•  25 Dec 2025
  •  ദീപം 58
  •  നാളം 42
കവര്‍‌സ്റ്റോറി

ഇന്ത്യ - യു.കെ. സ്വതന്ത്രവ്യാപാരക്കരാര്‍: കര്‍ഷകരുടെ കണ്ണീരിന് അവസാനമുണ്ടാകുമോ?

ക്ടോബറോടെ തങ്ങളുടെ സ്വതന്ത്രവ്യാപാരക്കരാര്‍ (എഫ്ടിഎ) പൂര്‍ത്തീകരിക്കുമെന്ന് ഇന്ത്യയും യുകെയും ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ചു.
ദശാബ്ദത്തിന്റെ അവസാനത്തോടെ ഇരുരാജ്യങ്ങളുടെയും വ്യാപാരവും നിക്ഷേപവും ഇരട്ടിയാക്കാനും നിത്യോപയോഗ വസ്തുക്കളുടെ വില കുറയ്ക്കാനും യുകെയിലുടനീളമുള്ള വേതനം മൂന്നു ബില്യണ്‍ പൗണ്ട് വര്‍ദ്ധിപ്പിക്കാനും കഴിയുമെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പറഞ്ഞു.
ചരക്കുകളിലെ ഉഭയകക്ഷിവ്യാപാരം 2020-21 ലെ 13.11 ബില്യണ്‍ ഡോളറായിരുന്നത് 2021-22 ല്‍ 16 ബില്യണ്‍ ഡോളറായി ഉയര്‍ന്നു. മാര്‍ച്ചില്‍ ഇന്ത്യയും യുകെയും വ്യാപാര ഉടമ്പടിയുടെ രണ്ടാം റൗണ്ട് ചര്‍ച്ചകള്‍ അവസാനിപ്പിച്ചു. മൂന്നാം റൗണ്ട് ചര്‍ച്ചകള്‍ മേയ് ആദ്യവാരം ആരംഭിക്കും.
ജനുവരിയില്‍ ചര്‍ച്ചകള്‍ ആരംഭിച്ചതിനുശേഷമുള്ള ആദ്യ രണ്ടു റൗണ്ടുകളില്‍ എഫ്ടിഎയിലെ 26 അധ്യായങ്ങളില്‍ നാലെണ്ണം അന്തിമമാക്കിയതായും ശേഷിക്കുന്ന 22 അധ്യായങ്ങളില്‍ കാര്യമായ പുരോഗതി കൈവരിച്ചതായും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഐസിടി, ഫിനാന്‍ഷ്യല്‍ സര്‍വീസ്, ഫുഡ് ആന്‍ഡ് ബിവറേജ്, ഫാര്‍മസ്യൂട്ടിക്കല്‍സ് എന്നിവയില്‍ യുകെ വിപണിയിലേക്കുള്ള കൂടുതല്‍ പ്രവേശനം വഴി ഇന്ത്യന്‍ ബിസിനസുകള്‍ക്കു കാര്യമായ നേട്ടമുണ്ടാകുമെന്ന് PHDCCI  പ്രസിഡന്റ് പ്രദീപ് മുള്‍ട്ടാനി പറഞ്ഞു.ഈ എഫ്ടിഎ ഇന്ത്യയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്, കാരണം, ഇത് തുണിത്തരങ്ങള്‍, തുകലുത്പന്നങ്ങള്‍, പാദരക്ഷകള്‍ തുടങ്ങിയ മേഖലകളുടെ കയറ്റുമതി വര്‍ദ്ധിപ്പിക്കും. ഇത് ഫാക്ടറി ഉത്പാദനത്തിന്റെയും ചരക്കുകളുടെയും സേവനങ്ങളുടെയും അളവു വര്‍ദ്ധിപ്പിക്കുന്നതിലൂടെഇന്ത്യയിലെ തൊഴിലവസരങ്ങള്‍ ഉയര്‍ത്തുമെന്ന് അദ്ദേഹം പറഞ്ഞു.
വൈദഗ്ധ്യമുള്ള തൊഴിലാളികളുടെ നീക്കവും ഡാറ്റ പര്യാപ്തനിലയും ഇന്ത്യ ആഗ്രഹിക്കുന്നു, യു.കെ, അതേസമയം വിസ്‌കി, സ്‌കോച്ച്, ഇറക്കുമതി ചെയ്ത ഓട്ടോമൊബൈലുകള്‍, ആപ്പിള്‍, പിയര്‍, ക്വിന്‍സ്, ആട്ടിന്‍മാംസം എന്നിവയ്ക്കു ഡ്യൂട്ടി ഇളവുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഫാര്‍മസ്യൂട്ടിക്കല്‍ മേഖലയിലെ നിയന്ത്രണപ്രശ്‌നങ്ങള്‍ പരിഹരിക്കാനും തുണിത്തരങ്ങള്‍, പാദരക്ഷകള്‍, തുകലുത്പന്നങ്ങള്‍, ബസുമതി അരി എന്നിവയ്ക്ക് ഇളവുകള്‍ നല്‍കാനും ഇന്ത്യ ആഗ്രഹിക്കുന്നു. മെഡിക്കല്‍ ഉപകരണങ്ങളിലേക്കും നിയമ, അക്കൗണ്ടിങ്, സാമ്പത്തികസേവനങ്ങളിലേക്കും കൂടുതല്‍ പ്രവേശനം യുകെ ആഗ്രഹിക്കുന്നു.
ശുദ്ധമായ ഊര്‍ജത്തിന്റെ വില കുറയ്ക്കുന്നതിനും നമ്മുടെ പുനരുപയോഗശേഷി വന്‍തോതില്‍ വര്‍ദ്ധിപ്പിക്കുന്നതിനും പ്രത്യേകിച്ച്, പച്ച ഹൈഡ്രജനും കടലിലെ കാറ്റും, യുകെയും ഇന്ത്യയും ഒരുമിച്ചു പ്രവര്‍ത്തിക്കുന്ന രീതികളെക്കുറിച്ചും അവര്‍ ചര്‍ച്ച ചെയ്തതായി യു.കെ. സര്‍ക്കാര്‍ വക്താവ് പറഞ്ഞു.
ഇറക്കുമതി ചെയ്ത എണ്ണയില്‍നിന്നുള്ള ഇന്ത്യയുടെ ഊര്‍ജപരിവര്‍ത്തനത്തെ പിന്തുണയ്ക്കാനാണ് ചര്‍ച്ചകള്‍ ലക്ഷ്യമിടുതെന്ന് ജോണ്‍സണ്‍ പറഞ്ഞു.
താങ്ങാനാവുന്ന വിലയുള്ള ഗ്രീന്‍ ഹൈഡ്രജന്റെ ലഭ്യത ത്വരിതപ്പെടുത്തുന്നതിന് ഇരുപക്ഷവും ഒരു വെര്‍ച്വല്‍ ഹൈഡ്രജന്‍ സയന്‍സും ഇന്നൊവേഷന്‍ ഹബും ആരംഭിച്ചു. കൂടാതെ,  ഇഛജ26ല്‍ പ്രഖ്യാപിച്ച ഗ്രീന്‍ ഗ്രിഡ്‌സ് ഇനിഷ്യേറ്റീവുമായി സമന്വയിപ്പിച്ചു പ്ലാനുകള്‍ അവതരിപ്പിച്ചു.എഫ്ടിഎയ്ക്കായുള്ള ചര്‍ച്ചകളില്‍ നല്ല പുരോഗതി കൈവരിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി മോദി അഭിപ്രായപ്പെടുകയുണ്ടായി. കഴിഞ്ഞ കുറച്ചു മാസങ്ങളായി, യുഎഇയുമായും ഓസ്ട്രേലിയയുമായും ഇന്ത്യ സ്വതന്ത്രവ്യാപാരക്കരാറില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. അതേ വേഗത്തില്‍, അതേ പ്രതിബദ്ധതയോടെ, യുകെയുമായും എഫ്ടിഎയില്‍ മുന്നോട്ടുപോകാന്‍ ഇന്ത്യ ആഗ്രഹിക്കുന്നതായി മോദി പറഞ്ഞു.
ചാക്കിലായ വാക്ക്
അഞ്ചു വര്‍ഷംകൊണ്ടു കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കും. 2016 ഫെബ്രുവരിയിലായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഈ വലിയ പ്രഖ്യാപനം. കൃത്യം അഞ്ചു വര്‍ഷം പൂര്‍ത്തിയായി. പക്ഷേ, പല സംസ്ഥാനങ്ങളിലും കര്‍ഷകര്‍ക്കുള്ള വരുമാനംപോലും ഇല്ലാതായി. ബിജെപി എംപിയായ പി.സി. ഗഡ്ഡിഗൗഡര്‍ അധ്യക്ഷനായ പാര്‍ലമെന്ററി സമിതി കഴിഞ്ഞ വ്യാഴാഴ്ച ലോക്‌സഭയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജാര്‍ഖണ്ഡ് അടക്കം പല സംസ്ഥാനങ്ങളിലും മൂന്നു വര്‍ഷം കൊണ്ട് കര്‍ഷകരുടെ പ്രതിമാസവരുമാനത്തില്‍ 30 ശതമാനം വരെ ഇടിവുണ്ടായെന്നു പാര്‍ലമെന്ററി സമിതിയുടെതന്നെ കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. 2015-16 നും 2018-19 നും ഇടയില്‍ നാലു സംസ്ഥാനങ്ങളില്‍ കര്‍ഷകരുടെ വരുമാനം കുറഞ്ഞപ്പോള്‍ എന്തുകൊണ്ടാണു കേന്ദ്രം നിശ്ശബ്ദകാഴ്ചക്കാരായി തുടരുന്നതെന്ന് എംപിമാരുടെ സമിതി റിപ്പോര്‍ട്ടില്‍ ചോദിക്കുന്നു. കേന്ദ്രസര്‍ക്കാരിനെ നയിക്കുന്ന ബിജെപിക്കു ഭൂരിപക്ഷമുള്ള പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടേതാണു ചോദ്യം.
ഗുരുതര അനാസ്ഥ
കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള, കൃഷിക്കും കര്‍ഷകരുടെ ക്ഷേമത്തിനുമായുള്ള വകുപ്പിന് അനുവദിച്ച തുകയില്‍ 67,929.10 കോടി രൂപ മൂന്നു വര്‍ഷത്തിനിടെ ചെലവഴിക്കാതെ തിരിച്ചടച്ചതായും സമിതി കണ്ടെത്തി. ഇക്കാര്യത്തില്‍ എംപിമാരുടെ സമിതിയുടെ റിപ്പോര്‍ട്ടില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്താനും മറന്നില്ല! കഷ്ടംതന്നെ.
കര്‍ഷകരുടെ വരുമാനം അഞ്ചു വര്‍ഷംകൊണ്ട് ഇരട്ടിയാക്കാനുള്ള ചുമതല നിറവേറ്റുന്നതില്‍നിന്നു കൃഷിവകുപ്പു വളരെ അകലെയാണെന്നും റിപ്പോര്‍ട്ടിലുണ്ട്. രാജ്യത്ത് കര്‍ഷകവരുമാനം കുറച്ചെങ്കിലും കൂടിയ സംസ്ഥാനങ്ങളില്‍ ആറാം സ്ഥാനത്താണ് കേരളം. മേഘാലയ, പഞ്ചാബ്, ഹരിയാന, അരുണാചല്‍ പ്രദേശ് എന്നിവ മുതല്‍ ജമ്മു കാശ്മീര്‍ വരെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ക്കു കേരളത്തിലെ കര്‍ഷകരെക്കാള്‍ വരുമാനവര്‍ധനയുണ്ട്. ജാര്‍ഖണ്ഡ്, ഒഡീഷ, പശ്ചിമബംഗാള്‍, ബിഹാര്‍ എന്നിവമുതല്‍ യോഗി ആദിത്യനാഥിന്റെ യുപി വരെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരാണു രാജ്യത്ത് ഏറ്റവും കുറവ് വരുമാനമുള്ള കര്‍ഷകര്‍.
വരുമാനത്തില്‍ ഇടിവ്
ജാര്‍ഖണ്ഡും ഒഡീഷയും അടക്കമുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ വരുമാനം മൂന്നു വര്‍ഷംകൊണ്ടു കുറയുകയും ചെയ്തു. ഈ സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ വരുമാനം കൂട്ടാന്‍ കൃഷി ഡിപ്പാര്‍ട്ട്‌മെന്റ് എന്തു നടപടികളാണു സ്വീകരിച്ചതെന്ന പാര്‍ലമെന്ററി സമിതിയുടെ ചോദ്യത്തിനു കൃഷിവകുപ്പു നല്‍കിയ ഉത്തരം വെറും തമാശയല്ല. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട സംസ്ഥാനസര്‍ക്കാരുകളില്‍നിന്നു വിവരങ്ങള്‍ തേടേണ്ടതുണ്ട് എന്നായിരുന്നു മറുപടി.
നാഷണല്‍ സ്റ്റാറ്റിസ്റ്റിക്കല്‍ ഓര്‍ഗനൈസേഷന്റെ സര്‍വേയനുസരിച്ചാണു കര്‍ഷകരുടെ പ്രതിമാസവരുമാനം വിലയിരുത്തിയത്. രാജ്യത്താകെ മൂന്നു വര്‍ഷം കൊണ്ടു കര്‍ഷകര്‍ക്ക് 27 ശതമാനം വര്‍ധനയുണ്ടായെന്നാണ് അവകാശവാദം. പഞ്ചാബ്, ഹരിയാന ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലെ കര്‍ഷകരുടെ വരുമാനത്തിലുണ്ടായ വളര്‍ച്ചയാണു ശരാശരി കണക്കാക്കി പൊതുവത്കരിച്ചത്.
ഇന്ത്യയിലെ ഒരു കര്‍ഷകകുടുംബത്തിന്റെ ദേശീയ ശരാശരി പ്രതിമാസവരുമാനം 8,059 രൂപയില്‍നിന്നു മൂന്നു വര്‍ഷം കൊണ്ട് 2018-19 ല്‍ 10,218 രൂപ ആയിട്ടേയുള്ളൂ. അഞ്ചും എട്ടും മക്കളുള്ള ഒരു കര്‍ഷകകുടുംബത്തിന്റെ പ്രതിമാസ വരുമാനമാണിത്. അഞ്ചംഗകുടുംബത്തില്‍പോലും ഒരംഗത്തിനു മാസം 2,000 രൂപ. ദിവസം വെറും 66 രൂപ! ഭക്ഷണത്തിനുപോലും ഈ തുക മതിയാകില്ല. വസ്ത്രം, യാത്ര, ചികിത്സ, വിദ്യാഭ്യാസം എന്നിവമുതല്‍ ഭവനനിര്‍മാണംവരെയുള്ള ആവശ്യങ്ങള്‍ക്കു പണമില്ല.
അതേ കാലയളവില്‍ ജാര്‍ഖണ്ഡിലെ ഒരു കര്‍ഷകകുടുംബത്തിന്റെ ശരാശരി വരുമാനം 7,068 ല്‍നിന്ന് 4,895 രൂപ ആയി കുറഞ്ഞു. മധ്യപ്രദേശില്‍ ഇത് 9,740 രൂപയില്‍നിന്ന് 8,339 രൂപയായും നാഗാലാന്‍ഡില്‍ 11,428 രൂപയില്‍നിന്ന് 9,877 രൂപയായും ഒഡീഷയില്‍ 5,274 രൂപയില്‍ നിന്ന് 5,112 രൂപയായും കുറഞ്ഞു. മൂന്നു വര്‍ഷം മുമ്പുണ്ടായിരുന്ന പിച്ചത്തുകപോലും ഇല്ലാതാക്കിയിട്ടും ആര്‍ക്കും ഉത്തരവാദിത്വമോ, പരിഹാരങ്ങളോ ഇല്ല.
കുത്തകതാത്പര്യം മുഖ്യം
വസ്തുതകള്‍ ഞെട്ടിപ്പിക്കുന്നതാണെങ്കിലും പതിവു ശിപാര്‍ശകളില്‍ അവസാനിപ്പിച്ചാണു റിപ്പോര്‍ട്ട് പാര്‍ലമെന്റില്‍ സമര്‍പ്പിച്ചത്. കാര്‍ഷികമേഖലയിലെ പ്രതിസന്ധിക്കുള്ള കാരണങ്ങള്‍ കണ്ടെത്താന്‍ ഒരു പ്രത്യേക സമിതിയെ നിയോഗിക്കാന്‍ കേന്ദ്ര കൃഷിമന്ത്രാലയത്തോടു പാര്‍ലമെന്ററി സ്റ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടു. എത്രയും വേഗം തിരുത്തല്‍നടപടികള്‍ക്കും സമിതി സര്‍ക്കാരിനോടു നിര്‍ദേശിച്ചിട്ടുണ്ട്. ഇത്തരം എത്രയോ ശിപാര്‍ശകളും വാഗ്ദാനങ്ങളും രാജ്യം കണ്ടതാണ്.
മറ്റെല്ലാ മേഖലകളിലും ഓരോ കുടുംബത്തിന്റെയും വ്യക്തികളുടെയും കമ്പനികളുടെയും വരുമാനം പലമടങ്ങു വര്‍ധിക്കുമ്പോള്‍ കര്‍ഷകര്‍ മാത്രം ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാനാകാതെ വലയുന്നു. കുത്തകവ്യവസായികളുടെയും കോര്‍പറേറ്റ് ഭീമന്മാരുടെയും താത്പര്യങ്ങള്‍ക്കനുസരിച്ചു നയരൂപീകരണം നടത്തുന്ന സര്‍ക്കാരുകള്‍ കാലങ്ങളായി കാര്‍ഷികമേഖലയോട് തുടരുന്ന അവഗണനതന്നെ കാരണം.
തിരഞ്ഞെടുപ്പുകളില്‍ വോട്ടുകിട്ടാനായി അടുത്തിടെ നരേന്ദ്ര മോദി സര്‍ക്കാര്‍ റദ്ദാക്കാന്‍ നിര്‍ബന്ധിതമായ മൂന്നു കാര്‍ഷിക നിയമങ്ങളുടെ പിന്നിലും വന്‍കുത്തകകളുടെ താത്പര്യങ്ങളാണെതില്‍ സംശയമില്ല.
അവഗണിക്കപ്പെട്ട മേഖല
2018 ല്‍ പോലും രാജ്യത്തിന്റെ മൊത്തം തൊഴില്‍ശക്തിയുടെ നേര്‍പകുതി കാര്‍ഷികമേഖലയിലാണെന്നു പഠനങ്ങള്‍ തെളിയിക്കുന്നു. മൊത്ത ആഭ്യന്തരോത്പാദനത്തിന്റെ 18 ശതമാനത്തോളം ഇപ്പോഴും കാര്‍ഷികമേഖലയില്‍ നിന്നാണ്. പക്ഷേ, കൃഷിക്കാര്‍ക്കു മാത്രം രക്ഷയില്ല. കാര്‍ഷികോത്പന്നങ്ങളുടെ വിലത്തകര്‍ച്ചമുതല്‍ കേന്ദ്രത്തിന്റെ ഇറക്കുമതി, കോര്‍പ്പറേറ്റ് അനുകൂല നയങ്ങളും നിയമങ്ങളും ഇടനിലക്കാരും വ്യവസായികളും അടക്കം തുടരുന്ന ചൂഷണവുമെല്ലാം കര്‍ഷകരുടെ നട്ടെല്ലൊടിക്കുന്നു.
പക്ഷേ, മോദിസര്‍ക്കാരിന്റെ രണ്ടാം ടേമില്‍ കൃഷിവകുപ്പിന്റെ ബജറ്റ് വിഹിതത്തില്‍ തുടരെ കുറവാണ് ഉണ്ടാകുന്നതെന്ന് ബിജെപിക്കാര്‍ ഭൂരിപക്ഷമുള്ള എംപിമാരുടെ സമിതിതന്നെ ചൂണ്ടിക്കാട്ടുന്നു. 2019 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പിലെ 2019-20 ബജറ്റില്‍ മൊത്തം വിഹിതത്തിന്റെ 4.7 ശതമാനം കൃഷിവകുപ്പിനു ലഭിച്ചു. ആ അനുപാതം ഓരോ വര്‍ഷവും കുറഞ്ഞു. 2022-23 ല്‍ കൃഷിവകുപ്പിന്റെ ബജറ്റു വിഹിതം വെറും 3.1 ശതമാനമാണ്.
ബജറ്റു വിഹിതം കുറയ്ക്കുമ്പോഴും കുത്തകകളുടെ ചൂഷണത്തിനു വഴിയൊരുക്കുമ്പോഴും കര്‍ഷകര്‍ക്കുവേണ്ടി വന്‍പ്രഖ്യാപനങ്ങള്‍ നടത്താന്‍ പ്രധാനമന്ത്രിയും മന്ത്രിമാരും മടിക്കുന്നില്ല. റബര്‍ അടക്കമുള്ള നാണ്യവിളകളുടെ പ്രതിസന്ധി പരിഹരിക്കാന്‍ വാഗ്ദാനങ്ങള്‍ പോലുമില്ല! രാജ്യത്തിന്റെ മൊത്തത്തിലുള്ള സമ്പദ്‌വ്യവസ്ഥയില്‍ കൃഷി വഹിക്കുന്ന സുപ്രധാനപങ്കു മനസ്സിലാക്കി, കേന്ദ്രപൂളില്‍നിന്നു കൃഷിവകുപ്പിന്റെ ബജറ്റു വിഹിതത്തില്‍ കുറവുണ്ടായതു ധനമന്ത്രാലയവുമായി ചര്‍ച്ച ചെയ്യണം. സമിതിയുടെ ഈ ശിപാര്‍ശ പരിഹാസ്യമെന്നല്ലാതെ എന്തു പറയാന്‍!
ഔദാര്യമല്ല, അവകാശമാണ്
രാജ്യത്തെ മറ്റെല്ലാ മേഖലകളിലേതും പോലെ കര്‍ഷകര്‍ക്കും വരുമാനം ആനുപാതികമായി കൂട്ടി ലഭിക്കേണ്ടത് ഔദാര്യമല്ല, അവകാശമാണ്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളമടക്കമുള്ള വരുമാനം പതിവായി കൂട്ടിനല്‍കുന്നതുപോലെ കര്‍ഷകര്‍ക്ക് അര്‍ഹമായ വിഹിതം നല്‍കാന്‍ സര്‍ക്കാരുകള്‍ക്കു കടമയും ഉത്തരവാദിത്വവുമുണ്ട്. അവകാശങ്ങള്‍ പിടിച്ചുവാങ്ങാതെ തരില്ലെന്നു പഞ്ചാബിലെ കര്‍ഷകരുടെ സമരം ബോധ്യപ്പെടുത്തി.
അന്നം തരുന്ന കര്‍ഷകനു മാന്യമായി ജീവിക്കാനുള്ള അവകാശം ഉറപ്പാക്കാന്‍ എല്ലാ രാഷ്ട്രീയകക്ഷിനേതാക്കളും ജനപ്രതിനിധികളും കൂട്ടായി ശബ്ദം ഉയര്‍ത്തേണ്ടതുണ്ട്. കരയുന്ന കുഞ്ഞിനേ പാലുള്ളൂ. മുദ്രാവാക്യങ്ങളും വാഗ്ദാനങ്ങളുംകൊണ്ടു കര്‍ഷകരെ സഹായിക്കാനാകില്ല.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)