കടുത്തുരുത്തി: കുറുപ്പന്തറ കാഞ്ഞിരത്താനം സ്വദേശിനിയും ബീഹാറിലെ സാമൂഹികപ്രവര്‍ത്തികയുമായ സിസ്റ്റര്‍ സുധാ വര്‍ഗീസിന്റെ സേവനങ്ങളെ പ്രകീര്‍ത്തിച്ച് മൈക്രോസോഫ്റ്റ് സഹസ്ഥാപകന്‍ ബില്‍ഗേറ്റ്‌സ്. തന്റെ ബ്ലോഗിലെ കുറിപ്പിലൂടെയാണ്, ബീഹാറിലെ പിന്നാക്കവിഭാഗം സ്ത്രീകളുടെ ഉന്നമനത്തിനു പ്രവര്‍ത്തിക്കുന്ന സിസ്റ്ററുടെ ജീവിതകഥ ബില്‍ഗേറ്റ്‌സ് വിവരിച്ചിട്ടുള്ളത്.
ബീഹാറിലെ റോഡരികില്‍ പൊളിഞ്ഞുവീഴാറായ കുടിലിന്റെ ചിത്രം, സ്‌കൂള്‍ പഠനകാലത്തു കാണാനിടയായത് സുധയുടെ ജീവിതം മാറ്റിമറിച്ചെന്നു പറഞ്ഞാണ് ബില്‍ഗേറ്റ്‌സ് തന്റെ കുറിപ്പു തുടങ്ങുന്നത്. കുറുപ്പന്തറ ചേന്നംപറമ്പില്‍ വര്‍ഗീസ് - ഏലിക്കുട്ടി ദമ്പതിമാരുടെ മൂത്തമകളായി 1944 സെപ്റ്റംബര്‍ അഞ്ചിനു സിസ്റ്റര്‍ സുധ ജനിച്ചു.
സ്‌കൂള്‍ പഠനത്തിനുശേഷം ബീഹാറിലെ പാട്‌ന നോത്ദ്രാം സഭയില്‍ അംഗമായി. പിന്നീട് സാമൂഹികസേവനം തിരഞ്ഞെടുത്തു. ഏറ്റവും പിന്നാക്കവിഭാഗമായ മുസഹര്‍ വിഭാഗക്കാര്‍ക്കിടയിലായിരുന്നു പ്രവര്‍ത്തനം.
ജന്മികള്‍ സിസ്റ്ററിന് എതിരായി. അവരുടെ പല വെല്ലുവിളികളെയും അതിജീവിച്ചാണ് സിസ്റ്റര്‍ ഇവിടെ പ്രവര്‍ത്തിച്ചത്. ഇതിനിടെ നിയമം പഠിച്ചു. ഗോത്രവര്‍ഗക്കാര്‍ക്കുവേണ്ടി കോടതികളില്‍ ഹാജരായി. നിതീഷ്‌കുമാര്‍ ബീഹാര്‍ മുഖ്യമന്ത്രിയായപ്പോള്‍ ന്യൂനപക്ഷ കമ്മീഷന്റെ സംസ്ഥാന വൈസ് ചെയര്‍മാനായിരുന്നു. താഴ്ന്ന വിഭാഗങ്ങളിലെ കുട്ടികളുടെ വിദ്യാഭ്യാസം, സ്ത്രീകളുടെ ഉന്നമനം എന്നിവ ലക്ഷ്യമാക്കി പ്രേരണസ്‌കൂളും നാരികുഞ്ചന്‍ എന്ന സ്ത്രീസംഘടനയും രൂപവത്കരിച്ചു.
സാമൂഹികസേവനരംഗത്തെ മികവിന് 2006ല്‍ സിസ്റ്ററിന് പദ്മശ്രീ ലഭിച്ചു. കേരളത്തിലെ വിവിധ സംഘടനകളുടെ പുരസ്‌കാരങ്ങളും സിസ്റ്ററെ തേടിയെത്തി.
പട്‌നയിലെ കാഗോള്‍ ഗ്രാമത്തിലാണ് സിസ്റ്റര്‍ സുധ സ്ഥാപിച്ച സംഘടനയും സ്‌കൂളുമുള്ളത്.