സമയക്കുറവോ തിരക്കോ അലസതയോ മൂലം ആഹാരം പാചകം ചെയ്യാതെ പായ്ക്കറ്റിലുള്ള പദാര്‍ത്ഥങ്ങള്‍ മതി എന്ന് മലയാളികള്‍ തീരുമാനിച്ചിട്ട് വര്‍ഷങ്ങളേറെയായി. അവയില്‍ ഭൂരിഭാഗവും ഏതെങ്കിലും കാരണവശാല്‍ മലിനപ്പെട്ടതും മായം കലര്‍ന്നതും മാരകമായ രോഗങ്ങള്‍ക്കു കാരണമാകുന്നതുമാണെന്ന് അറിയാമെങ്കില്‍പ്പോലും പലരും അത് ഗൗനിക്കുന്നില്ല. ചെറിയ കുടില്‍വ്യവസായത്തില്‍ തുടങ്ങി വന്‍കിട ഫാക്ടറികളില്‍ ഉത്പാദിപ്പിച്ചു പായ്ക്കു ചെയ്തിറക്കുന്ന പലതരം ഉല്പന്നങ്ങള്‍കൊണ്ട് നാട്ടിന്‍പുറത്തെ ചെറിയ വ്യാപാരസ്ഥാപനങ്ങള്‍പോലും നിറഞ്ഞിരിക്കുന്നു. ഉപ്പില്‍ മാലിന്യം. ഉപ്പിലിട്ടതില്‍ മായം. പഴത്തിലും പച്ചക്കറിയിലും കൊടിയ വിഷം. പായ്ക്കറ്റിലെ പാലോ പ്ലാസ്റ്റിക് കുപ്പിയിലെ ദാഹശമനിയോ കഴിച്ചിട്ടു വയറുവേദന ഉണ്ടായില്ലെങ്കില്‍ ദൈവാധീനമെന്നേ കരുതേണ്ടൂ. പേരെടുത്ത കമ്പനി പുറത്തിറക്കുന്ന ആട്ട കുഴയ്ക്കാന്‍ ചൂടുവെള്ളമൊഴിക്കുമ്പോള്‍ പാറക്കല്ലുപോലെ കട്ടിയാകുന്നു. വറുത്ത് പായ്ക്കു ചെയ്ത റവ കൊണ്ടുണ്ടാക്കുന്ന ഉപ്പുമാവ് വലിച്ചാല്‍ റബര്‍പോലെ നീളുന്നു. എന്നോ നിര്‍മിച്ചു പൂപ്പലേശാതെയും കേടാകാതെയും മാരകമായ കീടനാശിനി ചേര്‍ത്ത് സ്റ്റോക്ക് ചെയ്തിരിക്കുന്ന ബ്രഡ്, റസ്‌ക്, ബിസ്‌കറ്റ്, ജാം, സോസ്, ശീതളപാനീയങ്ങള്‍ തുടങ്ങിയവ ആവശ്യാനുസരണം പുറത്തെടുത്ത് ഭക്ഷ്യസുരക്ഷാവകുപ്പിന്റെ ലേബലൊട്ടിച്ച് വില്പനയ്ക്ക് എത്തിക്കുന്ന കച്ചവടതന്ത്രം ഇവ ഉപയോഗിക്കുന്നവരുടെ ആരോഗ്യത്തിനു ഭീഷണിയാകുന്നു. കഷണങ്ങളെണ്ണി വിലയിട്ട് വെച്ചിരിക്കുന്ന ചിക്കന്‍ ടോസ്റ്റും നൂഡില്‍സും ജങ്ക്ഫുഡും മതിയെന്നായിരിക്കുന്നു നമ്മുടെ മക്കള്‍ക്ക്. വലിയ വില കൊടുത്തു വാങ്ങി ഉപയോഗിക്കുന്ന മദ്യവും മയക്കുമരുന്നും സകല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം താറുമാറാക്കുന്നു. എത്ര വില കൊടുത്താലും അവയെ പൂര്‍വസ്ഥിതിയില്‍ എത്തിക്കാനാവില്ല. ദീര്‍ഘനാളത്തെ ഗവേഷണങ്ങളും പഠനങ്ങളുംവഴി സ്ഥിരീകരിച്ചിരിക്കുന്ന ശാസ്ത്രീയമായ സത്യങ്ങളാണിവയൊക്കെ.
പലവട്ടം വറുത്തു കോരിയ വില കുറഞ്ഞ എണ്ണയിലാണോ തീന്മേശയിലെത്തുന്ന വിശിഷ്ടവിഭവങ്ങള്‍ വറുത്തെടുക്കുന്നതെന്ന് ആരും അന്വേഷിക്കുന്നില്ലല്ലോ. ശീതളപാനീയങ്ങള്‍ ഗമയിലിരുന്നു വലിച്ചുകുടിക്കാന്‍ ഉപയോഗിക്കുന്ന സ്‌ട്രോയുടെ നിര്‍മാണം ഒരിക്കല്‍ കണ്ടിട്ടുള്ള ആരും പിന്നെ ജീവിതത്തില്‍ ആ സാധനം കൈകാര്യം ചെയ്യാന്‍ ധൈര്യപ്പടുകയില്ല. കേക്കിനും ഐസ്‌ക്രീമിനും പൊറോട്ടയ്ക്കും മറ്റും മാവു കുഴയ്ക്കുന്ന തൊഴിലാളിയുടെ വിയര്‍പ്പ് ഇറ്റിറ്റു വീഴുന്നതും ഈ മാവിലേക്കു തന്നെ. ഇങ്ങനെ വൃത്തികെട്ട സാഹചര്യങ്ങളില്‍ ഉണ്ടാക്കിയെടുക്കുന്ന വിഭവങ്ങളാണ് നമ്മളും നമ്മുടെ മക്കളും ആര്‍ത്തിയോടെ വാരിവലിച്ച് അകത്താക്കുന്നത്.
ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം നിലനിര്‍ത്താന്‍ ബാധ്യതയുള്ള ഒരു വകുപ്പ് നമുക്കുണ്ട്. വാര്‍ത്തകളില്‍ ഇടം പിടിച്ച് കൈയടി നേടാനും പിടിച്ചടുക്കുന്ന സാമ്പിളുകളിള്‍ തിരിമറി നടത്തി വന്‍തുക കൈമടക്കു വാങ്ങാനുമല്ലാതെ ആ വകുപ്പുകൊണ്ട് പൊതുജനങ്ങള്‍ക്ക് എന്തെങ്കിലും പ്രയോജനമുണ്ടാകുന്നതായി കാര്യമായ വിവരങ്ങളൊന്നും പുറത്തു വരുന്നില്ല. പിന്നെ എന്തിന് ഇങ്ങനെയൊരു വെള്ളാന എന്നു ചോദിക്കരുത്. കാരണം ഇങ്ങനെയുള്ള ഒത്തിരി വെള്ളാനകളുടെ നാടാണിത്