വിവിധ സംസ്ഥാനങ്ങളില്‍ ഗവര്‍ണര്‍, മന്ത്രി, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ, അന്തരിച്ച കെ. ശങ്കരനാരായണനെക്കുറിച്ച്
എല്ലാ അര്‍ത്ഥത്തിലും വ്യത്യസ്തനായ ഒരു നേതാവായിരുന്നു കാലയവനികയ്ക്കു പിന്നിലേക്കു കടന്നുപോയ മുന്‍ ഗവര്‍ണര്‍ കെ. ശങ്കരനാരായണന്‍. അവിഭക്തകോണ്‍ഗ്രസില്‍ രാഷ്ടീയപ്രവര്‍ത്തനം തുടങ്ങിയവരായിരുന്നു ഞങ്ങളെല്ലാം. ചായ്‌വ് അന്നും മൊറാര്‍ജി ദേശായിയോടും. 1969 ലെ പാര്‍ട്ടി പിളര്‍പ്പോടെ ഞങ്ങളെല്ലാം മൊറാര്‍ജിയും നിജലിംഗപ്പയും കാമരാജനാടാരും നേതൃനിരയിലുണ്ടായിരുന്ന സംഘടനാ കോണ്‍ഗ്രസ് വിഭാഗത്തിലായി. ശങ്കരനാരായണന്‍ സാര്‍ അന്നു പാലക്കാട് ഡി.സി.സി. പ്രസിഡന്റാണ്. ഞാന്‍ പാര്‍ട്ടിയില്‍ വളരെ ജുണിയര്‍, പാലാ മുനിസിപ്പല്‍ ടൗണ്‍ മണ്ഡലം കമ്മിറ്റിയുടെ പ്രസിഡന്റ് മാത്രം. കെ. ശങ്കരനാരായണന്‍സാര്‍ അറിയപ്പെടുന്ന രാഷ്ട്രീയപ്രഭാഷകനാണന്നും. മറുവിഭാഗത്തില്‍ പാര്‍ട്ടിത്തലപ്പത്തു സാക്ഷാല്‍ ഇന്ദിരാഗാന്ധി. അവര്‍തന്നെയാണ് അന്നു പ്രധാനമന്ത്രിയും. പിന്നെ ജഗജീവന്റാമും സി. സുബ്രഹ്‌മണ്യവും വൈ.ബി. ചവാനും.
പാര്‍ട്ടി പിളര്‍പ്പോടെ കേരളത്തിലും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് രണ്ടു ചേരികളായി പിരിഞ്ഞു. ഇന്ദിരാപക്ഷത്തു ബുദ്ധിരാക്ഷസനെന്നറിയപ്പെട്ടിരുന്ന പനമ്പള്ളി ഗോവിന്ദമേനോന്‍, സി എം. സ്റ്റീഫന്‍, കെ.കെ. വിശ്വനാഥന്‍, കെ.എം. ചാണ്ടി, ഏ.കെ.ആന്റണി തുടങ്ങിയവര്‍. മൊറാര്‍ജി പക്ഷത്തു കെ.പി. മാധവന്‍ നായര്‍, കെ.സി. ഏബ്രഹാം, ടി.ഒ. ബാവ, മൊയ്തു മൗലവി, പി.സി. ചെറിയാന്‍, കെ.സി.എം. മേത്തര്‍, കെ. ശങ്കരനാരായണന്‍ മുതലായവര്‍. അതൊരു കാലമായിരുന്നുവെന്നുതന്നെ പറയണം.
സംഘടനാകോണ്‍ഗ്രസില്‍ അന്ന് ഏറ്റവും താരപരിവേഷമുണ്ടായിരുന്ന നേതാവും ശങ്കരനാരായണന്‍തന്നെ.
ടി.ഒ. ബാവ പി.സി.സി. പ്രസിഡന്റ് പദവി ഒഴിഞ്ഞപ്പോള്‍ സംഘടനാ കോണ്‍ഗ്രസ് അധ്യക്ഷനായത് ശങ്കരനാരായണന്‍ സാറായിരുന്നു. പാലായില്‍ എനിക്കു നേതാക്കളും ഗുരുക്കന്മാരുമായിരുന്ന ജോര്‍ജ് തോമസ് കൊട്ടുകാപ്പള്ളി, പ്രൊഫ. കെ.എം. ചാണ്ടി, ചെറിയാന്‍ കാപ്പന്‍ തുടങ്ങിയവരെല്ലാം ഇന്ദിരാപക്ഷത്തു വന്‍തോക്കുകളും. പാര്‍ട്ടി പിളര്‍ന്നതോടെ ഇരുവിഭാഗത്തിലും കോട്ടയം ജില്ലയില്‍നിന്ന് ഓരോ എ.ഐ.സി.സി. മെമ്പര്‍ സ്ഥാനങ്ങള്‍ ഒഴിവായപ്പോള്‍ ഇന്ദിരാപക്ഷത്തുനിന്ന് ശ്രീ ഉമ്മന്‍ ചാണ്ടിക്കും മൊറാര്‍ജിപക്ഷത്തുനിന്ന് എനിക്കുമാണ് നറുക്കു വീണത്. ഏറ്റവും പ്രായം കുറഞ്ഞ അംഗങ്ങള്‍ എന്ന പദവിയും ബഹുമതിയും അവരവരുടെ വിഭാഗങ്ങളില്‍ ഞങ്ങള്‍ക്കായി.
ശങ്കരനാരായണന്‍സാറിന് പവന്‍നിറമായിരുന്നു. നല്ല നേര്‍ത്ത ഖദറിന്റെ അല്പം വിലക്കൂടുതലുള്ള ജുബയും ഡബിള്‍ മുണ്ടുമായിരുന്നു നേതാവിന്റെ വസ്ത്രധാരണരീതി. കൂടെ ബാറ്റയുടെ കറുത്തു തിളങ്ങുന്ന ക്വാളിറ്റി ഹാഫ്ഷൂ.
എത്ര പണമില്ലെങ്കിലും മുന്തിയഹോട്ടലുകളില്‍ മാത്രമായിരുന്നു താമസവും ഭക്ഷണവുമെന്നതും അന്ന് അണികള്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നുവെന്നത് ശങ്കരനാരായണനെ ബാധിച്ചിരുന്നതേയില്ല. മുന്തിയ കാറുകളോടുതന്നെയായിരുന്നു നേതാവിനു കമ്പം. ഇതിനെല്ലാം എന്നും - പദവികളിലിരുന്നപ്പോഴും പദവികളില്ലാതിരുന്നപ്പോഴും - അദ്ദേഹത്തിനു നക്ഷത്രഭാഗ്യവുമുണ്ടായി.
ജാതകവശാല്‍ തനിക്കു രാജയോഗമുണ്ടെന്ന ഒരു വിശ്വാസം അദ്ദേഹത്തിലും രൂഢമൂലമായിരുന്നുവെന്ന് എനിക്കു തോന്നിയിട്ടുണ്ട്. ഗവര്‍ണറാകാനെന്നതിനെക്കാള്‍ മുഖ്യമന്ത്രിയാകാനായിരുന്നു ശങ്കരനാരായണന്‍ജിക്കു താത്പര്യം. സത്യത്തില്‍ അദ്ദേഹം ഒന്നാം തരം ഒരു ചീഫ് മിനിസ്റ്റര്‍ മെറ്റീരിയല്‍ ആയിരുന്നുവെന്നതില്‍ ശ്രീ ശങ്കരനാരായണനെ അറിയാവുന്നവര്‍ക്കൊന്നും രണ്ടു പക്ഷമുണ്ടാവുകയില്ലതാനും.