•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പൊതുജനക്കണ്ണീരിലോ വികസനക്കഞ്ഞി?

തിവില്ലാത്ത വഴക്കും വാക്കേറ്റവും അസഭ്യവാക്കുകളും കേട്ടുകൊണ്ട് റോഡിലേക്കു നോക്കിയപ്പോഴാണു കാര്യം പിടികിട്ടിയത്. എതിര്‍ദിശകളില്‍നിന്നുവന്ന ഒരു ഓട്ടോറിക്ഷയും കാറും തമ്മില്‍ കൂട്ടിയിടിച്ചുകിടക്കുന്നു. വണ്ടികളില്‍നിന്നിറങ്ങിയവര്‍ പരസ്പരം പഴിപറഞ്ഞുകൊണ്ടുള്ള കലാപരിപാടിയാണു നടക്കുന്നത്. ഇരുവശങ്ങളിലും ''തിരക്കുപിടിച്ച'' വാഹനങ്ങള്‍ വന്നുനിറഞ്ഞതോടെ കൈയേറ്റത്തിന്റെ വക്കോളമെത്തിയ അങ്കം ഒടുവില്‍ അസഭ്യഭാഷണത്തിന്റെ മാലപ്പടക്കത്തോടെ കലാശിച്ചു. ഏതാനും വര്‍ഷങ്ങള്‍മുമ്പുവരെ വാഹനരഹിതമായിക്കിടന്ന ഒരു നാടന്‍വഴി. വല്ലപ്പോഴും മാത്രം ഒന്നോ രണ്ടോ ഓട്ടോറിക്ഷകളോ ജീപ്പുകളോ അതിലെ പോകുന്നതു കാണാമായിരുന്നു. കുന്നിന്‍മുകളിലേക്കു വളഞ്ഞുകിടക്കുന്ന പൊട്ടിപ്പൊളിഞ്ഞ ആ വഴിയിലൂടെ കയറിയിറങ്ങാന്‍ വാഹനങ്ങള്‍ക്കു മടിയായിരുന്നു. എന്നാല്‍, ഇന്നു സ്ഥിതിയാകെ മാറി. ഈ സ്ഥിതിവിശേഷത്തിനുകാരണം സര്‍ക്കാര്‍ മലമുകളില്‍ തുറന്ന മദ്യഷാപ്പു തന്നെയാണ്. ഈ 'സങ്കേത'ത്തിലേക്കുള്ള ചക്രങ്ങളുടെ ഓട്ടമത്സരത്തിനിടയിലാണ് ആദ്യം വിവരിച്ചപോലെ 'കിട്ടിയവനും കിട്ടാനുള്ളവനും' തമ്മിലുള്ള കലാപരിപാടികള്‍ അരങ്ങേറുന്നത്. അധികം വൈകാതെ ഒരു ട്രാഫിക് സിഗ്നലോ, പോലീസുകാരനോ അവിടെ അത്യാവശ്യമായിവരും. അല്ലാ, അതു വല്യപ്രശ്‌നമൊന്നുമല്ല. അങ്ങനെയൊക്കെയുള്ള 'ജനക്ഷേമവികസന'പ്രവര്‍ത്തനങ്ങള്‍ക്കു പണം സമാഹരിക്കാനാണല്ലോ  കൊടിവ്യത്യാസമില്ലാതെ മാറി മാറിവരുന്ന സര്‍ക്കാരുകള്‍ മുക്കിനു മുക്കിനു മദ്യക്കടകള്‍ ഉദ്ഘാടനം ചെയ്യുന്നത്.
ചില കാര്യങ്ങള്‍ വല്ലാത്ത ആശ്ചര്യം ജനിപ്പിക്കുന്നവയാണ്. ജനക്ഷേമം ഉറപ്പുവരുത്തുമെന്നും അതിനായി അഹോരാത്രം അധ്വാനിക്കുമെന്നുമൊക്കെ വാഗ്ദാനം ചെയ്തുകൊണ്ട് അധികാരത്തിലേറുന്ന ഭരണകൂടങ്ങള്‍ ജനദ്രോഹപരമായ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതാണ് അവയിലൊന്ന്. ഒരു രാജ്യത്തിന്റെയോ സംസ്ഥാനത്തിന്റെയോ ആത്യന്തികമായ ആസ്തി അവിടെയുള്ള ജനങ്ങളാണ്. മാനസികവും വൈകാരികവും ശാരീരികവും സാമ്പത്തികവുമായ തലങ്ങളില്‍ ആരോഗ്യമുള്ള ജനതയാണ് ഏതൊരു ദേശത്തിനും അനിവാര്യമായുണ്ടാവേണ്ടത്. ഈ തലങ്ങളിലെല്ലാം ഒരുപോലെ ജനങ്ങള്‍ക്കു 'ഹാനികര'മായി ഭവിക്കുമെന്നു സര്‍ക്കാര്‍തന്നെ എഴുതിയൊട്ടിച്ചിട്ടുള്ള ലഹരിവസ്തുക്കള്‍ സുലഭമാക്കാന്‍ നാട്ടിലുടനീളം സംവിധാനമേര്‍പ്പെടുത്തുന്ന, 'വിഷംകൊടുത്തു കൊല്ലുന്നതിനു' തുല്യമായ നടപടി അത്യന്തം ആശ്ചര്യജനകവും അപലപനീയവുമാണ്. ഒരു വശത്ത് (ഫോര്‍ ഫോര്‍മാലിറ്റീസ് സേക്) മദ്യവും അനുബന്ധവസ്തുക്കളും 'ആരോഗ്യത്തിനു ഹാനികരം' എന്ന താക്കീതും, മറുവശത്ത് അവ സംലഭ്യമാക്കിക്കൊടുക്കാനുള്ള നീക്കങ്ങളും ഭരണകൂടത്തിന്റെ ഇരട്ടമുഖം വരച്ചുകാട്ടുന്നു.
'മാര്‍ഗം ലക്ഷ്യത്തെ ഒരുവിധത്തിലും സാധൂകരിക്കുന്നില്ല' എന്ന തത്ത്വം പരിചിതമല്ലാത്തവര്‍ വിരളം. പക്ഷേ, പ്രവൃത്തിപഥത്തില്‍ ധനം അത്യന്താപേക്ഷിതമാണ്. പണമാണ് പുരോഗതിയുടെ അടിസ്ഥാനാവശ്യങ്ങളിലൊന്ന്. എന്നാല്‍, പണസമാഹരണത്തിനായി ആവിഷ്‌കരിക്കപ്പെടുന്ന മാര്‍ഗങ്ങള്‍ യാതൊരു കാരണവശാലും മ്ലേച്ഛമാകരുത്. മലയാളക്കരയെ 'മദ്യക്കര' യാക്കരുത്. മലയാളത്തിനു മദ്യച്ചുവ കൊടുക്കരുത്. മാന്യവും നിരുപദ്രവകരവുമായ മറ്റെന്തെല്ലാം വഴികളിലൂടെ സാമ്പത്തികമേഖല മെച്ചപ്പെടുത്താനാവും? അവയെക്കുറിച്ചൊന്നും ഗൗരവപൂര്‍വം ചിന്തിക്കാതെയും പഠിക്കാതെയും മദ്യവില്പനപോലുള്ള നികൃഷ്ടവഴികള്‍ നിര്‍ദേശിക്കുകയും അവയ്ക്കു ചുക്കാന്‍ പിടിക്കുകയും ചെയ്യുന്ന ഉദ്യോഗസ്ഥ, ഉപദേശകക്കൂട്ടരും ഈ മ്ലേച്ഛതയുടെ ദുര്‍ഗന്ധം പേറുന്നവരാണ്. ധനസമ്പാദനത്തിന്റെ ധാര്‍മികത നഷ്ടപ്പെട്ടാല്‍ ഏതു തരത്തിലുള്ള അനാശാസ്യത്തിന്റെയും 'ഔട്ട്‌ലെറ്റുകള്‍' നാടുനീളെ തുറക്കാന്‍ ആര്‍ക്കും ഒരു മടിയുമുണ്ടാവില്ല. ഓര്‍ക്കണം, മനുഷ്യനെ മനോനില തെറ്റിയവനും രോഗിയുമാക്കി മാറ്റുന്ന വിദേശമദ്യഷാപ്പുകളിലൂടെയുള്ള  ഖജനാവു നിറയ്ക്കല്‍ശൈലി പ്രതിബദ്ധതയുള്ള ഒരു സര്‍ക്കാരിനും ഭൂഷണമല്ല.
മനുഷ്യരാശിയെ ഒന്നടങ്കം  ഇന്ന് ആപത്കരമായി സ്വാധീനിച്ചിരിക്കുന്ന മരണസംസ്‌കാര (കള്‍ചര്‍ ഓഫ് ഡെത്ത്) ത്തിന്റെ പ്രകടമായ ലക്ഷണങ്ങളില്‍ ഒന്നായ മദ്യം തികച്ചും മാരകമാണ്. മനുഷ്യര്‍ക്കിടയില്‍ ദിനംപ്രതി വര്‍ദ്ധിച്ചുവരുന്ന മദ്യാസക്തി ഒരു വലിയ പരിധിവരെ ജീവന്റെ മൂല്യത്തെയും പവിത്രതയുംകുറിച്ചുള്ള അവരുടെ ബോധ്യങ്ങളെ മരവിപ്പിക്കുന്നുണ്ട്. അതുകൊണ്ടുതന്നെയാണ് 'ഹാനികരം' എന്ന മുന്നറിയിപ്പു വ്യക്തമായി എഴുതിപ്പതിപ്പിച്ചിട്ടുണ്ടെങ്കിലും മദ്യവും ഇതരലഹരിവസ്തുക്കളും അവര്‍ മടികൂടാതെ വാങ്ങുന്നതും വിഴുങ്ങുന്നതും. ആരോഗ്യത്തിനു ഹാനികരമായെതെന്തും അതിനാല്‍ത്തന്നെ അനാരോഗ്യത്തിനു ഹേതുവാണ്. വിഷമാണെന്ന് അറിഞ്ഞിട്ടും  അവയെ വിലയ്ക്കുവാങ്ങാന്‍ അവര്‍ നെട്ടോട്ടമോടുന്നു. ഇതു മരണത്തെ മനഃപൂര്‍വം വിളിച്ചുവരുത്തുന്നതിനു തുല്യമാണ്. ഒരുവശത്തു മൃതിയെ മരുന്നും മന്ത്രവുംകൊണ്ട് കഴിവതും അകറ്റിനിര്‍ത്താന്‍ പാടുപെടുന്ന മനുഷ്യന്‍ മറുവശത്ത് മരണകാരണമായവയെ വലിച്ചുകുടിക്കുന്നു! മദ്യസേവയുടെ വ്യത്യസ്ത ചേരുവകളെ വ്യാപകമായി പ്രചരിപ്പിച്ച് ഈ 'കാലന്റെ കുപ്പിക്കൂട്ടായ്മ' യിലേക്കു കൂടുതല്‍ പേരെ ആകര്‍ഷിക്കുന്ന 'സൈബര്‍കുടി'യില്‍വരെ എത്തിനില്ക്കുന്നു ലോകം! മനുഷ്യനെ മൃഗതുല്യനാക്കുന്ന ഈ മദ്യസംസ്‌കാരത്തിന്റെ മാസ്മരികവേഴ്ചയില്‍നിന്നു മോചനം കിട്ടാത്തിടത്തോളംകാലം മനുഷ്യന്‍ എത്ര സമ്പന്നനും സ്വതന്ത്രനും സമര്‍ത്ഥനുമാണെങ്കിലും അപരിഷ്‌കാരത്തിന്റെ അടിമത്തത്തില്‍ത്തന്നെയായിരിക്കും.
മദ്യത്തില്‍നിന്നു മാറിനില്ക്കാന്‍ മനുഷ്യന്‍ തീരുമാനിക്കുക. അല്ലെങ്കില്‍, അത് അവരെ പാമ്പിനെപ്പോലെ കടിക്കുകയും അണലിയെപ്പോലെ കൊത്തുകയും ചെയ്യും (സുഭാ. 23:32). ദുരിതങ്ങെളയും ദുഃഖങ്ങളെയും ആകുലതകളെയുംകുറിച്ച് മദ്യം നല്കുന്ന നൈമിഷികമായ 'മറവി' മാറാത്ത 'മുറിവ്' അവരില്‍ അവശേഷിപ്പിക്കും. മദ്യത്തിന്റെ മണം മരണത്തിന്റെ മണംതന്നെയാണ്. കുപ്പിക്കുവേണ്ടിയുള്ള ക്യൂ കുഴിയിലേക്കുള്ള ക്യൂ ആണെന്നു മനസ്സിലാക്കുന്നതു നന്ന്. മദ്യപാനത്തെ ഒരിക്കലും ഒരു മാന്യപാനമായി കാണരുത്. 'മദ്യം', 'മയക്കുമരുന്ന്' എന്ന പേരുകള്‍കൊണ്ട് കുപ്പിയില്‍ കൊള്ളിച്ച കുറച്ചു ദ്രാവകമോ, കടലാസില്‍ പൊതിഞ്ഞ പൊടികളോ മാത്രമല്ല അര്‍ത്ഥമാക്കുന്നത്. പിന്നെയോ, മനുഷ്യന്റെ ദേഹീദേഹങ്ങള്‍ക്കും, മസ്തിഷ്‌കമാനസങ്ങള്‍ക്കും ഒരുപോലെ ദോഷകരമായ ഏതൊരു പദാര്‍ത്ഥവുമാണ്. നാശത്തിലേക്കു നയിക്കുന്നവയെ, എത്ര നിസ്സാരമായതാണെങ്കിലും, ചീഞ്ഞേടംവച്ചു മുറിച്ചുമാറ്റിയേ മതിയാവൂ.
ഒരു പ്രസ്ഥാനത്തിന്റെ തലപ്പത്തേക്കു തിരഞ്ഞെടുക്കപ്പെട്ട വ്യക്തിയോട് 'ഈ വലിയ ഉത്തരവാദിത്വത്തില്‍ താങ്കളുടെ ഏറ്റവും വലിയ വെല്ലുവിളി എന്തായിരിക്കും' എന്നു ചോദിച്ചപ്പോള്‍ 'ഈ പ്രസ്ഥാനത്തെ എന്നില്‍നിന്നു സംരക്ഷിക്കുക'  എന്നുള്ള അദ്ദേഹത്തിന്റെ മറുപടി ഏറ്റവും ശ്രദ്ധേയമാണ്. ഒരു നാടിന്റെ ഭരണക്കസേരയില്‍ ഇരിക്കുന്നവര്‍ക്ക് അവരുടെ അവിവേകവും അടിസ്ഥാനരഹിതവും ആപത്കരവുമായ തോന്നലുകളില്‍നിന്നും തീരുമാനങ്ങളില്‍നിന്നും ആ നാട്ടിലെ ജനസമൂഹത്തെ സംരക്ഷിക്കാനുള്ള ബാധ്യതയാണ് ആത്യന്തികമായുണ്ടാകേണ്ടത്. വികസനത്തിന്റെ ഏതു മേഖലയിലും പൊതുനന്മ (കോമണ്‍ ഗുഡ്) മാത്രമായിരിക്കണം ലക്ഷ്യം. അതിനു ഹാനികരവും വിഘാതവുമായ എല്ലാ നിക്ഷിപ്തതാപര്യങ്ങളെയും പദ്ധതികളെയും നിര്‍വീര്യമാക്കാനുള്ള ഇച്ഛാശക്തി അധികാരികള്‍ സ്വായത്തമാക്കണം. 'വികസന'ക്കഞ്ഞിയില്‍ ഒഴിച്ചുകുടിക്കാന്‍ പൊതുജനക്കണ്ണീരുതന്നെ വേണോ?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)