നോമ്പുകാലത്തിലൂടെ നാം കടന്നു പോവുകയാണല്ലോ. മൂന്നാം നൂറ്റാണ്ടുമുതലുള്ള ചരിത്രരേഖകളില്‍ നോമ്പുകാലത്തു ചെയ്യുന്ന മൂന്നു പ്രവൃത്തികള്‍ നാം കാണുന്നുണ്ട്. പ്രാര്‍ത്ഥനയും ഉപവാസവും ദാനധര്‍മവും. ദൈവത്തോടും നമ്മോടുതന്നെയും സഹജീവികളോടുമുള്ള ബന്ധങ്ങളെയാണിവ സൂചിപ്പിക്കുന്നത്. ദൈവവുമായുള്ള ബന്ധമാണ് പ്രാര്‍ത്ഥന. ദൈവതിരുമുമ്പില്‍ സാഷ്ടാംഗപ്രണാമം ചെയ്യുന്നത് പ്രാര്‍ത്ഥനയുടെ ശരീരഭാഷയാണ്. ദൈവത്തോട് പരമാവധി അടുക്കാനുള്ള മനുഷ്യന്റെ യത്‌നമാണു പ്രാര്‍ത്ഥനയില്‍ പ്രകടമാകുന്നതും. സ്വന്തം വഴികളിലൂടെ നടക്കുന്നവര്‍ എല്ലാം സ്വന്തം കണ്ണുകളിലൂടെ കാണും. ദൈവത്തോടു ചേര്‍ന്നിരിക്കുന്നവര്‍ എല്ലാം ദൈവം കാണുന്നതുപോലെ കാണും. ഉണരുന്ന മനസ്സിലെ വിരിയുന്ന കവിതയാണു പ്രാര്‍ത്ഥന. ചിതറിക്കിടക്കുന്ന എന്റെ മനസ്സിനെ ഏകാഗ്രതയില്‍ കൊണ്ടുവരുന്നതു പ്രാര്‍ത്ഥനയാണ്. എന്റെ കൊച്ചുലോകത്തില്‍നിന്ന് ദൈവത്തിന്റെ വിശാലമായ ലോകത്തിലേക്കു പ്രാര്‍ത്ഥന എന്നെ നയിക്കുന്നു. പരിപാലിച്ച കരങ്ങളെയും നടത്തിയ വഴികളെയുമെല്ലാം ഒന്നുകൂടി ആത്മശോധനയ്ക്കു വിധേയമാക്കാന്‍ പ്രാര്‍ത്ഥന നമ്മെ പ്രാപ്തരാക്കുന്നു. അദൃശ്യമായ വെളിപാടുകള്‍ പ്രാര്‍ത്ഥനയില്‍ ലഭിക്കുന്നു. വിളിച്ചു പ്രാര്‍ത്ഥിക്കാത്ത മനുഷ്യരുടെ മുമ്പില്‍ ദൈവം ഉറങ്ങുന്നവനെപ്പോലിരിക്കും. പ്രാര്‍ത്ഥന വഴി ദൈവവുമായി ബന്ധപ്പെടുമ്പോള്‍ ആന്തരികമായ സമാധാനം കൈവരുന്നു. എല്ലാം അറിയുന്ന ഒരു ഹൃദയത്തിന്റെ സ്പന്ദനം ഞാന്‍ അനുഭവിക്കാന്‍ തുടങ്ങും. നോമ്പുകാലത്ത് പരമാവധി ദൈവത്തോടു ചേര്‍ന്നിരിക്കാം.
സാത്താനെ അകറ്റിനിറുത്താനുള്ള വഴിയായി ഉപവാസത്തെ ഈശോ കാണിച്ചുതരുന്നു. എന്റെ ജീവിതത്തില്‍ ഞാന്‍ ക്രമീകരിക്കുന്ന ഒരു സംവിധാനമാണ് ഉപവാസം. എന്തെങ്കിലും ഭക്ഷണപദാര്‍ത്ഥങ്ങള്‍ വെടിയുന്നതിലുള്ള പുണ്യമല്ല ഉപവാസം. എന്റെ തീരുമാനത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുമെന്ന പ്രഖ്യാപനമാണത്. എന്റെ ഇന്ദ്രിയങ്ങളുടെമേല്‍ എനിക്കു നിയന്ത്രണമുണ്ടെന്ന് ഉപവാസംവഴി ഞാന്‍ സാക്ഷ്യപ്പെടുത്തുന്നു. ഉപവസിക്കുമ്പോള്‍ പല കാര്യങ്ങള്‍ നമ്മില്‍ സംഭവിക്കുന്നു. എന്റെ ശരീരത്തില്‍ ഞാന്‍ ചെയ്യുന്ന പാപങ്ങള്‍ക്കുള്ള പരിഹാരമാണ് ഉപവാസം. ഉപവാസത്തിലൂടെ എന്റെ ശരീരത്തെ ഞാന്‍ നിയന്ത്രണവിധേയമാക്കിത്തീര്‍ക്കുന്നു. മറ്റുള്ളവരുടെ മാനസാന്തരത്തിനായി ഞാന്‍ ഉപവസിക്കണം. ചിലരുടെ സ്വഭാവദൂഷ്യങ്ങള്‍ മാറാനായി ഉപവാസമെടുത്തു പ്രാര്‍ത്ഥിക്കുന്നവരുണ്ട്. അതുവഴി അദ്ഭുതകരമായ കാര്യങ്ങള്‍ പലതും സംഭവിക്കുന്നു. നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി ക്രിസ്തു സഹിച്ചതുപോലെ അപരന്റെ പാപങ്ങളുടെ പരിഹാരത്തിനായി ഞാന്‍ ഉപവസിക്കുന്നു.
നമ്മുടെ ചുറ്റുപാടുകളില്‍ വിശക്കുന്ന മനുഷ്യര്‍ ധാരാളമുണ്ട്. ഞാന്‍ ഭക്ഷണം വെടിഞ്ഞ് ഉപവസിക്കുമ്പോള്‍ വിശപ്പനുഭവിക്കുന്നവരോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണു ചെയ്യുന്നത്. ചിലപ്പോഴൊക്കെ ഭക്ഷണസാധനങ്ങള്‍ ഞാന്‍ ദുരുപയോഗിച്ചിട്ടുണ്ട്. അനാവശ്യമായി ഭക്ഷണം കഴിച്ചും ബാക്കിവന്നവ വലിച്ചെറിഞ്ഞും ഞാന്‍ ഭക്ഷണസാധനങ്ങളെ അവഹേളിച്ചിട്ടുണ്ട്. അതിനുള്ള പരിഹാരംകൂടിയാണ് ഉപവാസം. ഈശോയുടെ മാതൃക ഉള്‍ക്കൊണ്ട് ഞാന്‍ ഉപവാസമനുഷ്ഠിക്കുമ്പോള്‍ എന്റെ ജീവിതം ചിട്ടയുള്ളതായിത്തീരുന്നു.
ദാനധര്‍മങ്ങള്‍ കൊടുക്കുന്നതാണ് നോമ്പുകാലത്തിന്റെ മറ്റൊരു പ്രത്യേകത. മാംസവര്‍ജനത്തിലൂടെ ആര്‍ജിക്കുന്ന പണം പ്രത്യേകമായി സൂക്ഷിച്ചു വയ്ക്കുന്നു. ഈസ്റ്റര്‍ ആകുമ്പോള്‍ ആ പണം ജീവകാരുണ്യപ്രവൃത്തികള്‍ക്കായി ഉപയോഗിക്കുന്നു. സഹജീവികളുമായുള്ള ബന്ധത്തിന്റെ ഒരു പ്രകടനംകൂടിയാണിതും. ഞാന്‍ കടന്നുപോകും, ദരിദ്രര്‍ നിങ്ങള്‍ക്കൊപ്പമുണ്ടായിരിക്കുമെന്ന കര്‍ത്താവിന്റെ വാക്കുകള്‍ നാം അനുസ്മരിക്കുകയാണ്. മത്താ. 25: 31-46 ല്‍ അന്ത്യവിധിയില്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കുള്ള ഉത്തരവും ഇവിടെയുണ്ട്. വിശന്നവനെ തീറ്റിയപ്പോഴും, ദാഹിക്കുന്നവനെ കുടിപ്പിച്ചപ്പോഴും കര്‍ത്താവിനു തന്നെയാണു ചെയ്തത്. രോഗിയെ സന്ദര്‍ശിക്കുന്നതും നഗ്നനെ ഉടുപ്പിക്കുന്നതും, പരദേശിക്കു പാര്‍പ്പിടം കൊടുക്കുന്നതും കാരാഗൃഹത്തില്‍ സന്ദര്‍ശനം നടത്തുന്നതുമെല്ലാം സഹോദരസ്‌നേഹത്തിന്റെ പ്രകടനങ്ങള്‍ തന്നെ. ലൂക്കാ 10 ല്‍ സമരിയാക്കാരന്‍ സത്രം സൂക്ഷിപ്പുകാരനോടു പറഞ്ഞു: ''എന്തെങ്കിലും കുറവുണ്ടെങ്കില്‍ ഞാന്‍ തിരിച്ചു വരുമ്പോള്‍ തന്നുകൊള്ളാം.'' ഈ ഭൂമിയില്‍ പാവങ്ങള്‍ക്കുവേണ്ടി ചെയ്യുന്നതിനെല്ലാം അവന്റെ രണ്ടാം വരവില്‍ നമുക്കു പ്രതിഫലം ലഭിക്കും. നോമ്പുകാലത്യാഗത്തിന്റെ ഭാഗമായി സാധുക്കളായ മനുഷ്യരെ സംരക്ഷിക്കാം. പ്രാര്‍ത്ഥന, ഉപവാസം, ദാനധര്‍മം എന്നീ മൂന്നു തൂണുകളില്‍ നമ്മുടെ നോമ്പുകാലത്തെ ഉറപ്പിക്കാം.