കൊച്ചി: അസംസ്‌കൃതവസ്തുക്കളുടെ അനിയന്ത്രിതമായ വിലവര്‍ധനയും ദൗര്‍ലഭ്യവും അച്ചടിവ്യവസായത്തിനു പ്രതികൂലമാകുന്നു. കടലാസിന്റെ ലഭ്യതക്കുറവാണ് അച്ചടിമേഖല നേരിടുന്ന പ്രധാന ഭീഷണി. ഇന്ധനവില കൂടിയതും അസംസ്‌കൃതവസ്തുക്കളുടെ വിലവര്‍ധനയും കടലാസിന്റെ വില കൂടാന്‍ കാരണമായെന്ന് പ്രിന്റിങ് പ്രസുകളുടെ കേരളത്തിലെ പ്രധാനസംഘടനയായ 'കേരള മാസ്റ്റര്‍ പ്രിന്റേഴ്‌സ് അസോസിയേഷന്‍' (കെ.എം.പി.എ.) അറിയിച്ചു.
മാപ്‌ലിത്തോ, കോട്ടഡ് കടലാസ്, ക്രാഫ്റ്റ് കടലാസ്, പള്‍പ്പ് ബോര്‍ഡ്, ന്യൂസ് പ്രിന്റ് എന്നിവയ്ക്കാണു തീവില. കോട്ടഡ് കടലാസിന് 2021 മാര്‍ച്ചില്‍ ടണ്ണിന് 55,000-60,000 രൂപ വരെ വിലയുണ്ടായിരുന്നത് 2022 മാര്‍ച്ചില്‍ 1,20,000 രൂപയായി. ക്രാഫ്റ്റ് കടലാസിനും ബോര്‍ഡിനും ഇക്കാലയളവില്‍ 31,000-37,000 രൂപയില്‍നിന്ന് 75,000 രൂപയായും ഉയര്‍ന്നു. ന്യൂസ്പ്രിന്റിന് വില 37,000 രൂപയില്‍നിന്ന് 90,000 രൂപയാണ് ഉയര്‍ന്നത്.
വില കൂടിയിട്ടും ക്ഷാമം
കടലാസിന്റെ വില ഇരട്ടിയായിട്ടും ആവശ്യത്തിനു ലഭ്യമാകാത്തത് വലിയ തിരിച്ചടിയാണ്. പാഴ്കടലാസുകളുടെ ലഭ്യതക്കുറവും കടലാസ് നിര്‍മാണക്കമ്പനികള്‍ കയറ്റുമതിമേഖലയിലേക്കു ശ്രദ്ധ തിരിച്ചതുമാണ് കടലാസ് ക്ഷാമത്തിനു പ്രധാന കാരണമെന്ന് കെ.എം.പി.എ. സംസ്ഥാന പ്രസിഡന്റ് ഡി. മന്‍മോഹന്‍ ഷേണായ്, ജനറല്‍ സെക്രട്ടറി ആര്‍. ഹരിദാസ് എന്നിവര്‍ അഭിപ്രായപ്പെട്ടു.