ജീവന്റെ വിജയവും മഹത്ത്വവും പ്രഘോഷിക്കുന്ന ഈസ്റ്ററിന്റെ തലേദിനങ്ങളില്‍, പ്രതികാരരാഷ്ട്രീയത്തിന്റെ അഴിഞ്ഞാട്ടത്തിന്റെ ഫലമായി കേരളത്തിലരങ്ങേറിയ രണ്ട് അരുംകൊലകള്‍ അക്ഷരാര്‍ത്ഥത്തില്‍ ജനമനസ്സുകളെ ഞെട്ടിച്ചു. ഇരുപത്തിനാലു മണിക്കൂറിനിടെ പതിനഞ്ചു കിലോമീറ്റര്‍ മാത്രം അകലത്തിലായി പാലക്കാട്ട് പട്ടാപ്പകല്‍ നടന്ന കൊലപാതകങ്ങള്‍ വിരല്‍ചൂണ്ടുന്നത് വെറുപ്പിന്റെ രാഷ്ട്രീയവൈറസുകള്‍ സംസ്ഥാനത്താകെ പടര്‍ന്നുപിടിക്കുന്നുവെന്ന അനിഷേധ്യമായ വസ്തുതയാണ്. ഈസ്റ്ററും വിഷുവും റംസാന്‍ വ്രതാനുഷ്ഠാനവും വഴി കേരളത്തിലെ നാനാജാതി മതസ്ഥരുടെ മനസ്സില്‍ നന്മയും പുണ്യവും പുലരേണ്ട കാലത്ത്, മനുഷ്യക്കശാപ്പിന്റെ ദുരന്തവാര്‍ത്തകള്‍ക്കു സംസ്ഥാനം സാക്ഷിയാകേണ്ടിവന്നത് അതീവലജ്ജാകരമെന്നേ പറയേണ്ടൂ.
ചോരപ്പകയുടെ രാഷ്ട്രീയച്ചേരിപ്പോരുകളും ആസൂത്രിതകൊലപാതകങ്ങളും കേരളത്തിലെ രാഷ്ട്രീയഭൂപടത്തില്‍ പുതിയൊരു വാര്‍ത്തയല്ലായിരിക്കാം. പക്ഷേ, മനുഷ്യജീവനെ മാനിക്കുന്നവര്‍ക്കും മനുഷ്യനില്‍ ഈശ്വരത്വം കല്പിക്കുന്നവര്‍ക്കും അതു നിസ്സാരവത്കരിക്കാനാവില്ല. മനുഷ്യനെ ആക്രമിക്കുന്നതും കുരുതി കൊടുക്കുന്നതും സാക്ഷരകേരളത്തിന്റെ വിരിമാറില്‍ ഉണങ്ങാത്ത മുറിവായി എക്കാലവും അവശേഷിക്കും. മതഭ്രാന്തും വര്‍ഗീയവൈറസുകളും അതിനു കാരണമോ പ്രേരണയോ ആകുന്നെങ്കില്‍ അതിനെ അടിച്ചമര്‍ത്താനുള്ള ഇച്ഛാശക്തി നാടു ഭരിക്കുന്നവര്‍ക്ക് ഉണ്ടായേ പറ്റൂ.
ആലപ്പുഴയില്‍ പ്രതികാരരാഷ്ട്രീയത്തിന്റെ പേരില്‍ നീചമായ കൊലപാതകങ്ങള്‍ നടന്നിട്ടു നാലു മാസമാകുന്നതേയുള്ളൂ. പന്ത്രണ്ടു മണിക്കൂറിനകമാണ് അവിടെ രണ്ടു കൊലപാതകങ്ങളും അരങ്ങേറിയത്. പാലക്കാട്ട് ആറു മാസം മുമ്പു നടന്ന രാഷ്ട്രീയക്കൊലയുടെ പകരംവീട്ടലാണ് ഈ ദുഃഖവെള്ളിയാഴ്ച അവിടെയുണ്ടായതെന്നു കരുതപ്പെടുന്നു. രണ്ടു വര്‍ഷംമുമ്പുള്ള സംഘട്ടനത്തിന്റെയും പ്രതികാരത്തിന്റെയും തുടര്‍ച്ചയാണു പാലക്കാട്ടെ കൊലകളെന്നാണു പോലീസിന്റെ അനുമാനം. വര്‍ഷങ്ങള്‍ക്കുമുമ്പ് തലശേരി മേഖലകളില്‍ നടന്ന രാഷ്ട്രീയക്കൊലപാതകപരമ്പരകളെ ഓര്‍മിപ്പിക്കുന്ന ദുരന്തങ്ങളാണ് ഇപ്പോഴും ആവര്‍ത്തിക്കുന്നത്.
സംസ്ഥാനത്ത് കൊലപാതകങ്ങളും ഗുണ്ടാക്രമണങ്ങളും തുടര്‍ച്ചയായി ഉണ്ടായിക്കൊണ്ടിരിക്കേ, ക്രമസമാധാനത്തിനും സുരക്ഷയ്ക്കും സര്‍ക്കാര്‍ അടിയന്തരപ്രാധാന്യം കൊടുത്തേ പറ്റൂ. മുഖ്യമന്ത്രിതന്നെ ആഭ്യന്തരവകുപ്പു കൈകാര്യം ചെയ്യുമ്പോള്‍ ചോരരാഷ്ട്രീയം ഏതു സൈദ്ധാന്തികപിന്‍ബലത്തിലായാലും, ഏതു ജാതിരാഷ്ട്രീയവിലപേശലിലായാലും ഇവിടെ സംഭവിക്കാന്‍ പാടില്ലാത്തതാണ്. മനുഷ്യത്വത്തെ ആദരിക്കുന്ന വിദ്യാഭ്യാസദാര്‍ശനികത ഉയര്‍ത്തിപ്പിടിക്കുന്നവരുടെയിടയില്‍ വെറുപ്പിന്റെ രാഷ്ട്രീയം ആളിക്കത്താന്‍ ഉത്തരവാദിത്വപ്പെട്ട ആരും അനുവദിക്കരുത്. സര്‍ക്കാരിനും പോലീസിനും ഇന്റലിജന്‍സ് സംവിധാനത്തിനും നാണക്കേടുണ്ടാക്കുന്ന ഇത്തരം ദുരന്തങ്ങള്‍ ദൈവത്തിന്റെ സ്വന്തം നാടെന്ന് അഭിമാനിക്കുന്ന കേരളക്കരയില്‍ ഇനിയെങ്കിലും സംഭവിക്കാതിരിക്കാന്‍ അതിജാഗ്രതയാണു വേണ്ടത്.
സംസ്ഥാനം ഗുരുതരക്രമസമാധാനത്തകര്‍ച്ചയിലേക്കാണു നീങ്ങുന്നതെന്ന റിപ്പോര്‍ട്ടുകളും നിരീക്ഷണങ്ങളും ഈയിടെ ആവര്‍ത്തിച്ചു കേള്‍ക്കേണ്ടിവരുന്നത് നിര്‍ഭാഗ്യകരമാണ്. പ്രതികാരരാഷ്ട്രീയക്കൊലയ്ക്കു സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടു നല്കിയിട്ടും സമയോചിതമായും ഫലപ്രദമായും ഇടപെടുന്നതില്‍ പോലീസിനു ഗുരുതരവീഴ്ച പറ്റിയെന്നാണു പാലക്കാട്ടെ ദുരന്തം ഓര്‍മിപ്പിക്കുന്നത്. മുമ്പും ഇത്തരം കൊലപാതകങ്ങള്‍ പാലക്കാട്ടും ആലപ്പുഴയിലും ഉണ്ടായപ്പോഴും ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്കെതിരേ നടപടി ഉണ്ടാകാത്തതും സംസ്ഥാനത്ത് അക്രമപരമ്പരകള്‍ ആവര്‍ത്തിക്കാന്‍ ഇടയാക്കിയതായി വിലയിരുത്തപ്പെടുന്നു. മാത്രമല്ല, സംസ്ഥാനപോലീസില്‍ ഉയര്‍ന്ന തസ്തികകളില്‍ രണ്ടു ഡസനോളം ഉദ്യോഗസ്ഥരുണ്ടെങ്കിലും ക്രമസമാധാന മേല്‍നോട്ടച്ചുമതലയില്‍ മൂന്ന് ഉദ്യോഗസ്ഥര്‍ മാത്രമേയുള്ളൂവെന്നും പറയപ്പെടുന്നു.
ചോരക്കളിയിലേക്കു നയിക്കുന്ന പ്രതികാരരാഷ്ട്രീയം കേരളക്കരയില്‍ ഉണ്ടാവാതിരിരിക്കാന്‍ രാഷ്ട്രീയനേതൃത്വങ്ങള്‍ അനുയായികളെ പ്രബുദ്ധരാക്കുകയും സമാധാനത്തിന്റെയും സഹിഷ്ണുതയുടെയും സംയമനത്തിന്റെയും മറ്റും സിദ്ധാന്തങ്ങള്‍ പഠിപ്പിക്കുകയും ചെയ്യേണ്ട കാലമാണിത്. കൊലപാതകികളെയും ഗൂഢാലോചനക്കാരെയും നിയമത്തിന്റെ മുമ്പിലെത്തിക്കാന്‍ ജാതി,മത,സമുദായരാഷ്ട്രീയവും കൊടിയടയാളവും മറന്ന് ഉത്തരവാദിത്വപ്പെട്ടവര്‍ ഒറ്റക്കെട്ടാകണം. ആശയങ്ങളെ അധികാരംകൊണ്ടും ആയുധംകൊണ്ടും തകര്‍ക്കാനാവില്ലെന്നു തിരിച്ചറിവുണ്ടായിട്ടും വിദ്വേഷവും പ്രതികാരവും രാഷ്ട്രീയക്കാര്‍ക്കിടയില്‍ ചോരവീഴ്ത്തുന്നുണ്ടെങ്കില്‍ രാഷ്ട്രീയവിദ്യാഭ്യാസം അവര്‍ക്ക് അനിവാര്യമാണെന്നു ചുരുക്കം. പ്രതികാരരാഷ്ട്രീയത്തിന്റെ പിണിയാളുകളെ പ്രതിക്കൂട്ടിലടയ്ക്കാന്‍ പ്രബുദ്ധരാഷ്ട്രീയനേതൃത്വത്തിന് ഇച്ഛാശക്തിയുണ്ടായാല്‍ കൊലപാതകപരമ്പരകള്‍ക്ക് ഒരു പരിധിവരെയെങ്കിലും അറുതിയുണ്ടാവുമെന്നുറപ്പ്.