത്തിന് ആഹ്വാനം ചെയ്തത്. സമാധാനത്തിനായി മേയ് മാസത്തില്‍ എല്ലാ ദിവസവും ജപമാല ചൊല്ലാന്‍ വിശ്വാസികളെയും എല്ലാ സമൂഹങ്ങളെയും ക്ഷണിക്കാന്‍ താന്‍ ആഗ്രഹിക്കുകയാണെന്ന് പാപ്പാ പറഞ്ഞു.
യുക്രേനിയന്‍ ജനതയുടെ പ്രത്യേകിച്ച്, ദുര്‍ബലരുടെയും പ്രായമായവരുടെയും കുട്ടികളുടെയും ദുരിതങ്ങളെക്കുറിച്ചോര്‍ത്ത് ഏറെ ദുഃഖമുണ്ട്. കുട്ടികളെ പുറത്താക്കുകയും നാടുകടത്തുകയും ചെയ്യുന്ന ഭയാനകമായ റിപ്പോര്‍ട്ടുകള്‍പോലും പുറത്തുവരുന്നുണ്ടെന്നും പാപ്പാ പറഞ്ഞു. തന്റെ ചിന്തകള്‍ ദൈവമാതാവിന്റെ നഗരമായ മരിയുപോള്‍ നഗരത്തിലേക്കാണു പോകുന്നത്. അത് ക്രൂരമായി ബോംബെറിഞ്ഞു നശിപ്പിക്കപ്പെട്ടുവെന്നും റഷ്യയുടെ നിയന്ത്രണത്തിലുള്ള നഗരത്തില്‍ കുടുങ്ങിക്കിടക്കുന്നവര്‍ക്ക് സുരക്ഷിതമായ മാനുഷിക ഇടനാഴികള്‍ തുറക്കണമെന്നും പാപ്പ അഭ്യര്‍ത്ഥിച്ചു.
മനുഷ്യരാശിയുടെ ഭയാനകമായ പിന്മാറ്റത്തിനിടയില്‍ സമാധാനം യഥാര്‍ത്ഥത്തില്‍ അന്വേഷിക്കപ്പെടുന്നുണ്ടോയെന്ന് ആശ്ചര്യപ്പെടുകയാണ്. നമുക്ക് സംവാദത്തിന്റെയും സമാധാനത്തിന്റെയും പാത സ്വീകരിക്കാം. അതിനായി നമുക്ക് പ്രാര്‍ത്ഥിക്കാമെന്നും പാപ്പ പറഞ്ഞു. ഫെബ്രുവരി 24 ന് റഷ്യന്‍ പ്രസിഡന്റ് പുടിന്‍ യുക്രെയ്ന്‍ അധിനിവേശത്തിന് ഉത്തരവിട്ടപ്പോള്‍, മരിയുപോളില്‍ 400,000-ത്തിലധികം ആളുകള്‍ ഉണ്ടായിരുന്നു. എന്നാല്‍ അധിനിവേശത്തിന് പിന്നാലെ ജനസംഖ്യയുടെ മുക്കാല്‍ഭാഗവും പലായനം ചെയ്തു, 100,000 പേര്‍ ഇപ്പോഴും റഷ്യന്‍ സേനയുടെ ദിവസേനയുള്ള ബോംബാക്രമണത്തെത്തുടര്‍ന്ന് പൂര്‍ണ്ണമായും നശിച്ച നഗരത്തിലെ ഭൂഗര്‍ഭഅറയില്‍ തുടരുകയാണ്.