ശാന്തന്‍, സൗമ്യന്‍, സാത്വികന്‍ എന്നു ആരെപ്പറ്റിയെങ്കിലും രണ്ടാമതൊന്നാ ലോചിക്കാതെ പറയാന്‍ സാധിക്കുമെങ്കില്‍ അതു മാധവന്‍പിള്ളസാറിനെക്കുറിച്ചായിരുന്നു. മികച്ച അധ്യാപകന്‍, താരതമ്യമില്ലാത്ത പണ്ഡിതന്‍, നലംതികഞ്ഞ പ്രഭാഷകന്‍. വേദവിജ്ഞാനീയങ്ങളില്‍ അദ്ദേഹത്തിന്റെ അപാരമായ ആധികാരിത ആരെയും അത്ഭുതപ്പെടുത്തിയിരുന്നു. കറകളഞ്ഞ ദേശീയവാദി. സ്വന്തം ആത്മാവിനെയും ഹൃദയത്തെയും വിചാരധാരകളെയും ഭാരതീയതയോടു ചേര്‍ത്തുവെച്ച ദേശാഭിമാനിയുമായിരുന്നു അന്തരിച്ച പ്രഫ. പി മാധവന്‍ പിള്ള സാര്‍. എവിടെയും അദ്ദേഹം ഒരു സമാദരണീയസാന്നിധ്യമായിരുന്നു. ഒരിക്കല്‍പ്പോലും അദ്ദേഹം സ്വരമുയര്‍ത്തി സംസാരിക്കുന്നതു കേട്ടിട്ടില്ല. എല്ലാവരെയും ഉള്‍ക്കൊള്ളുന്ന ഒരു വലിയ മനസ്സായിരുന്നു മാധവന്‍പിള്ളസാറിനെന്നത് അദ്ദേഹവുമായുള്ള എന്റെ ദീര്‍ഘകാലസൗഹൃദത്തിന്റെ അടിസ്ഥാനത്തില്‍ പറയാന്‍ കഴിയും. സന്ന്യാസമനസ്സും അനാസക്തിയോഗവുമായിരുന്നു സാറിനെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. ഒരു യഥാര്‍ത്ഥ ആത്മീയനുമായിരുന്നു മാധവന്‍പിള്ള സാറെന്നതാണ് ശരി. കുട്ടികളെപ്പോലെ നിര്‍മലനെന്നും പറയാമായിരുന്നു. സ്‌നേഹനിര്‍ഭരമായ മുഖപ്രസന്നതയായിരുന്നു മാധവന്‍പിള്ളസാറിന്റെ മുഖമുദ്ര. നമ്മുടെയെല്ലാം മനസ്സില്‍പ്പതിഞ്ഞിട്ടുള്ളതും മറ്റൊന്നുമല്ലല്ലോ. വിവര്‍ത്തനസാഹിത്യത്തിലെ മുടിചൂടാമന്നനായിരുന്നു മാധവന്‍പിള്ളസാര്‍. ജ്ഞാനപീഠപുരസ്‌കാരം നേടിയ വി.എന്‍. ഖണ്ഡേക്കറുടെ 'യയാതി' യുടെ വിവര്‍ത്തനമാണ് മാധവന്‍പിള്ളയുടെ മികച്ച വിവര്‍ത്തനം. പിന്നീട് ആശാപൂര്‍ണാദേവിയുടെയും മറ്റും ബംഗാളിരചനകളുടെ വിവര്‍ത്തനവും ശ്രദ്ധേയമായി.
പ്രഥമപ്രതിശ്രുതി, മൃത്യുഞ്ജയം, തമസ്, മയ്യാദാസിന്റെ മാളിക, ശിലാപത്മം, ഉത്തരമാര്‍ഗം, ദ്രൗപദി, നിഴലും വെളിച്ചവും തുടങ്ങിയ വിവര്‍ത്തനങ്ങളെല്ലാം മികച്ച മാതൃകകള്‍ തന്നെയായിരുന്നു. മലയാളത്തില്‍നിന്നു ഹിന്ദിയിലേക്കും അദ്ദേഹം വിവര്‍ത്തനം ചെയ്തു. മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ 'ഭരതവാക്യം' നാടകവും ഒഎന്‍വി, സുഗതകുമാരി, വിഷ്ണുനാരായണന്‍ നമ്പൂതിരി, ഡി. വിനയചന്ദ്രന്‍ തുടങ്ങിയവരുടെ കവിതകളും കാരൂര്‍, ലളിതാംബിക അന്തര്‍ജനം, ടി. പത്മനാഭന്‍, എന്‍.പി. മുഹമ്മദ് തുടങ്ങിയവരുടെ കഥകളും മാധവന്‍പിള്ളസാര്‍ ഹിന്ദിയിലേക്കു മൊഴിമാറ്റം ചെയ്തിട്ടുണ്ട്. ഹിന്ദി - മലയാളം, മലയാളം - ഹിന്ദി, മലയാളം - ഇംഗ്ലീഷ് - ഹിന്ദി തുടങ്ങി ഒട്ടേറെ നിഘണ്ടുകളും തയ്യാറാക്കിയിട്ടുണ്ട്.
കേന്ദ്ര, സംസ്ഥാന സാഹിത്യപുരസ്‌കാരങ്ങള്‍ക്കു പുറമേ ദേശീയ മനുഷ്യാവകാശക്കമ്മീഷന്‍ സാഹിത്യപുരസ്‌കാരം, കേരള സാഹിത്യഅക്കാദമി പുരസ്‌കാരം തുടങ്ങി 22 ലേറെ പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.