കൊച്ചി: സി.എം.ഐ. സഭയുടെ പ്രിയോര്‍ ജനറലായി റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ തിരഞ്ഞെടുക്കപ്പെട്ടു. തൃശൂര്‍ ജറുസലേം ധ്യാനകേന്ദ്രത്തില്‍ കൂടിച്ചേര്‍ന്ന സി.എം.ഐ. സഭയുടെ 38-ാമത് പൊതുസമ്മേളനത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ആറുവര്‍ഷത്തെ സേവനത്തിനുശേഷം റവ. ഡോ. പോള്‍ അച്ചാണ്ടി സി.എം.ഐ. പ്രയോര്‍ ജനറല്‍ സ്ഥാനത്തുനിന്ന് വിരമിച്ചതിനെത്തുര്‍ന്നായിരുന്നു തിരഞ്ഞെടുപ്പ്. മൂല്യാധിഷ്ഠിത വിദ്യാഭ്യാസപ്രവര്‍ത്തനങ്ങളിലൂടെയുള്ള രാജ്യസേവനത്തിന് ഇന്ത്യന്‍ പ്രതിരോധമന്ത്രാലയം ഓണററി കേണല്‍ പദവി സമ്മാനിച്ച ഏക വൈദികന്‍കൂടിയാണ് ഇദ്ദേഹം.
ബംഗളൂരു ക്രൈസ്റ്റ് യൂണിവേഴ്‌സിറ്റിയുടെ പ്രഥമ വൈസ് ചാന്‍സലറായിരുന്ന റവ. ഡോ. തോമസ് ചാത്തംപറമ്പില്‍ കോളജ് പ്രിന്‍സിപ്പലുമായിരുന്നു. സെമിനാരിക്കാരുടെ വിദ്യാഭ്യാസത്തിനായി 1969 ല്‍ ആരംഭിച്ച ക്രൈസ്റ്റ് കോളജിനെ ഭാരതത്തിലെതന്നെ ശ്രദ്ധേയ യൂണിവേഴ്‌സിറ്റികളില്‍ ഒന്നായി ഉയര്‍ത്തിയതിന് പിന്നിലെ പ്രധാനികളില്‍ ഒരാളുമാണ്. ഇദ്ദേഹം പ്രിന്‍സിപ്പലായി സേവനമനുഷ്ഠിച്ച കാലഘട്ടത്തിലാണ് ക്രൈസ്റ്റ് കോളജിനെ ഓട്ടോണമി പദവിയിലേക്കും പിന്നീട് യൂണിവേഴ്‌സിറ്റിയായും ഉയര്‍ത്തിയത്. ചങ്ങനാശേരി അതിരൂപതാംഗമായ ഇദ്ദേഹം തിരുവനന്തപുരം സെന്റ് ജോസഫ് പ്രൊവിന്‍സ് അംഗമാണ്.