കേരളത്തിന്റെ വിദ്യാഭ്യാസരംഗത്തു ശ്രദ്ധേയമായ സംഭാവനകള്‍ നല്കിക്കൊണ്ടിരിക്കുന്ന രാമപുരം മാര്‍ ആഗസ്തീനോസ് കോളജ് രജതജൂബിലിനിറവിലെത്തിയിരിക്കുന്നു.
1450 ല്‍ സ്ഥാപിതമായ രാമപുരം സെന്റ് അഗസ്റ്റിന്‍സ് ഫൊറോനപ്പള്ളിയുടെ മാനേജുമെന്റില്‍ മഹാത്മാഗാന്ധി യൂണിവേഴ്‌സിറ്റിയോട് അഫിലിയേറ്റു ചെയ്ത മാര്‍ ആഗസ്തീനോസ് കോളജ് 1995 ലാണ് സ്ഥാപിതമായത്. കേവലം നാലു കോഴുസുകളിലായി (BBA, BCA, BCom & BSc Electronics) ഏകദേശം 130 കുട്ടികളുമായി ആരംഭിച്ച ഈ കലാശാലയില്‍ ഇന്ന് 1700 ഓളം കുട്ടികള്‍ 14 കോഴ്‌സുകളിലായി അധ്യയനം നടത്തിവരുന്നു.
1994 സെപ്റ്റംബറില്‍ അന്നത്തെ വികാരിയായിരുന്ന റവ. ഫാ. അഗസ്റ്റിന്‍ പെരുമറ്റത്തിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന പൊതുയോഗമാണ് രാമപുരത്ത് ഒരു കോളജ് സ്ഥാപിക്കണമെന്ന തീരുമാനമെടുത്തത്. അതിനായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി വികാരിയച്ചന്റെ നേതൃത്വത്തില്‍ ടി.ജെ. ജോസഫ് മുണ്ടയ്ക്കല്‍, പി.ജെ. ജോണ്‍ പുതിയിടത്തുചാലില്‍, ഷാജി അഗസ്റ്റിന്‍ ആറ്റുപുറത്ത്, വി.സി. സെബാസ്റ്റ്യന്‍ വാലുമ്മേല്‍, കെ.എ. തോമസ് കോലത്ത്, എം.എ. എബ്രാഹം മേലേവീട്ടില്‍ എന്നിവരടങ്ങിയ കമ്മിറ്റിയെയും തിരഞ്ഞെടുത്തു.
Lighted to Enlighten എന്ന കോളജിന്റെ മോട്ടോ നിര്‍ദ്ദേശിച്ചത് വൈസ്‌പോസ്റ്റുലേറ്ററായിരുന്ന റവ. ഡോ. ജേക്കബ് വെള്ളരിങ്ങാട്ടാണ്. 1995 ജൂലൈ 31 നു രാമപുരം ആഗസ്തീനോസ് കോളജില്‍ ആദ്യമായി റെഗുലര്‍ ക്ലാസ്സുകള്‍ ആരംഭിച്ചു. ആദ്യപ്രിന്‍സിപ്പലായി ഡോ. പി.ജെ. സെബാസ്റ്റ്യന്‍ പാമ്പയ്ക്കല്‍ ചുമതലയേല്ക്കുകയും ചെയതു. കോളജിന്റെ ഔപചാരികമായ ഉദ്ഘാടനം 1995 നവംബര്‍ 4 നു ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിന്റെ അധ്യക്ഷതയില്‍ചേര്‍ന്ന യോഗത്തില്‍ റവന്യൂവകുപ്പുമന്ത്രിയായിരുന്ന കെ.എം. മാണിയും നിര്‍ദ്ദിഷ്ട കോളജ് കെട്ടിടത്തിന്റെ ശിലാസ്ഥാപനം മേഘാലയ ഗവര്‍ണര്‍ എം.എം. ജേക്കബും നിര്‍ധനരായ വിദ്യാര്‍ത്ഥികള്‍ക്കായുള്ള സ്‌കോളര്‍ഷിപ്പ് ഉദ്ഘാടനം പി.സി. തോമസ് എം.പി.യും നിര്‍വ്വഹിച്ചു.
1996 ഫെബ്രുവരിയില്‍ റവ. ഫാ. സിറിയക് കുന്നേല്‍ വികാരിയും മാനേജരുമായി ചാര്‍ജെടുത്തു. ആദ്യത്തെ പ്രിന്‍സിപ്പല്‍ 1998 ല്‍ വിരമിച്ചതിനുശേഷം ചാര്‍ജെടുത്ത പ്രഫ. മാത്യു ടി. മാതേക്കല്‍ 2001 വരെ സേവനമനുഷ്ഠിച്ചു. പിന്നീടു മാനേജരായിരുന്ന റവ. ഫാ. മാത്യു നരിവേലിയും കോളജിന്റെ പ്രവര്‍ത്തനങ്ങളില്‍ ഏറെ ശ്രദ്ധാലുവായിരുന്നു.
കോളജ് വളര്‍ച്ചയുടെ അടുത്ത ഘട്ടമെത്തി. ഇതിന്റെ ഔദ്യോഗികോദ്ഘാടനം 2003 ജനുവരി 3 ന് അന്നു മുഖ്യമന്ത്രിയായിരുന്ന എ.കെ. ആന്റണിയാണ് നിര്‍വ്വഹിച്ചത്. അന്നത്തെ മേഘാലയ ഗവര്‍ണര്‍ ഡോ. എം.എം. ജേക്കബ്, മന്ത്രിമാരായ നാലകത്തു സൂപ്പി, കെ.എം. മാണി എന്നിവര്‍ വിശിഷ്ടാതിഥികളായിരുന്നു. പാലാ രൂപതയുടെ അന്നത്തെ അദ്ധ്യക്ഷന്‍ മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു.
2009 മുതല്‍ 2019 വരെ മാനേജരായിരുന്ന റവ. ഡോ. ജോര്‍ജ് ഞാറക്കുന്നേലിന്റെ നേതൃത്വത്തില്‍ കോളജിന്റെ യശസ്സും അഭിമാനവും നാള്‍ക്കുനാള്‍ ഉയരുകയായിരുന്നു. റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേലാണ് ഇപ്പോഴത്തെ മാനേജര്‍. ഡോ. ജോസഫ് വി.ജെ. 2001 മുതല്‍ കഴിഞ്ഞ പത്തൊമ്പതു വര്‍ഷം കോളജിന്റെ പ്രിന്‍സിപ്പലായി സേവനമനുഷ്ഠിക്കുകയുണ്ടായി. തുടര്‍ന്ന് ഡോ. ജോയി ജേക്കബ് പ്രിന്‍സിപ്പലായി ചാര്‍ജെടുത്തു. ഫാ.ജോസഫ് ആലഞ്ചേരിയാണ് 2010 മുതല്‍ വൈസ് പ്രിന്‍സിപ്പല്‍.
അക്കാദമിതലത്തിലും മറ്റിതര തലങ്ങളിലും നേട്ടങ്ങളുടെ കൊയ്ത്തുത്സവങ്ങള്‍ ആഘോഷിക്കുന്ന ഈ കോളജിലെ വിദ്യാര്‍ത്ഥികള്‍ പലരും ഇന്നു വിവിധ രംഗങ്ങളില്‍ ഉയര്‍ന്ന ശിരസോടെ നില്‍ക്കുന്നുവെന്നത് ഏറെ അഭിമാനകരമാണ്. ഇതിനോടകം വിവിധ വിഷയങ്ങളിലായി 80 യൂണിവേഴ്‌സിറ്റി റാങ്കുകള്‍ ഈ കലാലയം കരസ്ഥമാക്കിക്കഴിഞ്ഞു. മാനേജരുടെയും പ്രിന്‍സിപ്പലിന്റെയും നേതൃത്വത്തില്‍ ഒരുമയോടെ സേവനമനുഷ്ഠിക്കുന്ന അധ്യാപകരും ഓഫീസ് സ്റ്റാഫും പി.റ്റി.എ യും കോളജിന്റെ വിജയത്തിനുപിന്നില്‍ പ്രവര്‍ത്തിക്കുന്ന നിര്‍ണായക ശക്തികളാണ്.
കോളജിന്റെ രക്ഷാധികാരിയും പാലാ രൂപതാദ്ധ്യക്ഷനുമായ മാര്‍ ജോസഫ് കല്ലറങ്ങാട്ടുപിതാവും മാര്‍ ജേക്കബ് മുരിക്കന്‍പിതാവും കോളജിന്റെ ദൈനംദിന പുരോഗതിയില്‍ എപ്പോഴും ശ്രദ്ധാലുക്കളാണ്.
BBA, BCA, BSc Electronics, BSc Biotechnology, BCom Cooperation, BCom F& T, BA Communicative English, MSc Computer Science, MSc Electronics, MSc Biotechnology, MSW, MHRM, MCom & MA English എന്നിവയാണ് കോളജിലെ നിലവിലുള്ള കോഴ്‌സുകള്‍.