പാപാന്ധകാരമകറ്റി മനുജനു
പാരിതില്‍ മാര്‍ഗം തെളിച്ചിടുവാന്‍
പാവനമാകും പ്രകാശമായ് ലോകത്തിന്‍
പാലകന്‍തന്‍ സുതനെത്തി മന്നില്‍.
മുന്നമേയീശ്വരന്‍ നല്കിയ വാഗ്ദാനം
മുപ്പത്തിമൂന്നു സംവത്സരങ്ങള്‍
മര്‍ത്ത്യരോടൊപ്പമവരിലൊരുവനായ്
മന്നില്‍ക്കഴിഞ്ഞവന്‍ ദൈവപുത്രന്‍.
സത്യത്തോടൊപ്പം ചരിച്ചു മനുജനെ
സന്തോഷം തന്റെയുറവിടമാം
സ്വര്‍ഗത്തിലേക്കു നയിക്കുവാനായവന്‍
സന്തതം യത്‌നിച്ചു ഭൂതലത്തില്‍.
അല്പവും നന്മയ്ക്കു മൂല്യമേകാത്തവര്‍
അന്ധകാരത്തില്‍ കഴിഞ്ഞിടുന്നോര്‍
അസ്വസ്ഥരായ് നല്‍പ്രകാശം കെടുത്തുവാന്‍
അത്യന്തമാഗ്രഹിച്ചൊത്തുചേര്‍ന്നു.
കല്പിതമാം പല കുറ്റങ്ങളും ചാര്‍ത്തി
കല്പിച്ചു ജീവനെടുത്തിടാനായ്
ക്രൂരമനസ്‌കരാ സത്യസ്വരൂപനെ
ക്രൂശിതനാക്കി സംതൃപ്തരായി.