തിരിയെന്‍ ചെരാതില്‍ പുകഞ്ഞു തീര്‍ന്നെങ്കിലും,
തിരികെവരാനെനിക്കാശയില്ലൊട്ടുമേ.
തിരുസ്സന്നിധി വെടിഞ്ഞിവിടെയീ തവിടിന്റെ-
തരിതിന്നു കഴിയുവാനാണെനിക്കാഗ്രഹം.
തുരുമ്പു തിന്നീടുമെന്‍ ജീവിതപാത്രവും,
തുരുതുരെ കീറിടും സ്വപ്നത്തുരുത്തിയും,
തരുതരേ തകരുന്ന മനവുമായ് കരിയുമീ-
തരുതടത്തിലേകനായിന്നിരിക്കയായ്.
തരവഴി കാട്ടിയെന്‍ കൂട്ടരോടൊത്തു ഞാന്‍,
തെരുവഴിയേ നടന്നാഭാസനായ് മുദാ.
തരികിടയായ് കഴിഞ്ഞപരാധചെയ്തിതന്‍-
തരിപ്പുബാധിച്ച മെയ്മാനസങ്ങളുമായ്.
തരുണികളൊത്തു സുഖഭോഗസാഗരേ,
തരണിയിലേറിത്തുഴഞ്ഞു നടന്നുന്നുഞാന്‍.
താരനിശകളില്‍ നൃത്തഗാനങ്ങള്‍തന്‍-
തീരാലഹരിയിലാമഗ്നനായഹോ.
ത്വരിതമെന്‍ പാദങ്ങള്‍ സഞ്ചരിച്ചൂ കാമ-
ത്വരപൂണ്ടുനാശമാംകുകുഴിയിലേക്കു സദാ.
തിരിയുകയായിരുന്നൂ ലോകപാണിയില്‍
തിരികപോലിന്നോളമീ പാപിയായ ഞാന്‍.
തരിശായിത്തീര്‍ന്നയെന്നാത്മനിലമിതില്‍
തരിപോലുമില്ലിടം വളമല്പമുള്ളതായ്.
തിരശ്ശീലവീണയെന്‍ ജീവിതകഥയിതില്‍
തോരാതെ പെയ്കയായ് ദുഃഖമേഘങ്ങളും.
താരണിമുല്ലകള്‍ സ്‌നേഹസുഗന്ധമായ്
തോരണം ചാര്‍ത്തുമെന്‍ ഗേഹത്തിലെന്‍ താത-
താരടികള്‍ പൂകിമാപ്പിരന്നീടുവാന്‍
തീരേയെനിക്കില്ലയുള്‍ക്കരുത്തിപ്പൊഴും.
തരളഹൃദയനായ്, ചിന്താവിവശനായ്
തിരിവിലായിളയവന്‍ തറയിലിരിക്കവേ,
തിരയും മിഴികളുമായ് വരും താതന്റെ-
തേരൊലി കേട്ടു തെല്ലകലെയാ പാതയില്‍.